മലപ്പുറം: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ട്രറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്‍ നിര്യാതനായി. വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറായ അദ്ദേഹം ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചു വരികയായിരുന്നു. കുറച്ചു കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

പാലത്തിങ്ങല്‍ കരുണ കാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. പട്ടികജാതി സംസ്ഥാനതല ഉപദേശക സമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. മൃതദേഹം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 4 മണി വരെ മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് 5 മണി മുതല്‍ 6 മണി വരെ കണ്ണമംഗലം എരഞ്ഞിപ്പടി നാലുകണ്ടം മദ്‌റസയില്‍ പൊതു ദര്‍ശനം. ശനിയാഴ്ച രാവിലെ 10 മണിക്ക് പരപ്പന്‍ചിന കുടുംബ ശ്മാശനത്തില്‍ സംസ്‌കാരം.

2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. 2000-05 കാലയളവില്‍ ജില്ലാ പഞ്ചായത്തംഗവും പഴയ ജില്ല കൗണ്‍സില്‍ അംഗവുമായിരുന്നു. ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.