കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടർന്നു ചോദ്യം ചെയ്യലിന് വിധേയയാകാൻ ലക്ഷദ്വീപിലെത്തിയ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നു കാണിച്ച് പൊലീസിന്റെ നോട്ടിസ്.

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ സംഘടിപ്പിച്ച യോഗങ്ങളിൽ പങ്കെടുത്തതോടെയാണ് 7 ദിവസത്തെ ക്വാറന്റീൻ ചട്ടം ലംഘിച്ചതു ചൂണ്ടിക്കാട്ടി നോട്ടിസ് നൽകിയത്. നിരീക്ഷണ കാലയളവിൽ ക്വാറന്റീനിൽ കഴിഞ്ഞില്ലെങ്കിൽ കേസെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, ആയിഷയോട് ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു. ഇവരെ അറസ്റ്റു ചെയ്യേണ്ടെന്നാണു ലക്ഷദ്വീപ് ഭരണകൂടത്തിനു ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഹൈക്കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ, ഒരാഴ്ചത്തേയ്ക്ക് അറസ്റ്റു ചെയ്തു ജയിലിൽ അയയ്ക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്. അറസ്റ്റു ചെയ്താലും രണ്ടു പേരുടെ ആൾജാമ്യത്തിൽ വിട്ടയ്ക്കണമെന്നും ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണമെന്നുമാണ് നിർദ്ദേശം.