മറയൂർ: മറയൂരിന് സമീപം തോട്ടം മേഖലയായ കാപ്പി സ്റ്റോറിൽ പുലിയുടെ ജഡം കണ്ടെത്തി. എട്ട് വയസ്സ് പ്രായമുള്ള പെൺപുലിയെയെയാണ് ചത്തനിലയിൽ കണ്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് തോട്ടം തൊഴിലാളികൾ പുലിയുടെ ജഡം കണ്ട വിവരമറിയിച്ചതിനെ തുടർന്ന് മൂന്നാർ റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പരിശോധനകൾ നടത്തി.

വനാതിർത്തിയിലെ തലയാർ തേയിലത്തോട്ടം 12 ഏക്കർ എന്ന സ്ഥലത്താണ് രണ്ട് ദിവസം പഴക്കം ചെന്ന നിലയിലായിരുന്നു പുലിയുടെ ജഡം കണ്ടെത്. ഈ പ്രദേശത്ത് രണ്ട് വർഷത്തിലേറെയായി പുലിയുടെ ആക്രമണത്തിൽ പത്തിലധികം കന്നുകാലികൾ ചത്തിരുന്നു. വൈൽഡ് ലൈഫ് വാർഡൻ, റെയിഞ്ച് ഓഫിസർമാർ, ഡോക്ടർമാർ,വന്യജീവി സംഘടനാംഗങ്ങൾ, ജനപ്രതിനിധികൾ, എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പകൽ പുലിയെ പോസ്റ്റുമോർട്ടം ചെയ്യും.

നാഷണൽ ടൈഗർ കൺസർവേഷൻ ആക്ട് പ്രകാരമുള്ള പ്രോട്ടോകോൾ അനുസരിച്ച് പുലിയെ രാത്രി പോസ്റ്റുമോർട്ടം ചെയ്യാൻ കഴിയാത്തതിനാലാണ് ഇന്ന് പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചതെന്ന് മൂന്നാർ റെയിഞ്ച് ഓഫിസർ എസ്.ഹരീന്ദ്രകുമാർ പറഞ്ഞു.