''അച്ഛൻ കാണാൻ സുന്ദരനായിരുന്നു, വളരെ അധികം പഠിച്ച വ്യക്തിയായിരുന്നു, വളരെ മാന്യമായാണ് പെരുമാറിയിരുന്നത്. ഇതുകൊണ്ടൊക്കെ തന്നെ അന്ന് അച്ഛന് ചാക്ക് കണക്കിന് പ്രേമലേഖനങ്ങളാണ് വന്നിരുന്നത്. വീട്ടിൽ വേലക്കാരിയായി എങ്കിലും ജീവിച്ചാൽ മതിയെന്ന് വരെ പലരും പറഞ്ഞിട്ടിട്ടുണ്ട്. ഇങ്ങനെ അച്ഛനെ തേടി വീട് വിട്ട് ഓടി വന്നവരെ തിരികെ വീട്ടിൽ കൊണ്ടുവിടുന്നതും അച്ഛന്റെ ജോലിയായിരുന്നു. അവരോടൊക്കെ അച്ഛൻ പറഞ്ഞിരുന്നു പഠിച്ചു വലിയ ആളാകണമെന്ന്. അച്ഛന് എല്ലാ പെൺകുട്ടികളും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരായിരിക്കണമെന്നാണ് ആഗ്രഹം. ഒരു സ്ത്രീയെയും അച്ഛൻ ഇതുവരെ മുതലെടുത്തിട്ടില്ല. പക്ഷേ സ്ത്രീകളാണ് അച്ഛനെ മുതലെടുത്തിരുന്നത്. ''- ലോകത്തിൽ ഒരു മകളും തന്റെ പിതാവിനെക്കുറിച്ച് ഇതുപോലെ ഒരു അനുസ്മരണം എഴുതാൻ വഴിയില്ല. തമിഴിലെ കാതൽ മന്നൻ എന്ന് അറിയപ്പെട്ടിരുന്നു അനശ്വര നടൻ ജെമിനി ഗണേശന്റെ മകൾ കമല സെൽവരാജ് എഴുതിയ വരികൾ ആണിത്.

രണ്ടുവർഷം മുമ്പ് ഇറങ്ങിയ, നമ്മുടെ ദുൽഖർ സൽമാനും, കീർത്തി സുരേഷം വേഷമിട്ട് 'മഹാനടി' എന്ന സിനിമയിൽ, തന്റെ പിതാവ് ജെമിനി ഗണേശനെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് മകൾ ഈ പ്രതികരണവുമായി രംഗത്ത് എത്തിയത്. സ്ത്രീകളെ തന്റെ അച്ഛൻ ആയിരുന്നില്ല വഴിതെറ്റിച്ചത്, അവർ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നുവെന്നായിരുന്നു മകളുടെ വെളിപ്പെടുത്തൽ! ജെമിനി ഗണേശന്റെ സുഹൃത്തുക്കളും, അക്കാലത്തെ സിനിമാ പത്രപ്രവർത്തകരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇന്ത്യയിലെ ഒരു നടനും ജെമിനിക്ക് ഉണ്ടായിരുന്നത്ര, ലേഡി ഫാൻസ് ഉണ്ടായിരുന്നില്ല. ശരിക്കും ഒരു ഇന്ത്യൻ കാസനോവ തന്നെയായിരുന്നു ജെമിനി ഗണേശൻ. ഇന്നും അദ്ദേഹം വേഷമിട്ട 200ഓളം കഥാപാത്രങ്ങൾ അല്ല അദ്ദേഹത്തിന്റെ പ്രണയ ജീവിതമാണ് വാർത്തകളിൽ നിറയാറുള്ളത്.

കോളജ് ലക്ച്ചറിൽനിന്ന് നടനിലേക്ക്

ജെമിനി ഗണേശനെ പുതിയ തലമുറ അറിയുന്നത് 'അവ്വേ ഷൺമുഖി'യിലെ, കമൽഹാസന്റെ ഭാര്യാപിതാവായിട്ടാണ്. വയസ്സ് 80നോട് അടുത്ത നിൽക്കുന്ന സമയത്തുള്ള ആ വേഷം കണ്ടവർക്ക് അറിയാം അദ്ദേഹത്തിന്റെ മുഖത്തെ ഐശ്വര്യം. ഒരുപാട് കഷ്ടപ്പെട്ട് നടനായ വ്യക്തിയല്ല താൻ എന്ന് പല അഭിമുഖങ്ങളിലും ജെമിനി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. 1920 ൽ തഞ്ചാവൂരിലെ പുതുക്കോട്ടൈയിൽ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. പേര് രാമസ്വാമി ഗണേശൻ. ബിരുദം എടുത്ത ശേഷം താമ്പരത്തെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ലക്ചററായി ജോലിക്കു കയറി. പക്ഷേ അപ്പോഴും മനസ്സിൽ സിനിമയായിരുന്നു. വൈകാതെ ലക്‌ച്ചറർ ജോലി ഉപേക്ഷിച്ച് കോടമ്പോക്കത്തെ ജെമിനി സ്റ്റുഡിയോയിൽ അദ്ദേഹം പ്രൊഡക്ഷൻ അസിസ്ററന്റായി. അങ്ങനെയാണ് രാമസ്വാമി ഗണേശൻ ജെമിനി ഗണേശൻ ആവുന്നത്.

1947ൽ 'മിസ്സ് മാലിനി'യിലൂടെ ആയിരുന്നു അരങ്ങേറ്റം എങ്കിലും, ശ്രദ്ധിക്കപ്പെട്ടത് അൻപത്തി മൂന്നിൽ തായ് ഉള്ളം എന്ന ചിത്രത്തിലെ വില്ലൻ വേഷമായിരുന്നു. 54ൽ 'മനം പോലെ മംഗല്യം' എന്ന ചിത്രത്തിലൂടെ താര പദവിയും നേടി. അൻപതിലധികം വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ അദ്ദേഹം ഇരുനൂറോളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും വേഷമിട്ടു. അദ്ദേഹത്തിന്റെ കാമുക കഥാപാത്രങ്ങളെ ഇന്നും ജനം ഓർക്കുന്നത് അനശ്വര ഗായകരായ എ. എം രാജ, പി. ബി ശ്രീനിവാസ് തുടങ്ങിയവർ പാടിയ നിരവധി പ്രണയഗാനങ്ങളിലൂടെ ആണ്. എഴുപത്തി ഒന്നിൽ അദ്ദേഹത്തിന് കേന്ദ്ര സർക്കാർ പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. കൂടാതെ കലൈമാമണി, എം ജി ആർ ഗോൾഡ് മെടൽ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കുമാരസംഭവം, സ്വാമി അയ്യപ്പൻ , ശ്രീ മുരുകൻ എന്നിവ ഉൾപ്പടെ നിരവധി സിനിമകളിൽ ജമിനി ഗണേശൻ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മിക്കതിലും ദൈവങ്ങളുടെ വേഷമായിരുന്നു. മലയാളവും അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമായിരുന്നു. നടൻ സത്യനാണ് തന്നെ മലയാളം പഠിപ്പിച്ചത് എന്ന് അദ്ദേഹം അഭിമാനത്തോടെ പറയുമായിരുന്നു.

ശിവാജിയെയും കമലിനെയും കണ്ടെത്തിയ നടൻ

അഭിനയിച്ച സിനിമകളേക്കാൾ ഏറെ അദ്ദേഹം ചരിത്രത്തിൽ അടയാളപ്പെടുത്തുക, ശിവാജി ഗണേശനെയും, കമൽഹാസനെയും കണ്ടെത്തിയ നടൻ എന്ന രീതിയിൽ അയിരിക്കും. ജെമിനി സ്റ്റുഡിയോയിൽ സിനിമകൾക്കായി നായകന്മാരെ കണ്ടെത്തുന്ന ജോലി ചെയ്തുകൊണ്ടിരിക്കെ, ഒരിക്കൽ ചാൻസ് അന്വേഷിച്ചവരുടെ കൂട്ടത്തിൽ പ്രമുഖ നടൻ ശിവാജി ഗണേശനുമുണ്ടായിരുന്നു. നാടക നടനായ ശിവാജിയെ സിനിമയിലേക്ക് ശിപാർശ ചെയ്തതും, ജെമിനിയായിരുന്നു. അതുപോലെ തന്നെ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കാൻ എത്തിയ കമൽഹാസന്റെ പ്രകടനം കണ്ട് ഇവൻ വലിയ നടൻ ആവുമെന്നും അദ്ദേഹം പ്രവചിച്ചു. കമലിനെ പലയിടത്തും ശിപാർശ ചെയ്തു.

നടന്മാരില്ലാതെ വരുമ്പോൾ ഗണേശൻ ജെമിനിയിലെ ചെറിയ ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെട്ടു. പതുക്കെ അദ്ദേഹം കയറിവന്നു. എം.ജി.ആർ, ശിവാജി എന്നിവർക്കൊപ്പം ത്രിമൂർത്തികളിലൊരാളായി തിളങ്ങി. അവർ ഇരുവരും ഘടാഘടിയൻ വേഷങ്ങളും, തട്ടുപൊളിപ്പൻ സംഭാഷണങ്ങളും കൊണ്ട് കത്തിക്കയറുമ്പോൾ, മൃദുവേഷങ്ങളും സൗമ്യമായ സംഭാഷണങ്ങളും കൊണ്ട് പിടിച്ചുനിന്ന ജെമിനി ഗണേശനെ അക്കാരണങ്ങൾ കൊണ്ടു തന്നെ സാമ്പാർ എന്നാണ് സിനിമാക്കാർ വിളിച്ചിരുന്നത്. പ്രണയവേഷങ്ങളിൽ അദ്ദേഹം തകർത്തു. ഏതാണ്ട് ഇരുപതുകൊല്ലം തമിഴ് സിനിമയിലെ കാതൽ മന്നനായി അദ്ദേഹം വാണു.

