തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയം പൂർത്തിയായി പ്രചരണം തുടങ്ങിയ ശേഷം ഏഷ്യാനെറ്റ് ന്യൂസ് സീഫോറുമായി ചേർന്ന് നടത്തി പ്രീപോൾ സർവേയിലും തുടർഭരണമെന്ന് പ്രവചനം. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ എൽഡിഎഫിന് വൻവിജയവും ഭരണതുടർച്ചയുമാണ് ചാനൽ സർവേ പ്രവചിക്കുന്നത്. 82 മുതൽ 91 വരെ സീറ്റുകളുമായി എൽഡിഎഫ് വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. മികച്ച വോട്ട് ഷെയറോടു കൂടി എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് ഏഷ്യാനെറ്റിന്റെ പ്രവചനം. 42 ശതമാനം വോട്ടുവിഹിതമാകും എൽഡിഎഫിന് ലഭിക്കുക.

എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷ നേടി അധികാരം ഉറപ്പിക്കുമെന്ന് പറയുന്ന സർവേയിൽ 46 മുതൽ 54 വരെ സീറ്റുകളാണ് യുഡിഎഫിനായി പ്രവചിക്കുന്നത്. വോട്ട് വിഹിതത്തിൽ 37 ശതമാനമാകും യുഡിഎഫ് നേടുക. അതേസമയം ഇക്കുറി ബിജെപി വോട്ടു വിഹിതത്തിൽ മുന്നേറ്റം പ്രകടിപ്പിക്കും. ബിജെപിക്ക് 18 ശതമാനം വോട്ടുവിഹിതം സർവേ പ്രവചിക്കുന്നു. മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നുമാണ് സർവേ പ്രവചിക്കുന്നത്. മൂന്ന് മുന്നണികളിലും അല്ലാതെ മത്സരിക്കുന്നവർക്ക് മൂന്ന് ശതമാനം വോട്ടുവിഹിതവും ഒരു സീറ്റുമാണ് സർവേ പ്രവചിക്കുന്നത്.

മൂന്ന് മേഖലകളിലായി തിരിച്ചു ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു സർവേയിൽ മധ്യകേരളത്തിൽ മാത്രമാണ് യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്നത്. വടക്കൻ കേരളത്തിലും ദക്ഷിണ കേരളത്തിലും എൽഡിഎഫ് മുന്നേറ്റമാണ് സർവേയിൽ ദൃശ്യമായിരിക്കുന്നത്. വടക്കൻ കേരളത്തിലുണ്ടായേക്കാവുന്ന വന്മുന്നേറ്റമാണ് അധികാരത്തിൽ തുടരാൻ ഇടതുമുന്നണിക്ക് സഹായമാക്കുകയെന്ന് സർവേ പ്രവചിക്കുന്നത്. വടക്കൻ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായുള്ള 60 സീറ്റുകളിൽ സിംഹഭാഗവും ഇടതുമുന്നണി വിജയിക്കും എന്നാണ് സർവ്വ പ്രവചിക്കുന്നത്.

43 ശതമാനം വോട്ടുവിഹിതമാണ് എൽഡിഎഫിന് മലബാറിൽ ആറ് ജില്ലകളിലായുണ്ടാവുക. 42 മുതൽ 45 വരെ സീറ്റുകൾ എൽഡിഎഫിന് നേടാനാവും. യുഡിഎഫ് 37 ശതമാനം വോട്ടുവിഹിതം നേടി 13 മുതൽ 16 സീറ്റുകൾ വരെ നേടിയേക്കും. 17 ശതമാനം വോട്ടുവിഹിതം നേടുന്ന എൻഡിഎയ്ക്ക് രണ്ട് മുതൽ നാല് വരെ സീറ്റുകൾ മലബാർ മേഖലയിൽ കിട്ടിയേക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളിലും ഉൾപ്പെടാത്ത മറ്റു പാർട്ടികൾ ചേർന്ന് മൂന്ന് ശതമാനം വരെ വോട്ടുകൾ സ്വന്തമാക്കുമെന്നും സർവേ പറയുന്നു.

