കൊച്ചി: ലാവ്ലിൻ കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാറിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാളെ രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫീസിൽ തെളിവുകളുമായി ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്.

കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിനുമായി ചട്ടങ്ങൾ മറികടന്ന് കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികൾ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ ആരോപണം. 2006ൽ ഡിആർഐയ്ക്ക് നൽകിയ പരാതിയിലാണ് 15 വർഷത്തിന് ശേഷം ഇഡിയുടെ ഇടപെടൽ. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക. കഴിഞ്ഞദിവസം നന്ദകുമാർ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു.