കൊല്ലം: തന്റെ പാന്‍കാര്‍ഡ് ഉപയോഗിച്ച് വ്യാജ രജിസ്‌ട്രേഷന്‍ എടുത്ത് നികുതി വെട്ടിച്ചെന്നുകാട്ടി കൊല്ലം സ്വദേശി സുമേഷ് നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ഉണ്ടായേക്കും. സൈബര്‍ കുറ്റകൃത്യമായതിനാല്‍ ജി.എസ്.ടി.വകുപ്പിന് അന്വേഷിക്കാനും സാധിക്കില്ല. സമാനതകളില്ലാത്ത തട്ടിപ്പാണ് ഈ വിഷയത്തില്‍ നടന്നത്. ജോലി ഒഴിവുണ്ടെന്ന പരസ്യംകണ്ട് അപേക്ഷിച്ച കിളികൊല്ലൂര്‍ സുരേഷ് വിലാസത്തില്‍ സുമേഷിന്റെ (29) പാന്‍കാര്‍ഡിന്റെ പകര്‍പ്പ് ഉപയോഗിച്ച് ഇ-വേസ്റ്റ് വ്യാപാരത്തിനുള്ള ജി.എസ്.ടി. രജിസ്‌ട്രേഷന്‍ തരപ്പെടുത്തുകയായിരുന്നു.

കേന്ദ്ര ജി.എസ്.ടി.വകുപ്പിന് പരാതി നല്‍കിയശേഷവും തട്ടിപ്പുസംഘം 6.19 കോടിയുടെ ഇടപാട് നടത്തിയെന്നതാണ് വസ്തുത. ജി.എസ്.ടി.വകുപ്പ് അധികൃതര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തന്റെ പേരില്‍ കോടികളുടെ ഇടപാട് നടന്ന വിവരം സുമേഷ് അറിഞ്ഞത്. ഇതോടെ പരാതി നല്‍കി. അതിന് ശേഷവും തട്ടിപ്പ് തുടരുകായണ്. പോലീസിനേയും സുമേഷ് സമീപിക്കും. എന്നാല്‍ ജി എസ് ടി വകുപ്പിന് വിഷയത്തില്‍ വേണ്ട വിധം ഇടപെടാന്‍ കഴിഞ്ഞില്ലെന്ന ആരോപണവും ശക്തമാണ്.

സുമേഷിന്റെ പേരില്‍ വ്യാജ രജിസ്‌ട്രേഷന്‍ എടുത്ത് ആക്രിസാധനങ്ങള്‍ വില്‍ക്കാതെ 33 ഇ-വേ ബില്ലുകള്‍ വഴി 6.02 കോടിയുടെ കച്ചവടം നടത്തിയതായി രേഖയുണ്ടാക്കി. അഞ്ച് അന്തര്‍ സംസ്ഥാന ഇ-വേ ബില്ലുകള്‍വഴി 17.08 ലക്ഷം രൂപയുടെ ഇ-വേസ്റ്റ് ഡല്‍ഹിയിലേക്ക് അയക്കുകയും ചെയ്തു. ബാങ്ക് വഴിയല്ലാതെ നേരിട്ട് പണമിടപാട് നടത്തുന്ന തട്ടിപ്പുസംഘം നികുതി നല്‍കാതെ രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇത്.

രേഖകളില്‍ മാത്രമുള്ള വ്യാജക്കച്ചവടംവഴി 18 ശതമാനം നികുതി തട്ടിപ്പുകാര്‍, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ആയി കവര്‍ന്നെടുക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15-ന് സുമേഷിന്റെ പേരിലെ 'വ്യാജക്കട'യുടെ (രേഖകളില്‍മാത്രമുള്ള ആക്രിക്കട) പേരില്‍ രണ്ട് ഇ-വേ ബില്ലുകള്‍ എടുത്തിട്ടുണ്ട്. ഒന്ന് പട്ടാമ്പിയില്‍നിന്ന് ഡല്‍ഹിക്ക് ഇ-വേസ്റ്റ് കൊണ്ടുപോകാനുള്ളതാണ്. 3.41 ലക്ഷം രൂപയുടെ സാധനങ്ങള്‍ കൊണ്ടുപോകുന്നെന്നാണ് പറഞ്ഞിരിക്കുന്നത്. നിയമപ്രകാരം ഈ കച്ചവടത്തിന്റെ നികുതി നല്‍കേണ്ടത് സുമേഷാണ്.

ശനിയാഴ്ച പുലര്‍ച്ചെ കേരള അതിര്‍ത്തി കടന്ന ഈ വാഹനം തമിഴ്നാട്ടിലെ വിവിധ ചെക്ക്‌പോസ്റ്റുകള്‍ കടന്ന് ഡല്‍ഹിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ബാങ്ക് വഴിയല്ലാതെ ഇത്രയും തുക കൈമാറുന്നതിനാല്‍ തുടരന്വേഷണം ബുദ്ധിമുട്ടിലാണ്.