നിരവധി സ്ത്രീകളുമായി ബന്ധവും, വിവാഹങ്ങളും, വിവാഹ മോചനവും ഒക്കെയായി അദ്ദേഹത്തിന്റെ വ്യക്തി ജീവിതം കലുഷിതമായിരുന്നു. അക്കാലത്തെ ആചാരപ്രകാരം വളരെ ചെറുപ്രായത്തിൽതന്നെ അലമേലു എന്ന യുവതിയെ അദ്ദേഹം ജീവിത സഖിയാക്കി. നടൻ ആയത് പിന്നീടാണ്. അതിനു ശേഷം നടി പുഷ്പവല്ലി, നടി സാവിത്രി എന്നിവർക്കൊപ്പം ലിവിങ്ങ് ടുഗദർപോലെ ജീവിക്കുകയും പിരിയുകയും ചെയ്തു. പ്രശസ്ത ഹിന്ദി സിനിമാതാരവും, മാദകസുന്ദരി ഇമേജുമുള്ള രേഖ അദ്ദേഹത്തിന് പുഷ്പവല്ലിയിലുണ്ടായ മകളാണ്. 75ാം വയസ്സിൽ ജൂലിയാന എന്ന 39കാരിയെയും അദ്ദേഹം വിവാഹം കഴിച്ചു. ആ ബന്ധവും വേർപെട്ടു. നാല് ഭാര്യമാരിലായി അദ്ദേഹത്തിന് എഴു മക്കളുണ്ട്. എന്നാൽ തന്റെ ആത്മകഥയിൽ അദ്ദേഹം രേഖപ്പെടുത്തുന്നത് ആദ്യഭാര്യ അലമെലുവിനോടായിരുന്നു മനസ്സുകൊണ്ട് ഏറെ അടുപ്പം എന്നാണ്.

ഇതിൽ നടി പുഷ്പവല്ലിയുടെയും നടി സാവിത്രിയുടെയും ജീവിതം തകർത്തത് ജെമിനിയാണെന്ന് പിൽക്കാലത്ത് വിമർശനം വന്നു. ഒരുകാലത്ത് തെന്നിന്ത്യൻ താര റാണിയായ സാവിത്രി എല്ലാം നശിച്ച്, റോഡിലിരുന്ന് മദ്യപിക്കുന്ന അവസ്ഥപോലും ഉണ്ടാക്കിയത് ജെമിനി ഗണേശനാണെന്ന് പരാതി ഉയർന്നു. ഇതിൽ സാവിത്രിയുടെ കഥയാണ് 'മഹാനടി' എന്ന ചിത്രം. ഇതിലെ അഭിനയത്തിന് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ജെമിനിയുടെ വേഷം ചെയ്തത് ദുൽഖർ സൽമാനാണ്.

പുഷ്പവല്ലിയുമായി ലിവിംങ്  ടുഗദർ

ലിവിംങ് ടുഗദർ എന്ന് കേട്ടിട്ടില്ലാത്ത അമ്പതുകളിൽ, അത് തുടങ്ങിയ വ്യക്തിയാണ് ജെമിനി ഗണേശൻ. ഒരു ഭാര്യ നിൽനിൽക്കെതന്നെ തമിഴ് നടി പുഷ്പവല്ലിയുമായി അദ്ദേഹം ജീവിതം തുടങ്ങി. ലിവിംങ്് ടുഗദറുകളുടെ ഇന്ത്യൻ പിതാവ് എന്നാണ് ഒരു പത്രം അദ്ദേഹത്തെ ട്രോളിയത്.

രണ്ടു കുട്ടികളുടെ അമ്മയായ നടി പുഷ്പവല്ലി ജെമിനിയുടെ കമ്പനി ആർട്ടിസ്റ്റായിരുന്നു. സുബ്രഹ്മണ്യൻ ശ്രീനിവാസൻ എന്ന എസ്.എസ്. വാസനാണ് ജെമിനിയുടെ ഉടമയും സംവിധായകനും. ജെമിനി നിർമ്മിക്കുന്ന ചിത്രങ്ങളിലെല്ലാം പുഷ്പവല്ലിയുണ്ട്. വൈകാതെ വാസന്റെ കാമുകിയായി പുഷ്പവല്ലി മാറി. വിവാഹിതനായിരുന്ന വാസൻ അവൾക്ക് എന്തും കൊടുക്കാൻ സന്നദ്ധനായിരുന്നു. ഭാര്യാപദവി ഒഴികെ. 1947 ൽ ആർ.കെ. നാരായണന്റെ കഥയിൽ പുഷ്പവല്ലി നായികയായി വാസൻ സംവിധാനം ചെയ്ത 'മിസ് മാലിനി' വലിയ ഹിറ്റായി. ചിത്രത്തിൽ ചെറിയ റോളിൽ രാമസ്വാമി ഗണേശൻ എന്ന യുവാവും അഭിനയിച്ചിരുന്നു.

ഈ സുന്ദരനായ യുവാവിനെ നായകനാക്കി വാസൻ പുതിയ ഹിന്ദിചിത്രമെടുത്തു-സൻസാർ. പുഷ്പവല്ലിയായിരുന്നു നായിക. അതും ഹിറ്റ്. പുഷ്പവല്ലിയും പുതിയ നായകനും തമ്മിലടുത്തു. അപ്പോഴേക്കും രാമസ്വാമി ഗണേശൻ ജെമിനി ഗണേശനായി മാറി. പ്രണയവും കരിയറും തമ്മിൽ തുലനം ചെയ്തപ്പോൾ പുഷ്പവല്ലി സ്വീകരിച്ചത് ആദ്യത്തേതായിരുന്നു. മറ്റു നായകന്മാരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ മടിച്ച പുഷ്പവല്ലി വാസന്റെ അപ്രീതിക്കിരയായി. അതോടെ സിനിമയിൽനിന്നു പുഷ്പവല്ലി പുറത്തായി.

പിന്നെ പുഷ്പവല്ലിയുടെ എക ആശ്രയം ജെമിനി മാത്രമായി. ഒരു ദിവസം ബീച്ചിൽ കാറ്റുകൊണ്ടിരിക്കുന്ന ജെമിനി ഗണേശന്റെ എടുത്ത് കരഞ്ഞുകൊണ്ട് എത്തിയ പുഷ്പവല്ലി പറഞ്ഞത് 'എനിക്ക് അങ്ങയിൽനിന്ന് ഒരു കുട്ടിയെ മാത്രം മതിയെന്നാണ്'-( അക്കാലത്തെ ജെമിനി തരംഗത്തിൽ പലസ്ത്രീകളും പിന്നീട് ഇതേ ഡയലോഗ് പറഞ്ഞിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പിന്നീട് എഴുതുകയുണ്ടായി)

അതോടെ ജെമിനി ഗണേശന്റെ ഒപ്പമായി പുഷ്പവല്ലിയുടെ ജീവിതം. 1954ൽ പുഷ്പവല്ലി രേഖയ്ക്കു ജന്മം നൽകുമ്പോൾ കാതൽ മന്നനു സിനിമയിൽ പുതിയൊരു കാമുകിയെ കിട്ടിയിരുന്നു. തെലുങ്കു നടി സാവിത്രി. സാവിത്രിയെ ജെമിനി ഗണേശൻ രഹസ്യവിവാഹം ചെയ്തുവെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെ ജെമിനിയിൽ നിന്ന് പുഷ്പവല്ലി വീണ്ടും ഗർഭം ധരിച്ചു. ആ മകളാണ് രേഖയുടെ അനുജത്തി രാധ. പിന്നീട് അവർ തമ്മിലുള്ള ബന്ധം അധികനാൾ നീണ്ടുനിന്നില്ല. മകൾക്ക് ഭാനുരേഖ ഗണേശൻ എന്ന് പുഷ്പവല്ലി പേരിട്ടതു ജെമിനി ഗണേശൻ തന്നെ നിരസിച്ചതിലുള്ള വാശിയിൽ നിന്നാണെന്നാണ് പറയുന്നത്. ഇതിനിടെ കെ. പ്രകാശ് എന്ന ഛായാഗ്രാഹകനെ പുഷ്പവല്ലി വിവാഹം ചെയ്തു. അതിലുമുണ്ടായി രണ്ടു മക്കൾ.

ജെമിനി ഗണേശൻ പുഷ്പവല്ലിക്കു സമ്മാനിച്ചത് ജീവിതം തകർക്കാൻ പറ്റിയൊരു ഹോബി കൂടിയായിരുന്നു. കുതിരപ്പന്തയം. ജെമിനി അകന്നു പോയിട്ടും പുഷ്പവല്ലി കുതിരപ്പന്തയത്തിൽ പണമെറിഞ്ഞു. സർവതും നഷ്ടമായി. കുടുംബം പുലർത്താൻ ചെറിയ വേഷങ്ങളിൽ ഓടി നടന്ന് അഭിനയിക്കേണ്ടി വന്നു, പിന്നീട് പുഷ്പവല്ലിക്ക്.

ഒരേ പിതാവിന്റെ മക്കൾ പരിചയപ്പെടുന്നത് സ്‌കൂളിൽ!

രേഖ കുഞ്ഞായിരുന്നപ്പോഴാണ് ജെമിനി ഗണേശൻ അവരെ ഉപേക്ഷിച്ച് പോയത്. അതുകൊണ്ടുതന്നെ ഏകാന്തമായ ബാല്യമായിരുന്നു രേഖയുടേത്. അക്കാലത്ത് ജെമിനി ഗണേശൻ അവളെ മകളായി അംഗീകരിച്ചിരുന്നില്ല. മദ്രാസിലെ പ്രസന്റേഷൻ കോൺവെന്റിൽ ജെമിനി ഗണേശന്റെ മകൾ നാരായണി ഗണേശനും, രേഖയുമെല്ലാം ഒരുമിച്ചാണു പഠിച്ചിരുന്നത്. പ്രായമായതോടെ സിനിമകൾ കുറഞ്ഞ പുഷ്പവല്ലി മക്കളെ കഷ്ടപ്പെട്ടാണു വളർത്തിയത്. ജെമിനി ഗണേശന്റെ മക്കളാകട്ടെ സമ്പന്നതയുടെ മടിത്തട്ടിലും. എന്നും ഓരോ കാറിലാണ് അവർ സ്‌കൂളിൽ വന്നിരുന്നത്. ഒരിക്കൽ സഹോദരിയെ കാണാൻ രേഖ നേരിട്ടു ചെന്നു. നിങ്ങളെന്താണ് ഓരോ ദിവസം ഓരോ കാറിൽ വരുന്നതെന്നായിരുന്നു രേഖയുടെ നിഷ്‌കളങ്കമായ ചോദ്യം. അങ്ങനെ പരിചയപ്പെട്ടപ്പോൾ ആണ് അവർ ഒരേ പിതാവിന്റെ മക്കളാണെന്ന് അറിയുന്നത്! ഈ രംഗം മഹാനടി എന്ന സിനിമയിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. ആ ഡിലീറ്റഡ് സീൻ ദുൽഖർ സൽമാൻ പുറത്തുവിട്ടപ്പോഴും ലക്ഷങ്ങളാണ് കണ്ടത്.

