തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു. 75 വയസ്സ് പൂർത്തിയായതോടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ആർച്ച് ബിഷപ്പ് സ്ഥാനത്ത് ഉള്ള ഭരണച്ചുമതലകളിൽ നിന്നും വിരമിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചു. റവ. ഫാ. തോമസ് നെറ്റോയാണ് പുതിയ സഭാധ്യക്ഷൻ. പാളയം പള്ളിയിൽ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെ തുടർന്ന് നേരത്തെ സൂസപാക്യം സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു.

ആഗ്രഹിച്ചതിന്റെ അംശംപോലും നിറവേറ്റാൻ തനിക്കു കഴിഞ്ഞിട്ടില്ലെന്നു ഡോ.സൂസപാക്യം പറഞ്ഞു. 'പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു. എന്റെയോ നിങ്ങളുടെയോ വിലയിരുത്തൽ അല്ല പ്രധാനം. എന്റെ കഴിവുകൾ ദൈവത്തിനറിയാം. ആ വിലയിരുത്തലിന് ഞാൻ എന്നെ വിട്ടുകൊടുക്കുന്നു'ഡോ.സൂസപാക്യം പറഞ്ഞു.

ഒരാൾ വിരമിക്കുമ്പോൾ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന പതിവുണ്ടെന്നും അതിന് ആഗ്രഹമില്ലെന്നും സൂസപാക്യം പറഞ്ഞു. പരിമിതമായ കഴിവുള്ള സാധാരണക്കാരനാണ് താൻ. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് നേട്ടങ്ങൾ. ചെയ്യാത്ത കാര്യങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ശിഷ്ടകാലം കഴിയാൻ ഇടവരുത്തരുതേ എന്നാണ് അപേക്ഷ. 32 കൊല്ലം സഹകരിച്ച, വിമർശിച്ച എല്ലാവരെയും സ്‌നേഹത്തോടെ ഓർക്കുന്നു.

സഹായ മെത്രാൻ ക്രിസ്തുദാസിനോട് നന്ദി അറിയിക്കുന്നതായി ഡോ.സൂസപാക്യം പറഞ്ഞു. 'ശാരീരിക മാനസിക അവശതകളും അധിക ചുമതല ഏറ്റെടുക്കേണ്ടതിന്റെ സംഘർഷവും ഞാൻ മേലധികാരികളെ അറിയിച്ചിരുന്നു. ഉത്തരവാദിത്തങ്ങളിൽനിന്ന് മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, സഹായ മെത്രാനെ സഭ എനിക്കായി നിയോഗിച്ചു. സ്ത്യുത്യർഹമായ രീതിയിൽ അദ്ദേഹം ചുമതല നിർവഹിച്ചു'ഡോ.സൂസപാക്യം പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് എം.സൂസപാക്യത്തിന് 75 വയസ് പൂർത്തിയായത്. കോലിഡ് പ്രതിസന്ധിയായതിനാലാണ് വിരമിക്കൽ നീണ്ടത്.