ന്യൂഡൽഹി: തിഹാർ ജയിൽ മുറിയിൽ കിടന്ന് സുകാഷ് ചന്ദ്രശേഖർ എന്ന മുപ്പത്തിരണ്ടുകാരൻ എങ്ങനെയാണ് 200 കോടി രൂപയുടെ തട്ടിപ്പു നടത്തിയത് എന്ന അന്വേഷണം കേരളത്തിലേക്ക്. സുകാഷിന്റെ പങ്കാളി ലീന മരിയ പോൾ ഒരു മലയാളം വെബ് സീരിസിനു ഫണ്ട് ചെയ്തതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നതും ഈ സാഹചര്യത്തിലാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ ഒട്ടേറെക്കഥകൾ ഇനിയും പുറത്തെത്താനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.

നീം സ്ട്രീമിൽ പ്രക്ഷേപണം ചെയ്ത ഇന്റാ എ ഗ്രാമം എന്ന വെബ് സീരീസിലെ ഫണ്ടിംഗിനെ കുറിച്ചാണ് അന്വേഷണം. ഫെബ്രുവരിയിൽ യുട്യൂബിൽ റിലീസ് ചെയ്ത, പ്രമുഖ താരങ്ങൾ പലരും അഭിനയിച്ച ഒരു വെബ്‌സീരിസിന്റെ നിർമ്മാണത്തിനു പിന്നിൽ നിന്നതു ലീനയുടെയും സുകാഷിന്റെയും കമ്പനിയാണെന്നാണു പൊലീസ് കണ്ടെത്തൽ. ആഡംബര കാറുകൾ വാങ്ങാൻ സുകാഷിനെയും ഭാര്യ ലീന മരിയ പോളിനെയും സഹായിച്ച, സ്വകാര്യ കമ്പനി ഡയറക്ടർ അരുൺ മുത്തുവാണു ലീനയെയും സുകാഷിനെയും ഫിലിം കമ്പനി ആരംഭിക്കാൻ സഹായിച്ചതെന്നു പറയുന്നു.

മൃദുൽ നായറാണ് ഈ വെബ് സീരീസ് സംവിധാനം ചെയ്തത്. നിർമ്മാതാവായി ഡോ ലീന എസ് എന്നാണ് ഈ വെബ് സീരീസിൽ എഴുതി കാണിക്കുന്നത്. മലയാളത്തിലെ ആദ്യ വെബ് സീരീസ് എന്നാണ് അവകാശ വാദം. എൽ എസ് ഫിലിം കോർപ്പറേഷൻ എന്ന ബാനറിനൊപ്പം ദി ഫിലിമി ജോയിന്റ് എന്ന കമ്പനിയുടെ പേരും ഈ വെബ് സീരീസിന്റെ ഭാഗമാണ്. കൊച്ചിയിലെ പ്രമുഖ നേതാവിന്റെ മകനും ഈ ഇടപാടുകളിൽ പങ്കാളിയാണെന്നാണ് സൂചന. രമേശ് പിഷാരടിയും അലൻസിയറും തരികിട സാബുവും അടക്കമുള്ള പ്രധാന നടന്മാർ ഈ വെബ് സീരീസിന്റെ ഭാഗമാണ്.

കോമഡി മൂഡിലാണ് ഈ വെബ് സീരീസ് ഒരുക്കിയത്. ചട്ടമ്പി സ്വാമി ദിനം പ്രമാണിച്ച് ഇന്ന് ബിവറേജസിന് അവധി തുടങ്ങിയ തരത്തിലെ കോമഡികളുമായാണ് സീരീസ് കൈയടി നേടിയത്. കോവിഡ് കാലം സിനിമാ മേഖലയിൽ സ്തംഭനാവസ്ഥ തുടരുമ്പോഴായിരുന്നു വെബ് സീരീസ് ഉൾപ്പെടെയുള്ള സാധ്യതകളുമായി യുവചലച്ചിത്രകാരന്മാർ എത്തിയത്. വടക്കൻ മലബാറിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുകയാണ് സംവിധായകൻ മൃദുൽ നായർ ഒരുക്കിയ ഇൻസ്റ്റഗ്രാമം എന്ന വെബ് സീരീസ്. അണ്ടിപ്പാറ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഹ്യൂമർ വെബ് സീരീസിൽ കളിയേടത്ത് സുകു എന്ന കഥാപാത്രമായി ദീപക് പറമ്പോൽ, സൊസൈറ്റി ദത്തനായി ഗണപതി, പത്മരാജൻ അണ്ടിപ്പാറയായി സുബീഷ് സുധി, പക്ഞ്ചർ സുധിയായി ഷാനി ഷാക്കി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ.

കണ്ണൂരിലാണ് ഇൻസ്റ്റഗ്രാമം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. ആസിഫലി നായകനായ ബി ടെക് എന്ന ഹിറ്റ് ചിത്രമൊരുക്കിയ മൃദുൽ നായരുടെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു ഇൻസ്റ്റഗ്രാമം. വലിയൊരു നിര പുതുമുഖ താരങ്ങളും ഇൻസ്റ്റഗ്രാമത്തിലുണ്ടായിരുന്നു. ബാലു വർഗീസ്, അർജുൻ അശോകൻ, അലൻസിയർ, അംബികാ റാവു, സാബുമോൻ,വൈ വി രാജേഷ്, ഗായത്രി അശോക്, ജിലു ജോസഫ്, അപർണാ ജനാർദ്ദനൻ, കുളപ്പുള്ളി ലീല,ദിനേശ് പ്രഭാകർ, ബാബു അന്നൂർ, ജയപ്രകാശ് കുളൂർ, രാജേഷ് ശർമ്മ എന്നിവരും ഇൻസ്റ്റഗ്രാമത്തിലെ കഥാപാത്രങ്ങളാണ്.

ഈ വെബ് സീരീസിന് വേണ്ടി 2018 ലാണു ലീന കമ്പനി ആരംഭിക്കുന്നത്. വെബ്‌സീരിസ് നിർമ്മാണത്തിൽ ലീന പ്രധാന പങ്കാളിയായി. യുട്യൂബിൽ ഏറെ ശ്രദ്ധ നേടിയ സീരിസ് ഒരു മലയാളം ഒടിടി പ്ലാറ്റ്‌ഫോമിനു 3 കോടി രൂപയ്ക്കാണു വിറ്റത്. ഇതിൽ 90 ലക്ഷം രൂപ അരുൺ മുത്തു കൈകാര്യം ചെയ്യുന്ന കമ്പനിയുടെ അക്കൗണ്ടിലേക്കെത്തി. ഇതിൽ 75 ലക്ഷം രൂപ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർകാർ ആർട്ടിസ്റ്ററി എന്ന കമ്പനിക്കു കൈമാറി. 15 ലക്ഷം രൂപ കമ്മിഷനായി സ്വന്തം കൈവശം വച്ചു.

ഓഗസ്റ്റ് 11നു ലീന മരിയ പോൾ മുത്തുവിനെ വാട്‌സാപ് വഴി ബന്ധപ്പെട്ടു. ലീനയുടെ ഉടമസ്ഥതയിലുള്ള 8 അത്യാഡംബര കാറുകൾ പല സ്ഥലങ്ങളിലായി മാറ്റിയിടാൻ സഹായിച്ചത് അരുൺ മുത്തുവാണ്. ഈ വാഹനങ്ങളെല്ലാം ഇഡി പിന്നീടു കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ലീനയുടെ പല യാത്രകളും സ്വകാര്യ ജെറ്റിലായിരുന്നു. ഈ യാത്രകളിൽ കൊച്ചിയിലെ നേതാവിന്റെ മകനും അവരെ അനുഗമിച്ചിരുന്നു. ലീനയും സുകാഷും അറസ്റ്റിലായതോടെ ഇവർ പതിയെ മാഞ്ഞു.

കൊച്ചിയിലും ചെന്നൈയിലും ലീനയ്ക്ക് വമ്പൻ ബ്യൂട്ടി പാർലറുകളുണ്ട്. ഇത് മറയാക്കിയാണ് ഇവർ ബോളിവുഡ് നടികളെ തട്ടിപ്പിനായി ഉപയോഗിച്ചത്. ഇതിന് കൊച്ചിയിലെ സുഹൃത്തുക്കളും കൂട്ടു നിന്നു. തുടക്കത്തിൽ പ്രമുഖ ഫോട്ടോഗ്രാഫറായിലുന്നു ലീനയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പ്രമുഖ സിനിമാ സൂപ്പർസ്റ്റാറിന്റെ ഫോട്ടോഗ്രാഫറായിരുന്ന ഇയാൾ പിന്നീട് ലീനയുമായി അകന്നു. തട്ടിപ്പുകൾ മനസ്സിലാക്കിയായിരുന്നു ഇത്. പിന്നീടാണ് കൊച്ചിയിലെ നേതാവിന്റെ മകൻ ലീനയുമായി അടുക്കുന്നത്. ഇയാളെ കുറിച്ചും ഡൽഹി പൊലീസും ഇഡിയും അന്വേഷിക്കുന്നുണ്ട്.