തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ കുത്തിവെപ്പ് മാറി നല്‍കിയതിനെത്തുടര്‍ന്ന് എസ്.എ.ടി.യിലെത്തിച്ച് ചികിത്സയില്‍ കഴിയുന്ന പത്തുവയസ്സുകാരന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. രക്തത്തില്‍ ഓക്സിജന്റെയും കാര്‍ബണ്‍ ഡൈഓക്സൈഡിന്റെയും അനുപാതം ക്രമീകരിക്കുന്നതിനുള്ള യന്ത്രമായ എഗ്മോയുടെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം. ഹൃദയത്തിന്റെ പ്രവര്‍ത്തനം കുറയുന്ന വൈറല്‍ മയോകാര്‍ഡൈറ്റിസ് ബാധിച്ചതിനാല്‍ നിലവില്‍ തീവ്രപരിചരണത്തില്‍ തുടരുകയാണ് കുട്ടി.

എസ്.എ.ടി.യില്‍ ചികിത്സയിലുള്ള കുട്ടിക്കു ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കാന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. തൈക്കാട് ആശുപത്രിയില്‍ കുട്ടിക്കു മരുന്ന് മാറി കുത്തിവെപ്പ് എടുത്തെന്ന ആരോപണത്തെത്തുടര്‍ന്ന് രണ്ട് നഴ്സുമാര്‍ക്കെതിരേ കഴിഞ്ഞദിവസം നടപടിയെടുത്തിരുന്നു. ആശുപത്രിയിലെ എന്‍.എച്ച്.എം. നഴ്സിനെ പിരിച്ചുവിടുകയും സ്ഥിരം ജീവനക്കാരിയായ നഴ്സിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ വെച്ച് കുട്ടിക്ക് രണ്ടുതവണ കുത്തിവെപ്പ് എടുത്തെന്നും മരുന്ന് മാറിയതായും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നഴ്സുമാര്‍ക്കു വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്.

കണ്ണമ്മൂല സ്വദേശി രാജേഷിന്റെയും മഞ്ജുവിന്റെയും മകനായ റിജോയെ പനിക്കു ചികിത്സയ്ക്കായി കഴിഞ്ഞമാസം 29-നു രാത്രിയാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. അസുഖം കുറയാത്തതിനാല്‍ അടുത്ത ദിവസം രാവിലെ ഡോക്ടറെ കണ്ടതിനുശേഷം കുത്തിവെപ്പ് നല്‍കി. ഇതിനുശേഷം കുട്ടിക്കു ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെയാണ് എസ്.എ.ടി.യിലേക്കു മാറ്റിയത്.