എന്നിരുന്നാലും തന്റെ കുട്ടിക്കാലം അതിശയകരമായ ഒന്നാണെന്നാണ് രേഖ പറയുന്നത്. 'അച്ഛന് ഞങ്ങളെ ഉപേക്ഷിച്ച് എന്റെ കുട്ടിക്കാലത്ത് തന്നെ പോയി. അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നുവോ എന്നതിനെ കുറിച്ചുള്ള ഒരു ഓർമകളും എനിക്കില്ല. അമ്മയെ കുറിച്ചോ ഞങ്ങളുടെ കുടുംബത്തെ കുറിച്ചോ അദ്ദേഹം ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. അമ്മ പറഞ്ഞ കഥകളിലൂടെയാണ് അച്ഛനെ പരിചയം'- രേഖ പറയുന്നു.

രേഖയ്ക്കായിരുന്നു ജെമിനിയുടെ മാസ്മരിക സൗന്ദര്യം അതേപടി കിട്ടിയത്. അതുകൊണ്ട് മകളെ എങ്ങനെയെങ്കിലും നടിയാക്കാനുള്ള ശ്രമത്തിലായി പുഷ്പവല്ലി. പക്ഷേ എസ്.എസ്.എൽ.സി തോറ്റ രേഖ 1968ൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. ആശുപത്രിയിൽ കണ്ണുതുറക്കുമ്പോൾ അരികിൽ അമ്മ. മകൾക്കു മുന്നിൽ മൂന്നു നിർദ്ദേശങ്ങൾവച്ചു പുഷ്പവല്ലി. ഒന്നുകിൽ വീണ്ടും പഠിക്കാം, അല്ലെങ്കിൽ വിവാഹം കഴിക്കാം, അതുമല്ലെങ്കിൽ സിനിമയിൽ ചേരാം. പഠിക്കാനോ കല്യാണം കഴിക്കാനോ രേഖയ്ക്കു താൽപര്യമില്ലായിരുന്നു. അങ്ങനെ സിനിമയിലെത്തി.

പിതാവിനോട് മധുരമായി പകവീട്ടിയ രേഖ

മകളെ സിനിമയിലെത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു പുഷ്പവല്ലി. മകൾക്ക് അവസരങ്ങൾ തേടി ആ അമ്മ അലഞ്ഞു. പക്ഷേ, രേഖയെ നായികയാക്കിയാൽ അന്നു കത്തി നിൽക്കുന്ന ജെമിനി ഗണേശന്റെ ദേഷ്യം ഏറ്റുവാങ്ങേണ്ടി വരുമെന്ന കാരണത്താൽ നിർമ്മാതാക്കളാരും താൽപ്പര്യം കാണിച്ചില്ല. ജെമിനി ഗണേശനെ കാണാൻ ആരാധകർ തിങ്ങിക്കൂടി നിന്ന സ്റ്റുഡിയോകളിൽ തന്നെ, പുതിയ സിനിമകളുടെ ഒഡീഷനായി രേഖയെ പുഷ്പവല്ലി കൊണ്ടുചെന്നു.

'അഞ്ജനസഫർ' എന്ന ചിത്രത്തിൽ നായികയാക്കാൻ വാണിശ്രീയെ തേടി മദ്രാസിൽ വന്ന നെയ്റോബിയിലെ ബിസിനസുകാരൻ കുൽജിത് സിങ് യാദൃശ്ചികമായാണു സെറ്റിലിരുന്നു ഭക്ഷണം കഴിക്കുന്ന രേഖയെ കാണുന്നത്. നിർമ്മാതാവ് നേരെ പുഷ്പവല്ലിയെ തേടി വീട്ടിലെത്തി. 'മകൾക്ക് ഹിന്ദി അറിയാമോ' എന്നായിരുന്നു ആദ്യ ചോദ്യം. എന്റെ മകൾ മിടുക്കിയാണ്, നിങ്ങൾ ഹിന്ദിയിൽ കൊടുക്കുന്ന സംഭാഷണം അവൾ ഇംഗ്ലിഷിൽ എഴുതി കാണാതെ പറയുമെന്ന് അമ്മ പറഞ്ഞു. ആ പരീക്ഷണത്തിൽ രേഖ അനായാസം വിജയിച്ചു.

രേഖ ബോംബെയിലെത്തി. വർഷം 1969. അപരിചിതമായ നഗരം. ജുഹുവിലെ അജന്ത ഹോട്ടലിലെ 115ാം നമ്പർ മുറിയിലാണ് ആദ്യ ദിവസം താമസിച്ചത്. ഭാഷയറിയാതെ പുതിയൊരു ലോകത്ത് എത്തിയ പതിനാലുകാരിയുടെ ഉൾഭയം ആ മുറിയിൽ കനത്തു നിന്നു. കറുത്ത നായിക എന്ന് ബോംബെയിലെ സിനിമാമാസികകൾ തലക്കെട്ടിട്ടു. 35 ഇഞ്ച് അരവണ്ണമുള്ള നായിക എന്നാണു ചിലർ വിശേഷിപ്പിച്ചത്.

