കൊച്ചി: സംസ്ഥാനത്തെ തെരുവു വിളക്കുകൾ എൽഇഡിയാക്കി മാറ്റുന്ന നിലാവ് പദ്ധതി കൂടുതൽ വിപുലമാക്കാൻ ഒരുങ്ങി വൈദ്യുതി ബോർഡ്. ഇതിനായി സംസ്ഥാന സർക്കാറിന്റെ അനുമതി തേടി. സംസ്ഥാനത്തെ തെരുവുവിളക്കുകൾ എൽ.ഇ.ഡി.യാക്കി മാറ്റുന്ന 'നിലാവ്' പദ്ധതി പൂർത്തിയാകുന്നതോടെ തദ്ദേശസ്ഥാപനങ്ങളെ കാത്തിരിക്കുന്നത് ഏഴുവർഷംകൊണ്ട് 700 കോടി രൂപയുടെ ലാഭമാണെന്നാണ് കെഎസ്ഇബിയുടെ വാദം.

തരുവുവിളക്കുകളുടെ വൈദ്യുതിനിരക്ക് ഇനത്തിലാണ് ഈ തുക ലാഭിക്കാനാവുക. വൈദ്യുതിനിരക്ക് തദ്ദേശസ്ഥാപനങ്ങളാണു നൽകുന്നത്. ഈ ഇനത്തിൽ 168 കോടിയാണ് പ്രതിവർഷ ചെലവ്. എൽ.ഇ.ഡി.യാക്കുന്നതോടെ ഇത് 50 കോടിയായി കുറയും.

'നിലാവി'ന്റെ ആദ്യഘട്ടം ജനുവരിയിൽ തുടങ്ങും. അനുമതിതേടി വൈദ്യുതി ബോർഡ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു കഴിഞ്ഞു. കേരളത്തിൽ 16.24 ലക്ഷം തെരുവുവിളക്കുകളുണ്ട്. തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് എൽ.ഇ.ഡി. ആക്കിയ തെരുവുവിളക്കുകൾ ഏതാണ്ട് 35 ശതമാനം വരും.

ബാക്കി 10.50 ലക്ഷം തെരുവുവിളക്കുകളാണ് മാറ്റേണ്ടിവരുന്നത്. ഒരു തെരുവുവിളക്കിന് 2000-2500 രൂപയാകും. പദ്ധതിച്ചെലവ് ഏതാണ്ട് 250 കോടി വരും. കേന്ദ്രസർക്കാരിനു കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ.) വഴിയാണ് നിലാവ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ മാർച്ചോടെ ഓരോ തദ്ദേശസ്ഥാപനങ്ങളിലെയും 500 വീതം തെരുവുവിളക്കുകളാണു മാറ്റുക. രണ്ടുമുതൽ നാലുവരെയുള്ള ഘട്ടങ്ങൾ ഏപ്രിൽമുതൽ ഡിസംബർവരെയുള്ള സമയത്ത് പൂർത്തിയാക്കും. പദ്ധതിച്ചെലവിന്റെ 80 ശതമാനം തുകയും മുൻകൂറായി കിഫ്ബിയിൽനിന്നു ലഭിക്കും. ബാക്കി തുക തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിൽനിന്നു പിടിക്കും.

വൈദ്യുതി ബോർഡിനാണ് പദ്ധതി നടപ്പാക്കാനുള്ള ചുമതല. എൽ.ഇ.ഡി. വിളക്കുകളും അനുബന്ധ സാമഗ്രികളും ഏഴുവർഷത്തെ വാറന്റിയോടെ ഇ.ഇ.എസ്.എൽ. വഴി ബോർഡ് വാങ്ങും.