തിരുവനന്തപുരം: കർഷക സംഘടനകൾ ദേശീയതലത്തിൽ 27ന് പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി ഇടതുമുന്നണി. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി ഈ ദിവസം ഹർത്താൽ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഹർത്താൽ പൂർണമായിരിക്കും എന്നുറപ്പായി.

പാൽ, പത്രം, ആംബുലൻസ്, മരുന്നു വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റു ആവശ്യ സർവീസുകൾ തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27നു ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. ഇടത് പാർട്ടികളും തൊഴിലാളി സംഘടനകളും നേരത്തെതന്നെ സമരത്തിന് അനുകൂലമായിരുന്നു. മോട്ടർ വാഹന തൊഴിലാളികളും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ അടുത്തിടെ വിവാദമായ നാർക്കോട്ടിക് ജിഹാദ് പരാമർശം ഇടതുമുന്നണി യോഗത്തിൽ ചർച്ചയായില്ല. വിവാദങ്ങളെക്കുറിച്ചും സർക്കാർ സ്വീകരിച്ച നിലപാടുകളും മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. സമുദായങ്ങൾ തമ്മിലുള്ള ഐക്യം തകർക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഘടകകക്ഷികൾ നിലപാടിനു പിന്തുണ പ്രഖ്യാപിച്ചു. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നതു സംബന്ധിച്ച് ചർച്ച ഉടൻ തുടങ്ങാനും ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കാനും തീരുമാനിച്ചു.