കാസിരംഗ: അസമില്‍ പ്രളയത്തില്‍ ആറ് കാണ്ടാമൃഗങ്ങള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാണ്ടാമൃഗങ്ങളടക്കം 130 വന്യ ജീവികളാണ് കാസിരംഗ ദേശീയ പാര്‍ക്കില്‍ കൊല്ലപ്പെട്ടത്. ചത്ത വന്യജീവികളില്‍ ബഹുഭൂരിപക്ഷവും മുങ്ങിമരിച്ചതാണെന്നാണ് ബിബിസി റിപ്പോര്‍ട്ട്. 117 ഹോഗ് മാനുകള്‍, 2 സാമ്പാര്‍ മാന്‍, ഒരു കുരങ്ങന്‍, ഒരു നീര്‍നായ എന്നിവയാണ് വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെട്ടത്. അടുത്ത കാലങ്ങളിലുണ്ടായതില്‍ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് അസമിലുണ്ടായിരിക്കുന്നത്.

2017ല്‍ 350 വന്യജീവികളാണ് വെള്ളപ്പൊക്കത്തിലും വാഹനങ്ങള്‍ തട്ടിയും കൊല്ലപ്പെട്ടത്. വെള്ളപ്പൊക്കത്തില്‍ നിന്ന് 97 വന്യജീവികളെ രക്ഷിച്ചതായും ദേശീയ പാര്‍ക്ക് അധികൃതര്‍ വിശദമാക്കിയിട്ടുണ്ട്. 25ഓളം ജീവികള്‍ക്ക് ചികിത്സ നല്‍കുകയാണെന്നും ശേഷിച്ചവയെ ചികിത്സ നല്‍കി തിരികെ അയച്ചതായും പാര്‍ക്ക് അധികൃതര്‍ വിശദമാക്കുന്നത്. ലോകത്തില്‍ തന്നെ ഏറ്റവുമധികം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗമുള്ള ദേശീയ പാര്‍ക്കാണ് കാസിരംഗയിലേത്.

അതേസമയം വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്ത് ആകെ മരണസംഖ്യ 72 ആയി ഉയര്‍ന്നു. അരുണാചല്‍ പ്രദേശിലെ കര്‍സിംഗയില്‍ മണ്ണിടിച്ചില്‍ കാരണം പ്രധാനപാതകള്‍ അടച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശിലും കനത്ത മഴ തുടരുകയാണ്. അയോധ്യയില്‍ സരയു നദി കരകവിഞ്ഞൊഴുകിയതോടെ പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ പ്രളയം രൂക്ഷമായ ചമ്പാവത് മേഖലയില്‍ നിന്നും നാനൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.