ന്യൂഡല്‍ഹി: കൗമാരക്കാരികള്‍ ലൈംഗികതൃഷ്ണ നിയന്ത്രിക്കണമെന്ന കല്‍ക്കത്ത ഹൈക്കോടതിയുടെ വിചിത്ര വിധി റദ്ദാക്കി സുപ്രീംകോടതി. പോക്‌സോ കേസില്‍ 20 വര്‍ഷം തടവിനുശിക്ഷിക്കപ്പെട്ട പ്രതിയെ വെറുതേവിട്ട ഹൈക്കോടതി ഉത്തരവാണ് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഇതോടൊപ്പം പോക്‌സോ കേസുകള്‍ എങ്ങനെ കൈകാര്യംചെയ്യണമെന്ന നിര്‍ദേശങ്ങളും സുപ്രീംകോടതി പുറത്തിറക്കി.

കോടതിയുത്തരവുകള്‍ എങ്ങനെയെഴുതണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് ഓക പറഞ്ഞു. വിഷയത്തില്‍ സ്വമേധയാ ഇടപെട്ടാണ് സുപ്രീംകോടതിയുടെ നടപടി. കൗമാരക്കാരികള്‍ ലൈംഗികതൃഷ്ണ നിയന്ത്രിക്കണമെന്ന കല്‍ക്കത്ത ഹൈക്കോടതിയുടെ വിധി വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പരിശീലിപ്പിക്കണമെന്നും കല്‍ക്കട്ട ഹൈക്കോടതി വിധിച്ചിരുന്നു. ഇതും സുപ്രീംകോടതി റദ്ദാക്കി.

കൗമാരക്കാരികള്‍ ലൈംഗികതൃഷ്ണ നിയന്ത്രിക്കണമെന്നും രണ്ടുമിനിറ്റിന്റെ ആഹ്ലാദം നോക്കരുതെന്നും മറ്റുമാണ് ഒക്ടോബര്‍ 18-ന്റെ ഹൈക്കോടതിവിധിയില്‍ നിരീക്ഷിച്ചത്. പരസ്പരസമ്മതത്തോടെയാണ് പെണ്‍കുട്ടിയുമായി പ്രതി ബന്ധപ്പെട്ടതെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. ഇതോടെയാണ് സുപ്രീംകോടതി സ്വമേധയ വിഷയത്തില്‍ ഇടപെട്ടതും കേസ് എടുത്തതും.

മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജഡ്ജിമാര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായവും സദാചാരപ്രസംഗവും നടത്തേണ്ടതില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കൗമാരക്കാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹൈക്കോടതി നടത്തിയതെന്നും ബെഞ്ച് പറഞ്ഞു.