മലബാറിലെ ആകെയുള്ള അറുപത് സീറ്റുകളിൽ 75 ശതമാനത്തിലും എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നു എന്ന സർവേ പ്രവചനം യുഡിഎഫിന് വലിയ മുന്നറിയിപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മലബാറിൽ തകർന്നടിഞ്ഞ കോൺഗ്രസിനും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച മുസ്ലിംലീഗിനും ഇതു ആശങ്ക സൃഷ്ടിക്കും. മലപ്പുറം ജില്ലയിൽ മുൻപില്ലാത്ത വിധം ശക്തമായ മത്സരമാണ് നടക്കുന്നതെന്ന എൽഡിഎഫിന്റെ അവകാശവാദവും യുഡിഎഫിന്റെ ആശങ്കയേറ്റുന്നു. ഇരിക്കൂർ അടക്കമുള്ള യുഡിഎഫ് സീറ്റുകളിൽ എൽഡിഎഫ് കടന്നു കയറാനുള്ള സാധ്യതയും സർവേ തുറന്നിടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ തെക്കൻ മേഖലയിലും ഇടതുമുന്നണിയുടെ മുന്നേറ്റമാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ പ്രവചിക്കുന്നത്. 42 ശതമാനം വോട്ടുവിഹിതം നേടി എൽഡിഎഫ് 26 മുതൽ 26 വരെ സീറ്റുകൾ തെക്കൻ മേഖലയിൽ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. യുഡിഎഫിന് 12 മുതൽ 15 വരെ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. 35 ശതമാനം വോട്ടുവിഹിതവും യുഡിഎഫിന് ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തേയും വടക്കൻ കേരളത്തേയും അപേക്ഷിച്ച് എൻഡിഎ മികച്ച വോട്ടുവിഹിതം നേടുക തെക്കൻ കേരളത്തിലാവും എന്നാണ് സർവേ പ്രവചിക്കുന്നത്. 20 ശതമാനം വോട്ടുവിഹിതം നേടുന്ന എൻഡിഎയ്ക്ക് ഒന്ന് മുതൽ രണ്ട് വരെ സീറ്റുകൾ വരെ ലഭിക്കാനാണ് സർവേ പ്രവചിക്കുന്നത്. തിരുവനന്തപുരം (14 സീറ്റുകൾ), കൊല്ലം (11 സീറ്റുകൾ), പത്തനംതിട്ട (5 സീറ്റുകൾ), ആലപ്പുഴ (9 സീറ്റുകൾ) എന്നിവയാണ് തെക്കൻ മേഖലയിൽ ഉൾപ്പെടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് ജില്ലകൾ ഉൾപ്പെട്ട മധ്യകേരളത്തിൽ യുഡിഎഫിനാണ് സർവേ മേൽക്കൈ പ്രവചിക്കുന്നത്. മധ്യകേരളത്തിൽ ആകെ 41 മണ്ഡലങ്ങളുള്ളതിൽ 21 മുതൽ 24 വരെ യുഡിഎഫ് വിജയിക്കും. എൽഡിഎഫ് 17 മുതൽ 20 സീറ്റ് വരെയാവും പരമാവധി വിജയിക്കുക. എൻഡിഎ പരമാവധി ഒരു സീറ്റിൽ മാത്രമേ വിജയിക്കൂവെന്നും സർവേ പ്രവചിക്കുന്നു. കോട്ടയം ജില്ലയിലെ ഒൻപതും ഇടുക്കിയിലെ അഞ്ചും എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളും തൃശ്ശൂരിലെ 13 മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് മധ്യകേരളത്തിലെ സീറ്റുകൾ. ഇവിടെ 39 ശതമാനം ജനപിന്തുണയാണ് എൽഡിഎഫിന് സർവേ പ്രവചിക്കുന്നത്. യുഡിഎഫ് 40 ശതമാനം ജനപിന്തുണ നേടി മുന്നിലെത്തും. എൻഡിഎയ്ക്ക് 18 ശതമാനം ജനപിന്തുണ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് സർവേയിൽ പങ്കെടുത്ത 41 ശതമാനം പേരും പിണറായി വിജയനെ പിന്തുണയ്ക്കുന്നു. ഉമ്മൻ ചാണ്ടിയെ 27 ശതമാനം പേരും രമേശ് ചെന്നിത്തലയെ ഏഴ് ശതമാനം പേരും പിന്തുണച്ചു. കെകെ ശൈലജ ടീച്ചറെ 11 ശതമാനം പേരും കെ.സുരേന്ദ്രനെ ആറ് ശതമാനം പേരും പിന്താങ്ങുന്നു. ക്രിസ്ത്യൻ സഭകൾക്ക് മുസ്ലിം ലീഗിനോടുള്ള അകൽച്ച മറികടന്ന് ക്രിസ്ത്യൻ വോട്ടർമാർ യുഡിഎഫിന് വോട്ട് ചെയ്യുമോയെന്നതായിരുന്നു മധ്യകേരളവുമായി ബന്ധപ്പെട്ട ഒരു പ്രധാന ചോദ്യം. 48 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്യും എന്നാണ് അഭിപ്രായപ്പെട്ടത്. 31 ശതമാനം പേർ ഇല്ലെന്നും 21 ശതമാനം പേർ അറിയില്ലെന്നും പ്രതികരിച്ചു.

