തിരുവനന്തപുരം: കള്ളനോട്ട് കേസില്‍ തൊണ്ടി കള്ളനോട്ടുകള്‍ കാണാനില്ലാത്തതിനാല്‍ വിചാരണ മുടങ്ങി. മറ്റു രേഖകള്‍ക്കൊപ്പം എന്തുകൊണ്ടാണ് തൊണ്ടിമുതലായ കള്ളനോട്ടുകള്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിക്കാത്തതെന്ന് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെ തൊണ്ടി ക്ലാര്‍ക്ക് ആഗസ്റ്റ് 5 നകം വിശദീകരണം ബോധിപ്പിക്കാന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ജി. ഹരീഷ് മുമ്പാകെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

തുടര്‍ന്ന് സാക്ഷിക്കൂട്ടില്‍ നിന്ന ഏഴാം സാക്ഷിയായ അസി. കമ്മീഷണറെ പൂര്‍ണമായി വിസ്തരിക്കാതെ തിരിച്ചയച്ചു. 5 ന് വീണ്ടും ഹാജരാകാനും ജഡ്ജി ജി. ഹരീഷ് നിര്‍ദ്ദേശിച്ചു. തലസ്ഥാന ജില്ലയിലെ സിറ്റി കന്റോണ്‍മെന്റ് പോലീസ് 2005 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിചാരണ മുടങ്ങിയത്. തലസ്ഥാന ജില്ലാ നിവാസികളായ രാധാകൃഷ്ണന്‍, സുരേഷ്, അനില്‍, അജികുമാര്‍, ജോയി എന്ന മണിയന്‍ , ബിനോയി, ബേബി ജോസഫ് എന്നിവരാണ് 1 മുതല്‍ 7 വരെ പ്രതികളായി വിചാരണ നേരിടുന്നത്.