തിരുവനന്തപുരം: നിയമസഭാ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് തലമുണ്ഡനം ചെയ്ത് അസാധാരണ പ്രതിഷേധത്തിലൂടെ കോൺഗ്രസ് വിട്ട ലതികാ സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുമായി ചർച്ച നടത്തി. കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയായതിനാലാണ് എൻസിപിയുമായി സഹകരിക്കുന്നതെന്ന് ലതികാ സുഭാഷ് അറിയിച്ചു.

'പി.സി. ചാക്കോയുമായി ആശയ വിനിമയം നടത്തിയിരുന്നു. ഞാൻ വളരെ ചെറിയ പ്രായം മുതൽ കാണുന്ന ഒരു കോൺഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചർച്ചകൾ ആലോചിച്ച് വരികയാണ്. വൈകാതെ എന്റെ നിലപാട് വ്യക്തമാക്കും. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ എനിക്ക് കഴിയുകയില്ല. കോൺഗ്രസിന്റെ പാരമ്പര്യത്തിൽ വന്ന വ്യക്തി എന്ന നിലയിൽ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമ പ്രവർത്തകരുമായി പങ്കുവെക്കും,'ലതികാ സുഭാഷ് പറഞ്ഞു.

സ്വതന്ത്ര നിലപാടിൽ നിന്ന് മാറി ഒരു പാർട്ടിയുടെ തണലിലേക്ക് മാറുന്ന ലതിക ഇടതുപക്ഷത്തിന്റെ മുഖമായി മാറുകയാണ്. ഇടതുപക്ഷത്ത് സജീവമായി എൻസിപിയെ ശക്തിപ്പെടുത്തുകയാണ് പിസി ചാക്കോയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസമാണ് എൻസിപി അധ്യക്ഷനായി പിസി ചാക്കോയെ ശരത് പവാർ നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് പിസി ചാക്കോയും എൻസിപിയിലേക്ക് കൂടുമാറിയത്. ശരത് പവാറുമായി അടുത്ത ബന്ധം ചാക്കോയ്ക്കുണ്ട്.

സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചിരുന്ന ലതിക 7,624 വോട്ട് നേടി യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിയിൽ നിർണ്ണായക കാരണമായി മാറിയിരുന്നു. പാർട്ടി പ്രസിഡന്റായതിന് ശേഷം പിസി ചാക്കോ ലതികാ സുഭാഷുമായി സംസാരിച്ചിരുന്നു. അടുപ്പമുള്ളവരോട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് ലതിക നിലപാട് പിസി ചാക്കോയെ അറിയിച്ചതെന്നാണ് വിവരം. ലതികാ സുഭാഷിലൂടെ കോൺഗ്രസിൽ അസ്വസ്ഥരായ കൂടുതൽ നേതാക്കളെ എൻസിപിയിലേക്ക് അടുപ്പിക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. പ്രവർത്തനപരിചയം കണക്കിലെടുത്ത് എൻസിപിയിൽ മികച്ച സ്ഥാനം ലതികാ സുഭാഷും പ്രതീക്ഷിക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് നിഷേധിച്ചതിനെ തുടർന്നാ് തലമുണ്ഡനം ചെയ്ത് ലതികാ സുഭാഷ് പ്രതിഷേധിക്കുകയും ചെയ്തിരുന്നു അവർ. തുടർന്ന് പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയതിന് കോൺഗ്രസ് പുറത്താക്കുകയും ചെയ്തു. നേരത്തെ കോൺഗ്രസ് നേതാവും കോഴിക്കോട്ടെ പ്രധാനിയുമായ സുരേഷ് ബാബുവിനേയും പിസി ചാക്കോ എൻസിപിയിൽ എത്തിച്ചിരുന്നു. കോൺഗ്രസിലെ പല പ്രധാനികളേയും ഇതിന് സമാനമായി പിസി ചാക്കോ നോട്ടമിട്ടിരുന്നു.

ഇതിന്റെ ഭാഗമാണ് ലതികാ സുഭാഷിനേയും പിസി ചാക്കോ സമീപിച്ചത്. കോൺഗ്രസിലെ അസംതൃപ്തരെ പരമാവധി എൻസിപിയിൽ എത്തിക്കാനാണ് പിസി ചാക്കോയുടെ ശ്രമം. പാർട്ടിയെ കൂടുതൽ കരുത്താക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പിസി ചാക്കോയുടെ പ്രതീക്ഷ.