കൊച്ചി: ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചവരിൽനിന്ന് 2018-ൽ പ്രളയാനന്തരം വീട് അറ്റകുറ്റപ്പണിക്കായി നൽകിയ തുക തിരിച്ചുപിടിക്കുന്നു. പ്രളയത്തിൽ തകർന്ന വീടുകളുടെ നവീകരണത്തിനായി പതിനായിരം മുതൽ രണ്ടര ലക്ഷം രൂപ വരെ നൽകിയിരുന്നു. ഈ തുകയാണ് കിഴിക്കുന്നത്.

അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പഴക്കമുള്ള പല വീടുകളും വാസയോഗ്യമല്ലാതായതോടെയാണ് പുതിയ വീടുകൾ നിർമ്മിക്കുന്നതിനായി ഇതേ കുടുംബങ്ങൾ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിച്ചത്. ഇതുപ്രകാരം ഓരോ വാർഡിൽ നിന്നും അർഹരായവരെ കണ്ടെത്തി മുൻഗണന ക്രമത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇവർക്ക് വീടു നിർമ്മിക്കാൻ നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു.

ആദ്യഘട്ടത്തിൽ പട്ടികജാതി വിഭാഗത്തിനും മത്സ്യത്തൊഴിലാളികൾക്കുമാണ് തുക അനുവദിച്ചത്. തുക വിതരണം ആരംഭിക്കുകയും ചെയ്തു. തുക അനുവദിച്ചിട്ടുള്ള കുടുംബങ്ങളിൽ ഏറിയ പങ്കും പ്രളയത്തിൽ നാശം സംഭവിച്ചതിനെ തുടർന്ന് വീടിന്റെ നവീകരണത്തിനായി തുക കൈപ്പറ്റിയവരാണ്. ഇവർക്ക് അന്ന് കൈപ്പറ്റിയ തുക കിഴിച്ചാണ് ഇപ്പോൾ നൽകുന്നത്. ഇതോടെ പലർക്കും തുച്ഛമായ തുകയാണ് കിട്ടുന്നത്. നിലവിൽ ലഭിക്കുന്ന തുക വച്ച് വീട് പൂർത്തീകരിക്കാൻ കഴിയില്ലെന്നാണ് ആക്ഷേപം.

എറണാകുളം കടമക്കുടി പഞ്ചായത്തിൽ നൂറു കണക്കിന് വീടുകളാണ് പ്രളയത്തിൽ തകർന്നത്. ഇവിടെ 28 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ട 46 കുടുംബങ്ങൾക്കുമാണ് ലൈഫിൽ വീട് അനുവദിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് പറഞ്ഞു.

ഇവരിൽ ഭൂരിഭാഗത്തിനും വീട് നവീകരണത്തിന് പ്രളയ ഫണ്ട് ലഭിച്ചിട്ടുണ്ട്. ഈ തുക കുറച്ച് മാത്രം നൽകിയാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം. ഇതോടെ പല കുടുംബങ്ങൾക്കും വീട് പൂർത്തിയാക്കാൻ പറ്റാത്ത സ്ഥിതിയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.