തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിലെ വിദ്യാർത്ഥികൾക്ക് ചങ്കായ അദ്ധ്യാപകനായിരുന്നു ആത്മഹത്യ ചെയ്ത സുനിൽകുമാർ. സ്വന്തം സഹോദരനെ പോലെ പ്രിയപ്പെട്ട, അദ്ധ്യാപകന്റെ മരണം ഇനിയും അവിടത്തെ വിദ്യാർത്ഥികൾക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. മിതഭാഷിയായിരുന്ന അദ്ദേഹം വിദ്യാർത്ഥികളുടെ തോളിൽ കയ്യിട്ട് സംസാരിക്കാൻ വരെ സ്വാതന്ത്ര്യം നൽകുന്ന അദ്ധ്യാപകനായിരുന്നെന്ന് ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ പറയുന്നു.

കോളേജിലെ എല്ലാ പരിപാടികൾക്കും മുന്നിൽ നിന്ന് നേതൃത്വം നൽകിയ ആളായിരുന്നു സുനിൽകുമാർ രണ്ട് ദിവസം മുമ്പ് നടന്ന ഓണാഘോഷ പരിപാടികൾക്കും നന്ദി പറഞ്ഞത് സുനിൽകുമാറായിരുന്നു. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ പലപ്പോഴും മധ്യസ്ഥനായി മാനേജ്മെന്റ് നിയോഗിച്ചിരുന്നത് സുനിൽകുമാറിനെയായിരുന്നു. എല്ലാ വിദ്യാർത്ഥികളികൾക്കും രാഷ്ട്രീയഭേദമന്യേ അത്രത്തോളം സ്നേഹവും വിശ്വാസവുമായിരുന്നു സുനിൽകുമാറിനെ. ആർട്ട് ഫെസ്റ്റ്, യൂണിയൻ ഉത്ഘാടനം, ഓണാഘോഷം എല്ലാ പരിപാടികൾക്കും മുന്നിൽ തന്നെ സുനിൽ സാറുണ്ടാകുമായിരുന്നു.

മികച്ച ഗായകൻ കൂടിയായ സുനിൽ ഒട്ടുമിക്ക സംഗീതോപകരണങ്ങളും വായിക്കുമായിരുന്നെന്ന് വിദ്യാർത്ഥികൾ ഓർക്കുന്നു. ക്യാംപസിനുള്ളിൽ എവിടെയെങ്കിലും വിദ്യാർത്ഥികൾ കൂടിനിന്ന് പാട്ടുപാടുന്നുണ്ടെങ്കിൽ ആ വട്ടത്തിനുള്ളിൽ സുനിൽ സാറുമുണ്ടാകുമെന്ന് ഉറപ്പാണ്. ക്ലാസിനുള്ളിൽ സ്ട്രിക്ട് ആണെങ്കിലും പുറത്ത് വിദ്യാർത്ഥികൾക്കൊപ്പം ഇത്രത്തോളം ചേർന്നുനിൽക്കുന്ന മറ്റൊരു അദ്ധ്യാപകനും ക്യാംപസിലില്ലെന്ന് അവിടത്തെ വിദ്യാർത്ഥികൾ അടിവരയിടുന്നു.

സൈബർ ലോ പഠിപ്പിച്ചിരുന്ന അദ്ദേഹം ഇന്ന് ബികോം വിദ്യാർത്ഥികളുടെ സ്പെഷ്യൽ ക്ലാസിനായാണ് കോളേജിലെത്തിയത്. ഒരു മണിക്കൂർ ക്ലാസ് കഴിഞ്ഞ് കുറച്ചുസമയം കുട്ടികൾക്കൊപ്പം ചെലവഴിച്ച ശേഷമാണ് അദ്ദേഹം ഗ്രൗണ്ടിലേയ്ക്ക് നടന്നത്. അതിനിടെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും കുട്ടികൾക്ക് ഫോട്ടോ എടുത്തുകൊടുക്കുകയും ചെയ്തിരുന്നു.

പേഴ്സിൽ നിന്നും 1000 രൂപ നൽകുകയും പോയി ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി അവർ പറയുന്നു. മരിക്കാൻ പോകുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്ര സന്തോഷത്തോടെ തങ്ങൾക്കൊപ്പം സംസാരിക്കാൻ സാധിച്ചതെന്ന അത്ഭുതത്തിലാണ് വിദ്യാർത്ഥികൾ. തങ്ങളോട് സംസാരിച്ച് കഴിഞ്ഞ് അദ്ദേഹം നടന്നത് മരണത്തിലേയ്ക്കാണെന്നും ബാഗിലുണ്ടായിരുന്നത് പെട്രോളാണെന്നും തിരിച്ചറിഞ്ഞ് സാധിക്കാതെ പോയതിന്റെ നിരാശയും അവർക്കുണ്ട്.

കോളേജിൽ ജോലിക്ക് വന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് ഗ്രൗണ്ടിൽ തീ കത്തുന്നത് കണ്ടത്. അദ്ദേഹത്തിന്റെ നിലവിളി കേട്ട് തൊട്ടപ്പുറത്ത് രക്ഷാബന്ധൻ ആചരിക്കുകയായിരുന്ന എബിവിപി പ്രവർത്തകരും സ്പെഷ്യൽ ക്ലാസിനെത്തിയ ബികോം വിദ്യാർത്ഥികളും ഓടിയെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

കോട്ടയം സ്വദേശിയായ സുനിൽകുമാർ ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കുമൊപ്പം വളരെകാലമായി തിരുവനന്തപുരം വഴയിലയിലാണ് താമസിക്കുന്നത്. മറുനാടനിൽ കോളമിസ്റ്റായിരുന്നു.