ന്യൂഡൽഹി: രാജ്യംകണ്ട ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ)യ്ക്കുശേഷം എൽഐസി ഓഹരികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ എത്തിയപ്പോൾ തുടക്കത്തിൽത്തന്നെ നഷ്ടം. ആറ് ദിവസത്തെ തുടർച്ചയായ തകർച്ചയ്ക്കുശേഷം നേട്ടത്തിൽ നിൽക്കുന്ന വിപണിയിലേക്കാണ് എൽഐസി ഓഹരി ലിസ്റ്റ് ചെയ്ത്. ഓഹരി സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 1345 പോയിന്റും എൻഎസ്ഇ നിഫ്റ്റി 417 പോയിന്റും നേട്ടമുണ്ടാക്കിയെങ്കിലും ഈ മുന്നേറ്റം എൽഐസി ഓഹരിക്ക് ഗുണം ചെയ്തില്ല.

949 രൂപയ്ക്ക് ഐപിഒയിൽ വിൽപന നടന്ന ഓഹരി ഇന്നലെ നാഷനൽ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ 872 രൂപയ്ക്കും (ഇടിവ് 8.11%) ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ 867.20 രൂപയ്ക്കുമാണ് (ഇടിവ് 8.62%) ലിസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ ഓഹരി വിറ്റ് 20,557 കോടി രൂപയാണു സമാഹരിച്ചത്. എന്നാൽ, അങ്ങനെ വാങ്ങിയ ഓഹരി ഇന്നലെ വിറ്റു ലാഭമെടുക്കാനിറങ്ങിയവർക്കു നിരാശയാണുണ്ടായത്. വില ഒരു ഘട്ടത്തിൽ 920 രൂപ വരെ ഉയർന്നെങ്കിലും പിന്നീട് ഇടിഞ്ഞു. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ എൻഎസ്ഇയിൽ 875.25 രൂപയും ബിഎസ്ഇയിൽ 875.45 രൂപയുമാണ് ഒരു ഓഹരിയുടെ വില.

ഇഷ്യൂ വിലയേക്കാൾ താഴ്ന്ന് ലിസ്റ്റ് ചെയ്തതിനാൽ നിക്ഷേപകർക്ക് ആസ്തിമൂല്യത്തിൽ 42,500 കോടി രൂപയുടെ നഷ്ടമുണ്ടായി. പ്രാഥമിക ഓഹരി വിൽപ്പനവേളയിൽ എൽഐസിക്ക് കണക്കാക്കിയിരുന്ന ആറുലക്ഷം കോടി രൂപ എന്ന വിപണിമൂല്യം 5.57 ലക്ഷം കോടിയായി ചുരുങ്ങി. ആറ് ദിവസം നീണ്ട ഐപിഒയിൽ എല്ലാ വിഭാഗങ്ങളിലും മികച്ച പ്രതികരണമായിരുന്നെങ്കിലും നഷ്ടത്തിലായിരിക്കും ലിസ്റ്റിങ് എന്ന് വിപണി പ്രതീക്ഷിച്ചിരുന്നു. ദിനവ്യാപാരവേളയിൽ 903 നിലവാരത്തിലേക്ക് വില കയറിയെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് വീണു. ഒടുവിൽ ബിഎസ്ഇയിൽ 7.77 ശതമാനം താഴ്ന്ന് 875.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്‌സും നിഫ്റ്റിയും 3 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയ (2.5%) ദിവസമായിട്ടും എൽഐസി ഓഹരിക്ക് ഉയരം കണ്ടെത്താനായില്ല. ഇളവുണ്ടായിരുന്നതിനാൽ പോളിസി ഉടമയ്ക്ക് 889 രൂപയ്ക്കും സാധാരണ നിക്ഷേപകന് 904 രൂപയ്ക്കുമാണ് ഓഹരി ലഭിച്ചത്. ലിസ്റ്റിങ് വില 889 രൂപയിൽ താഴെപ്പോയതിനാൽ ആർക്കും ആദ്യദിവസം ലാഭം നേടാനായില്ല.

ഐപിഒയിലെ വിലയെക്കാൾ കൂടിയ വിലയിൽ ലിസ്റ്റ് ചെയ്യുകയും അതുവഴി നിക്ഷേപകർക്ക് ആദ്യംതന്നെ ലാഭം ഉണ്ടാകുകയും ചെയ്യുമെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ പ്രതീക്ഷ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്കാകും ലിസ്റ്റിങ് നടക്കുകയെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം.

രൂപ ഇടിഞ്ഞു, പണപ്പെരുപ്പം കൂടി

അതേസമയം ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ വീഴ്‌ച്ചയെ സൂചിപ്പിക്കും വിധത്തിൽ രൂപയ്ക്ക് വില തകർച്ച ഉണ്ടായിട്ടുണ്ട്. പണപ്പെരുപ്പ നിരക്കിൽ വീണ്ടും വർധന. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 77.80 നിലവാരത്തിലേക്ക് ഇടിഞ്ഞപ്പോൾ അതു പുതിയ റെക്കോർഡായി. മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കു കുതിച്ചുയർന്നത് 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്കാണ് 15.08%.

കുറഞ്ഞ വരുമാനക്കാരെ നാണ്യപ്പെരുപ്പം കാര്യമായി ബാധിക്കില്ലെന്ന കേന്ദ്രധനമന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അത്തരം പരാമർശം നടത്തിയിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) അറിയിപ്പ്. പരാമർശം വ്യാജമാണെന്നാണ് പിഐബി ഫാക്ട് ചെക്ക് ടീമിന്റെ ട്വീറ്റ്. ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലെ പരാമർശം എന്തുകൊണ്ടാണ് വ്യാജമെന്ന് പിഐബി ചൂണ്ടിക്കാട്ടുന്നതെന്ന് വ്യക്തമല്ല.