പിന്നീട് ബോളിവുഡിൽ രേഖ നടത്തിയത് സമാനതകളില്ലാത്ത തേരോട്ടമാണ്. ശർമിള ടഗോറും ആഷാ പരേഖും സൈറാ ബാനുവും ജയയും അതിന്റെ ചൂടറിഞ്ഞു. നീളൻ കണ്ണുകളും ടിപ്ടോപ് മുടിയിഴകളുമായി പൂന്തോട്ടങ്ങളിൽ നൃത്തംചെയ്ത നായികമാർ ഭാനുരേഖ ഗണേശന്റെ വശ്യതയിൽ കരിഞ്ഞുവീണു. 25000 രൂപയായിരുന്നു ആദ്യസിനിമയിലെ പ്രതിഫലം. അടുത്ത സിനിമയിൽ അതിന്റെ ഇരട്ടി. എഴുപതുകളിൽ സിനിമയുടെ കഥപോലും കേൾക്കാതെ സിനിമകൾ അഭിനയിച്ചുകൂട്ടിയത് അമ്മയുൾപ്പെടെ ഏഴുപേരുടെ കുടുംബത്തെ നോക്കാൻവേണ്ടി മാത്രമായിരുന്നുവെന്നു രേഖ പറയുന്നു.

ആദ്യസിനിമയിലെ നായകൻ ബിശ്വജിത്തുമായുള്ള രേഖയുടെ ചുംബനം ലൈഫ് മാസികയുടെ കവറായിരുന്നു. അന്നുതൊട്ടിന്നുവരെ മുംബൈയിലെ സിനിമാ മാസികകളുടെ തെന്നുന്ന പേജുകളിൽ സ്വന്തം ശരീരചിത്രങ്ങൾ യൗവനത്തിനു കനവുകൾ നെയ്യാൻ കൊടുത്ത് അവർ രസിച്ചു. പ്രണയമിറ്റുവീഴുന്ന ഗോസിപ്പുകളിൽ രേഖയുടെ പേർ അവർ കൊരുത്തിട്ടു. തുറന്നങ്ങോട്ട് രേഖയുടെ കാലമായി. അതോടെ പിതാവിനും ഈ മകൾ അഭിമാനമായി.

1994ൽ ഫിലിംഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജെമിനി ഗണേശനു നൽകാൻ സംഘാടകർ രേഖയെ വിളിച്ചു. വേദിയിലെത്തിയ രേഖ പിതാവിന്റെ കാൽതൊട്ട് വന്ദിച്ചു. 'എന്റെ പ്രിയപ്പെട്ട മകളുടെ കയ്യിൽ നിന്ന് ഇത്തരമൊരു ബഹുമതി വാങ്ങുന്നതിൽ അഭിമാനമുണ്ട്' എന്നായിരുന്നു ജെമിനി ഗണേശന്റെ പ്രസംഗം. അവിഹിത സന്തതിയെന്നു സമൂഹം അവഹേളിച്ച മകളെ അച്ഛൻ അംഗീകരിക്കുന്ന അനർഘ നിമിഷം കാണാൻ പുഷ്പവല്ലി ഇല്ലാതെപോയി എന്നാണ് അന്ന് പലരും എഴുതിയത്.

പിതാവിനെ ഓർമ്മിപ്പിച്ച് രേഖയുടെ പ്രണയ ജീവിതം

ബോളിവുഡ്ഡിലെ സർപ്പസുന്ദരി എന്ന് അറിയപ്പെട്ടിരുന്ന രേഖ, പക്ഷേ പിതാവിനെ അനുകരിച്ചത് പ്രണയത്തിന്റെ കാര്യത്തിലായിരുന്നു. അമിതാബച്ചൻ, ജിതേന്ദ്ര, കിരൺ കുമാർ, തുടങ്ങിയ നിരവധിപേരുമായി ഓരോഘട്ടത്തിലും അവർ പ്രണയത്തിലായിരുന്നെന്ന് ഗോസിപ്പുകൾ വന്നു. നടനും സംവിധായകനുമായ വിനോദ് മെഹ്റ 1973 അവർ വിവാഹം കഴിച്ചെങ്കിലും അത് വൈകാതെ ഡിവോഴ്സിൽ കലാശിച്ചു. 1990ൽ മുകേഷ് അഗർവാൾ എന്ന നിർമ്മാതാവിന്റെ വിവാഹം കഴിച്ചെങ്കിലും തൊട്ടടുത്ത വർഷം. മുകേഷ് ആത്മഹത്യ ചെത്തു.

1980 കളിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച ഒരു പാട് ചിത്രങ്ങളിൽ രേഖ നായികയായി. ബച്ചനുമായി യഥാർഥ ജീവിതത്തിലും ബന്ധമുണ്ടെന്ന് രേഖക്കെതിരെ ആരോപണങ്ങൾ വന്നു. അന്ന് പ്രശസ്ത നടി ജയയും അമിതാഭിനൊപ്പം മത്സരിച്ച് അഭിനയിച്ചിരുന്നു. പിന്നീട് അമിതാബ് ജയയെ വിവാഹം കഴിച്ചു. ജയക്ക് ഇന്നും രേഖയോട് കുശുമ്പാണെന്നാണ് ബോളിവുഡിലെ പിന്നാമ്പുറ വർത്താമാനം. രേഖക്കൊപ്പം അഭിനയിക്കുന്നതിൽ അവർ അമതിതാബിനെ വിലക്കിയിരുന്നു. 1981 ൽ യശ് ചോപ്ര നിർമ്മിച്ച സിൽസില എന്ന ചിത്രത്തോടെ പിന്നീട് ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.