ഇതേ ചോദ്യത്തോട് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരുടെ അഭിപ്രായവും സർവേയിലൂടെ തേടിയിരുന്നു. 45 ശതമാനം പേർ വോട്ട് ചെയ്യുമെന്ന നിലപാടെടുത്തപ്പോൾ 40 ശതമാനം പേർ ചെയ്യില്ലെന്നും 15 ശതമാനം പേർ അറിയില്ലെന്നും പറഞ്ഞു. യാക്കോബായ സഭാ നേതൃത്വത്തെപ്പോലെ ചിലർ പിന്തുണക്കുമെന്ന് നൽകുന്ന സൂചനകൾ ബിജെപിക്ക് ഗുണമോയെന്ന ചോദ്യത്തിന് ഗുണം ചെയ്യുമെന്നായിരുന്നു 48 ശതമാനം പേരുടെ മറുപടി. 35 ശതമാനം പേർ ഗുണം ചെയ്യില്ലെന്ന നിലപാടുകാരാണ്. 17 ശതമാനം പേർക്ക് ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല.

സർവേയിൽ പങ്കെടുത്ത 43 ശതമാനം പേർ എൽഡിഎഫാണ് ഏറ്റവും നന്നായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം പേർ യുഡിഎഫാണെന്നും 21 ശതമാനം എൻഡിഎ ആണെന്നും പറഞ്ഞു. ഇടതുമുന്നണിയിലെ ഏറ്റവും സ്വാധീനമുള്ള പാർട്ടിയായി ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് മാറുന്നത്, മുന്നണിക്ക് നല്ലതാണോയെന്ന ചോദ്യത്തോട് ആണെന്ന് പ്രതികരിച്ചവർ 47 ശതമാനമാണ്. 43 ശതമാനം എതിരഭിപ്രായം രേഖപ്പെടുത്തി. 10 ശതമാനം പേർക്ക് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.

കേരളത്തെ ഇനി ഏത് മുന്നണി ഭരിക്കണമെന്ന ചോദ്യത്തിന് കൂടുതൽ പേരും എൽഡിഎഫിനെയാണ് പിന്തുണച്ചത്. ഇതിൽ ആൺ-പെൺ തിരിച്ചുള്ള വോട്ടിങ് താൽപ്പര്യം പരിശോധിക്കുകയാണെങ്കിൽ പുരുഷന്മാരിൽ 41 ശതമാനം പേർ എൽഡിഎഫിനെയും 36 ശതമാനം പേർ യുഡിഎഫിനെയും 19 ശതമാനം പേർ എൻഡിഎയെയും പിന്തുണച്ചു. വനിതകളിൽ 43 ശതമാനത്തിന്റെയും പിന്തുണ എൽഡിഎഫ് നേടി. 39 ശതമാനം യുഡിഎഫിനെയും 16 ശതമാനം എൻഡിഎയെയും പിന്തുണച്ചു.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്