കൊടുങ്ങല്ലൂര്‍: സ്‌കൂളില്‍ ഉച്ച സമയത്ത് ഹിപ്‌നോട്ടിസം പരീക്ഷിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബോധരഹിതരായി. യൂ ട്യൂബ് വിഡിയോയില്‍ നോക്കി ഹിപ്‌നോട്ടിസം പാഠങ്ങള്‍ പരീക്ഷിച്ച പത്താം ക്ലാസ് വിദ്യാര്‍ഥികളാണു പ്രശ്‌നത്തിലായത്. മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ബോധരഹിതരായത്. പ്രദേശത്തെ ഒരു സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം.

ഉച്ചസമയം ഭക്ഷണം കഴിഞ്ഞുള്ള വിശ്രമ വേളയില്‍ ആയിരുന്നു കുട്ടികളുടെ ഹിപ്‌നോട്ടിസം പരീക്ഷണം. ആദ്യം രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ബോധരഹിതരായി. വെള്ളം തളിച്ച് ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്നു താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കുന്നതിനിടെ 3 പേര്‍ക്കും ബോധം തെളിഞ്ഞു. ഇസിജി പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. ഇതോടെ കുട്ടികളുമായി അധ്യാപകര്‍ തിരിച്ച് സ്‌കൂളില്‍ എത്തി.

ഈ സമയത്ത് മറ്റൊരു പെണ്‍കുട്ടി കൂടി ബോധരഹിതയായി. ഈ കുട്ടി തനിച്ചാണത്രേ ഹിപ്‌നോട്ടിസം പരീക്ഷിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലും വിദഗ്ധ പരിശോധനയ്ക്ക് എ.ആര്‍.മെഡിക്കല്‍ സെന്ററിലും എത്തിച്ചു. വൈകിട്ടോടെ കുട്ടികള്‍ സാധാരണ നിലയിലായി. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ യോഗം നാളെ ചേരും.

*'ഹിപ്‌നോട്ടിസത്തില്‍ വൈദഗ്ധ്യം ഇല്ലാത്തവര്‍ ചെയ്താല്‍ അബോധാവസ്ഥയിലാകാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തിരികെ ബോധാവസ്ഥയിലേക്ക് കൊണ്ടുവരാന്‍ സാധിക്കണം. ഇല്ലെങ്കില്‍ അപകടം സംഭവിക്കാം. രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണം.' - ഡോ.അബ്ദുല്‍ മജീദ്, ശിശുരോഗ വിഭാഗം മേധാവി, എ.ആര്‍. മെഡിക്കല്‍ സെന്റര്‍, കൊടുങ്ങല്ലൂര്‍.