സിനിമയിൽ രേഖയുടെ ഉയർച്ചകൾക്കും വ്യക്തിജീവിതത്തിലെ വീഴ്ചകൾക്കുമെല്ലാം പുഷ്പവല്ലി സാക്ഷിയായിരുന്നു. 1991ലായിരുന്നു പുഷ്പവല്ലിയുടെ മരണം. അമ്മയുടെ വിയോഗം രേഖയെ തളർത്തി. ഭർത്താവ് മുകേഷ് അഗർവാൾ രേഖയുടെ ദുപ്പട്ടയിൽ ജീവനൊടുക്കിയതിന്റെ പിറ്റേവർഷമായിരുന്നു അമ്മയുടെ മരണം. ജീവിതത്തോടുള്ള രേഖയുടെ കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾക്ക് ഇതു കാരണമായി. സമൂഹത്തെ ഞെട്ടിച്ച പ്രസ്താവനകളുമായി വിവാദങ്ങളുടെ മുനത്തുമ്പിൽ ജീവിച്ച രേഖ സ്വയം ഉൾവലിഞ്ഞു. മുംബൈയിലെ തന്റെ വീടിന് പുഷ്പവല്ലിയെന്നാണു രേഖ നൽകിയിരിക്കുന്ന പേര്.പത്രപ്രവർത്തകൻ യാസിൻ ഉസ്മാന്റെ 'രേഖ ദ് അൺടോൾഡ് സ്റ്റോറി' എന്ന ജീവിതകഥയിൽ അമ്മയും മകളും തമ്മിലുള്ള ഗാഢബന്ധത്തിന്റെ നനവുണ്ട്.

46ാം വയസ്സിൽ കുടിച്ച് മരിച്ച മഹാനടി

അൻപതുകളിലും അറുപതുകളിലും തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികയായിരുന്നു സാവിത്രി. തെന്നിന്ത്യൻ സിനിമയിലെ താരറാണി. വഴക്കമാർന്ന നൃത്തച്ചുവടുകളും അസാമാന്യ അഭിനയശേഷിയുമുള്ള, പ്രസരിപ്പുള്ള വ്യക്തിത്വമായിരുന്നു അവർ. 'നാലായിരം സാരികളുള്ള സാവിത്രി' എന്നൊക്കെയായിരുന്നു അന്ന് സിനിമ മാസികളിൽ ഇവരെക്കുറിച്ച് വാർത്തകൾ വരാറുണ്ടായിരുന്നത്.

അക്കാലത്തെ മുൻനിര നായകന്മാരെല്ലാം സാവിത്രിയുടെ സൗകര്യമനുസരിച്ച് ഷെഡ്യൂളുകൾ നൽകുമായിരുന്നു. തമിഴ്, തെലുങ്ക് ഉൾപ്പെടെ വിവിധ ഭാഷകളിലായി 260ലേറെ ചിത്രങ്ങളിൽ സാവിത്രി അഭിനയിച്ചു. സ്ത്രീയുടെ ജീവിതം വീടിന്റെ നാലു ചുവരുകൾക്കുള്ളിലാണ് എന്നു വിശ്വസിച്ച സമൂഹത്തിൽ, സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചു കാണിച്ച ആൾ കൂടിയാണ് സാവിത്രി. ആ സാവിത്രിയായിരുന്നു ജെമിന ഗണേശന്റെ അടുത്ത ഭാര്യ. ജെമിനി ഗണേശനും ജൂലിയാന എന്ന പെൺകുട്ടിയും തമ്മിലുള്ള പ്രണയമാണ് ഈ ബന്ധം തകർത്തത് എന്നാണ് പറയുന്നത്. ഇതേകഥയാണ് 'മഹാനടി' സിനിമയും പറയുന്നത്.

എന്നാൽ ജെമിനിയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മറ്റൊരു കഥയാണ് പറയാനുണ്ടായിരുന്നത്. സിനിമ നിർമ്മിക്കരുതെന്ന് ജെമിനി ഗണേശൻ ആവർത്തിച്ച് പറഞ്ഞിട്ടും കേൾക്കാതെ സാവിത്രി നിർമ്മാതാവ് ആയതാണ് ആ ബന്ധത്തിന് വിലങ്ങായത് എന്നാണ്. ഈ സിനിമകൾ ആവർത്തിച്ച് പരാജയപ്പെട്ടതോടെ സാവിത്രി ആകെ പൊളിഞ്ഞു. ഒപ്പം ചില ബന്ധങ്ങളും അവർക്കുണ്ടായിരുന്നു. ഇതിനിടെ കിട്ടിയ മദ്യപാന ശീലം എല്ലാം വഷളാക്കി. അവസാനം കീറിപ്പറഞ്ഞ വസ്ത്രമിട്ട് റോഡിൽ ഇരുന്ന് പരസ്യമായി മദ്യപിക്കുന്ന നിലയിലേക്ക് പോലും ആ നടി മാറി.

മഹാനടി ചിത്രത്തിലെ പല രംഗങ്ങൾക്കുമെതിരെ ജെമിനി ഗണേശന്റെ മറ്റൊരു മകളായ ഡോക്ടർ കമല സെൽവരാജ് പ്രതികരിച്ചിരുന്നു. സാവിത്രിക്ക് ആദ്യമായി മദ്യം നൽകിയത് തന്റെ അച്ഛനല്ലെന്നും സംവിധായകൻ അത്തരത്തിൽ കാണിച്ചത് തന്നെ ശരിക്കും വേദനിപ്പിച്ചുവെന്നുമാണ് കമല പറഞ്ഞത്. ഇടക്ക് സാവിത്രിയെ കാണാൻ ജെമിനി ഗണേശൻ എത്തിയപ്പോൾ അവർ പട്ടിയെ അഴിച്ചുവിടുകയാണ് ഉണ്ടായത്. സാവിത്രി മരിച്ചിട്ടും ജെമിനി കാണാൻ പോയതുമില്ല.

