ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസസനം കൂട്ടുത്തരവാദിത്വമാണെന്നും വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം നാളെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിനോട് സഹകരിക്കണമെന്നും പ്രതിപക്ഷത്തോട് പ്രധാനമന്ത്രി. ജനങ്ങളുടെ ആവശ്യം നിറവേറ്റുന്ന ബജറ്റായിരിക്കും നാളെ അവതരിപ്പിക്കുന്നതെന്നും അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കും ഇതെന്നും മാധ്യമങ്ങളോട് പറഞ്ഞു.

2047 ലേക്കുള്ള റോഡ്മാപ്പ് കൂടിയാണെന്നും ജനങ്ങളുടെ ആവശ്യം പൂര്‍ത്തീകരിച്ച് ഒരുമിച്ച് നീങ്ങണമെന്നും പറഞ്ഞു. ശക്തമായ പ്രതിപക്ഷത്തിനും ഘടകകക്ഷികള്‍ക്കുമിടയില്‍ സമ്മര്‍ദം നേരിടുന്ന മൂന്നാം മോദി സര്‍ക്കാരിന് ആദ്യവെല്ലുവിളിയായി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നുമുതല്‍ തുടങ്ങി. നാളെയാണു ബജറ്റ് അവതരണം. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളനം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ്.

സമ്മേളനത്തലേന്ന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ത്തന്നെ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിക്കോ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബി.ജെ.പിക്കോ പരിചിതമല്ലാത്ത വിധം ഘടകകക്ഷികളില്‍നിന്നു വിവിധ ആവശ്യങ്ങളുടെ രൂപത്തില്‍ സമ്മര്‍ദമുയര്‍ന്നു. അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാരിന്റെ സമീപനത്തില്‍ സമൂലമാറ്റമായിരുന്നു പ്രതിപക്ഷാവശ്യം.