ന്യൂഡൽഹി: ലഖിംപൂർ ഖേരി സംഘർഷവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് റിട്ടയേഡ് ജഡ്ജി രാകേഷ് കുമാർ ജെയിൻ മേൽനോട്ടം വഹിക്കുമെന്ന് സുപ്രീംകോടതി. കേസന്വേഷണത്തിൽ സുതാര്യതയും നീതിയും സമ്പൂർണ്ണ നിഷ്പക്ഷതയും ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയാണ് ജസ്റ്റിസ് രാകേഷ് കുമാർ ജെയിൻ

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെയും സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു. മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തി. എസ് ബി ഷിരോദ്കർ, ദീപീന്ദർ സിങ്, പത്മജ ചൗഹാൻ എന്നിവരെയാണ് പുതുതായി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.

ജസ്റ്റിസ് രാകേഷ് കുമാർ ജെയിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുമെന്നും, പുതിയ സംഘം റിപ്പോർട്ട് സമർപ്പിച്ചശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നേരത്തെ ഉത്തർപ്രദേശ് സർക്കാർ നടത്തുന്ന അന്വേഷണത്തിൽ നേരത്തെ സുപ്രീംകോടതി എതിർപ്പു രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ, അന്വേഷണത്തിലെ മെല്ലെപ്പോക്കിൽ യുപി പൊലീസിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.