കൊല്ലം: ക്ഷേത്രപരിസരത്ത് കെട്ടിയിരുന്ന ഗര്‍ഭിണിയായ കുതിരയ്ക്ക് നാട്ടുകാരായ ചെറുപ്പക്കാരുടെ ക്രൂരമര്‍ദനം. വടക്കേവിള പള്ളിമുക്ക് ഷാനവാസ് മന്‍സിലില്‍ ഷാനവാസിന്റെ ദിയ എന്ന നാലരവയസ്സുള്ള കുതിരയാണ് മര്‍ദനത്തിനിരയായത്. ഈ മര്‍ദ്ദനത്തില്‍ പോലീസ് അന്വേഷണം നടത്തും. സിസിടിവി ദൃശ്യങ്ങളാണ് ക്രൂരത പുറത്തു കൊണ്ടു വന്നത്. പ്രകോപനമൊന്നുമില്ലാതെയായിരുന്നു ക്രൂര മര്‍ദ്ദനം.

കൊല്ലം എസ്.പി.സി.എ.യുടെ നേതൃത്വത്തില്‍ ഇരവിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കുതിരയെ മര്‍ദിച്ച പരിസരവാസികളായ ചെറുപ്പക്കാരുടെ പേരുവിവരങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. അതുകൊണ്ട് തന്നെ പ്രതികളെ ഉടന്‍ പോലീസ് അറ്‌സറ്റു ചെയ്‌തേയ്ക്കും. പലരും ഒളിവില്‍ പോയെന്നും സൂചനയുണ്ട്. വടക്കേവിളയില്‍ അയത്തില്‍ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന കുതിരയാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തെക്കേക്കാവ് ഭഗവതിക്ഷേത്രപരിസരത്താണ് പകല്‍ കുതിരയെ കെട്ടിയിരുന്നത്. വൈകീട്ട് അഴിക്കാനെത്തിയപ്പോള്‍ത്തന്നെ കുതിര അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കുതിരയെ നോക്കുന്നവരാണ് കാലുകളിലും ദേഹത്തും അടിയേറ്റ പാടുകള്‍ കണ്ടത്. സംശയംതോന്നി വെള്ളിയാഴ്ച ക്ഷേത്രത്തിലെ നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്.

കാറിലും സ്‌കൂട്ടറിലുമായെത്തിയ ഒരു സംഘം ചെറുപ്പക്കാര്‍ നീണ്ട വടിയുപയോഗിച്ച് കുതിരയെ മര്‍ദിക്കുകയായിരുന്നു. ഒരാള്‍ കുതിരയെ കയറില്‍ പിടിച്ച് കെട്ടിയിരുന്ന തെങ്ങിനോടു ചേര്‍ത്ത് അനങ്ങാനാകാത്തവിധം നിര്‍ത്തുകയും മറ്റുള്ളവര്‍ വടികൊണ്ടും കൈകാലുകള്‍കൊണ്ടും അടിക്കുകയുമായിരുന്നു. കുതിരയെ അഴിച്ചുമാറ്റി നിര്‍ത്തിയും ഏറെനേരം മര്‍ദനം തുടര്‍ന്നു. സംഘത്തിലൊരാള്‍ കാല്‍മുട്ട് മടക്കി തുടര്‍ച്ചയായി കുതിരയുടെ നെഞ്ചില്‍ തൊഴിക്കുന്നതും കാണാം.

കുതിരയുടെ നെഞ്ചിലും കാലുകളിലും നീര്‍ക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കണ്ണിനു മുകളിലും മുഖത്തും സാരമായ പരിക്കുണ്ട്. ആശുപത്രിയില്‍ സ്‌കാനിങ് സംവിധാനം തകരാറിലായതിനാല്‍ ഗര്‍ഭിണിയായ കുതിരയുടെ പരിക്കിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. അമ്പല പറമ്പിന് മുന്നില്‍ കൊണ്ടുപോയി കുതിരയെ കെട്ടിയിടുമ്പോള്‍ അവിടെയുള്ളവര്‍ക്ക് വലിയ കാര്യമാണെന്ന് ഷാനവാസ് പറയുന്നു. ആ ധൈര്യത്തിലാണ് അവിടെ കെട്ടുന്നത്. കുതിരയ്ക്ക് അവര്‍ പുല്ലൊക്കെ പറിച്ചിട്ട് കൊടുക്കാറുണ്ടെന്നും ഷാനവാസ് പറഞ്ഞു.

സിസിടിവി ദൃശ്യത്തില്‍ നിന്നും ആരാണ് ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസ് കൊടുത്തിട്ടുണ്ടെന്നും ഷാനവാസ് പറഞ്ഞു. കുതിരയെ അടിക്കുന്ന ദൃശ്യം ആരു കണ്ടാലും സഹിക്കില്ല. ഒരു മിണ്ടാപ്രാണിയോട് എങ്ങനെ ഇങ്ങനെ ചെയ്യാന്‍ കഴിയുന്നുവെന്നാണ് ഉയരുന്ന ചോദ്യം.