വണ്ണപ്പുറം: ജോലികഴിഞ്ഞ് ഓട്ടോറിക്ഷയില്‍ മടങ്ങിയ യുവതിയെ വീടിന് മുന്നില്‍ ഇറക്കിയില്ല. ഡ്രൈവര്‍ വാഹനം വീണ്ടും മുന്നോട്ടുകൊണ്ടുപോയതോടെ ഇറങ്ങണമെന്ന് യുവതി വീണ്ടും വീണ്ടും ആവശ്യപ്പെട്ടു. എങ്കിലും ഇത് കൂട്ടാക്കാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുത്തതോടെ ഓട്ടോയില്‍നിന്ന് ചാടിയ യുവതിക്ക് വീണ് പരിക്കേറ്റു. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ കാനാപ്പറമ്പില്‍ ഷാജി (48)ക്ക് എതിരേ പോലീസ് കേസെടുത്തു.

വണ്ണപ്പുറം ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിക്കാണ് ദുരനുഭവം. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഇവര്‍ ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങിയത്. വീണ് പരിക്കേറ്റ യുവതിയെ കാളിയാര്‍ പോലീസ് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സാരമായ പരിക്കുള്ളതിനാല്‍ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ കൈയ്ക്കും തലയ്ക്കുമാണ് പരിക്ക്. ഒരു വിരല്‍ പൊട്ടി.