കവരത്തി: അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിനെതിരെയുള്ള പ്രതിഷേധം തുടരുന്നതിനിടെ മത്സ്യബന്ധന ബോട്ടുകളുടെ സുരക്ഷയും നിരീക്ഷണവും വർധിപ്പിക്കുന്നതിന് ഉത്തരവ് പുറത്തിറക്കി ലക്ഷദ്വീപ് ഭരണകൂടം.

ലക്ഷദ്വീപിൽ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരുണ്ടാകണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് ഉത്തരവ്. ഇന്നലെ വൈകിട്ടാണ് ദ്വീപിൽ പുതിയ ഉത്തരവിറക്കിയത്.

വിഷയത്തിൽ അഡ്‌മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറി. മത്സ്യബന്ധന കപ്പലുകൾ നങ്കൂരമിടുന്ന സ്ഥലങ്ങളിൽ ഹെലിപാഡിലും സിസിടിവി വഴിയുമുള്ള നിരീക്ഷണങ്ങൾ ശക്തമാക്കാനാണ് നീക്കങ്ങൾ നടക്കുന്നത്. മത്സ്യബന്ധന ബോട്ടുകളിൽ നിരീക്ഷണം ശക്തമാക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കണം. ബോട്ടുകൾ തീരത്തെത്തുന്നതിന് മുൻപ് തന്നെ ഈ ഉദ്യോഗസ്ഥർ അഡ്‌മിനിസ്ട്രേഷനിൽ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാക്കണമെന്നും വിവാദമായ പുതിയ ഉത്തരവിലുണ്ട്.

പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ദ്വീപ് അഡ്‌മിനിസ്ട്രേറ്റർ തുറമുഖ വ്യോമയാന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കും പോർട്ട് അസിസ്റ്റന്റുമാർക്കും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കും ഇതിനോടകം നിർദ്ദേശം നൽകിക്കഴിഞ്ഞു. കൊച്ചിയിലും സുരക്ഷാസേനകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. 

അതേ സമയം അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ മുഴുവൻ ലക്ഷദ്വീപ് നിവാസികളെയും അണിനിരത്താനുള്ള നീക്കത്തിലാണ് സേവ് ലക്ഷദ്വീപ് ഫോറം. തിങ്കളാഴ്ച നടക്കുന്ന നിരാഹാരസമരത്തിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ പഞ്ചായത്തുകൾ ഉപകമ്മറ്റികൾ രൂപീകരിച്ചിരുന്നു.

നിരാഹാര സമരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്രത്തിൽ നിന്നോ അഡ്‌മിനിസ്‌ട്രേറ്ററിൽ നിന്നോ അനുകൂല നിലപാട് കിട്ടുമെന്ന പ്രതീക്ഷ സേവ് ലക്ഷദ്വീപ് ഫോറം കൈവിട്ടിരുന്നില്ല. എന്നാൽ സമര തീയതിയടുത്തിട്ടും അധികൃതർക്ക് അനക്കമൊന്നുമില്ലാത്ത സാഹചര്യത്തിൽ സമരപരിപാടികൾ തുടരാനാണ് ഫോറത്തിന്റെ തീരുമാനം.