ചെന്നൈ: പാഴ്സല്‍ ഊണില്‍ അച്ചാര്‍ നല്‍കാതിരുന്ന ഹോട്ടലുടമ 35,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഊണ് വാങ്ങിയ ആള്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. 80 രൂപയുടെ 25 ഊണ് പാഴ്സല്‍ വാങ്ങിയ ആളാണ് ഹോട്ടലുടമയെ അച്ചാറിന്റെ പേരില്‍ കോടതി കയറ്റിയത്. പാഴ്‌സല്‍ വാങ്ങിയ ആരോഗ്യ സാമിക്ക് 35,000 രൂപ നഷ്ടപരിഹാരംനല്‍കാനാണ് ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം ഉത്തരവിട്ടത്.

വിഴുപുരത്തുള്ള റസ്റ്ററന്റില്‍നിന്ന് രണ്ട് വര്‍ഷംമുമ്പാണ് ആരോഗ്യസാമി പാഴ്സല്‍ വാങ്ങിയത്. ബന്ധുവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ആരോഗ്യസാമി വിഴുപുരം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള റസ്റ്ററന്റില്‍നിന്ന് 2022 നവംബര്‍ 27-ന് 25 ഊണ് വാങ്ങിയത്. ഇതില്‍ അച്ചാറുണ്ടായിരുന്നു. അടുത്ത ദിവസവും ഇതേ റസ്റ്ററന്റില്‍നിന്ന് 25 ഊണ് തന്നെവാങ്ങി. എന്നാല്‍ ഇതില്‍ അച്ചാറുണ്ടായിരുന്നില്ല. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ തര്‍ക്കമായി. ഒരു ഊണിന്റെ അച്ചാറിന് ഒരു രൂപ എന്ന കണക്കില്‍ 25 രൂപ തനിക്ക് തിരിച്ചു നല്‍കണമെന്ന് ആരോഗ്യസാമി ആവശ്യപ്പെട്ടു.

എന്നാല്‍ ഹോട്ടല്‍ ഉടമ ഈ ആവശ്യം നിരസിച്ചതോടെ ആരോഗ്യസാമി വിഴുപുരം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. ആരോഗ്യസാമി നേരിട്ട മാനസിക ബുദ്ധിമുട്ട് പരിഗണിച്ച് 30,000 രൂപയും നിയമച്ചെലവിനായി 5000 രൂപയും അച്ചാറിന്റെ വിലയായി 25 രൂപയും നല്‍കാനാണ് ഉത്തരവില്‍ പറയുന്നത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പണം നല്‍കണമെന്നും വീഴ്ച വരുത്തിയാല്‍ മാസം ഒന്‍പത് ശതമാനം പലിശ നല്‍കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.