തകർച്ചക്ക് കാരണം ജെമിനിയല്ല

ജെമിനി ആദ്യഭാര്യയിലെ മകൾ കമല സെൽവരാജ് ഇങ്ങനെ എഴുതുന്നു'' സാവിത്രി അബോധാവസ്ഥയിൽ തളർന്നു കിടക്കുമ്പോൾ ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് എല്ലാ കടമകളും ചെയ്തത് തന്റെ അമ്മ അലമേലുവാണെ്. ഈ കഥയിൽ യഥാർഥത്തിൽ നായിക എന്റെ അമ്മയാണ്.ഈ സിനിമയിൽ സ്ത്രീകളുടെ പിറകെ നടക്കുന്ന ആളായാണ് അച്ഛനെ കാണിച്ചത്. എന്റെ അച്ഛൻ അങ്ങനെയുള്ള ഒരാളല്ല. സ്ത്രീകൾ അദ്ദേഹത്തിന് പുറകെയാണ് വന്നിരുന്നത്. അച്ഛന്റെ പുറകെ വന്നിരുന്ന സ്ത്രീകൾ അവിവാഹിതകളായിരുന്നു. അച്ഛൻ ആരുടെയും കുടുംബം തകർത്തിട്ടില്ല. അച്ഛൻ വിവാഹിതനാണെന്ന് സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടു കുഞ്ഞുങ്ങൾ ഉണ്ടെന്നും. അവരാണ് കുടുംബം തകർത്തത്.'- കമല ചൂണ്ടിക്കാട്ടുന്നു.

നടി സാവിത്രിയുടെ ജീവിതത്തിലെ തകർച്ചയ്ക്ക് കാരണം ജെമിനി ഗണേശനല്ലെന്ന് നടൻ രാജേഷ് വ്യക്തമാക്കിയതും വലിയ വാർത്തയായി. മഹാനടി എന്ന സിനിമ കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. -'ജെമിനി ഗണേശൻ ഒരേ സമയം ഒരുപാട് സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണെന്ന് സാവിത്രിക്ക് വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ അറിയാമായിരുന്നു. എല്ലാം അറിഞ്ഞിട്ടും അദ്ദേഹത്തെ തന്നെ ഭർത്താവായി സ്വീകരിക്കാൻ അവർ തീരുമാനിച്ചു. അതാണ് അവർ ചെയ്ത ഏറ്റവും വലിയ തെറ്റ്'- രാജേഷ് പറഞ്ഞു.

സാവിത്രിയുടെ കടുത്ത ആരാധകനാണ് രാജേഷ്. അണ്ണാനഗറിലെ ഒരു സെറ്റിൽ ചിത്രീകരണത്തിന് പോയപ്പോഴാണ് രാജേഷ് സാവിത്രിയെ ആദ്യമായി കാണുന്നത്.
'സാവിത്രിയുടെ വസതി അവിടെയായിരുന്നു. അന്ന് അവർ പൂർണമായും അബോധാവസ്ഥയിലായിരുന്നു. ഞാൻ ഒരു ആരാധകനായാണ് അവിടെ ചെന്നത്. സാവിത്രി അമ്മയുടെ മകൻ സതീഷ് വന്നു. അവന് ഒരു പത്ത് വയസ്സു മാത്രമേ പ്രായമുള്ളൂ. കാത്തിരിക്കൂ അമ്മ ഡ്രസ് ചെയ്യുകയാണെന്ന് പറഞ്ഞു. അൽപ്പ സമയം കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു. ജീവിതത്തിലെ ഒരു അവസരത്തിലും ഞാൻ ഇത്രമാത്രം ഞെട്ടിയിട്ടില്ല. ആ കാഴ്ച വിശദീകരിക്കാനാവില്ല. ആർക്കും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. എത്രമാത്രം ദാനധർമ്മങ്ങൾ ചെയ്തു. എന്നിട്ടും അവസാനക്കാലത്ത് എത്രമാത്രം അനുഭവിച്ചു.

അവരെ എല്ലാവരും പറ്റിച്ചു. വീട് ജപ്തി ചെയ്തു. സാവിത്രിയമ്മ കയ്യിൽ ഒന്നുമില്ലാതെ പുറത്തേക്കിറങ്ങിയപ്പോൾ അവരുടെ ഡ്രൈവർ പുറത്ത്കാത്തുനിൽക്കുന്നുണ്ടായിരുന്നു. പേഴ്‌സ് തുറന്ന് കാറിന്റെ ചാവി അയാൾക്ക് നീട്ടി സാവിത്രിയമ്മ പറഞ്ഞു 'എങ്ങനെയെങ്കിലും പോയി ജീവിക്കൂ' എന്ന്. ആ ഡ്രൈവർ കേരളത്തിലേക്ക് പോയി ഒരുപാട് വണ്ടി വാങ്ങി വലിയ പണക്കാരനായി'- രാജേഷ് കൂട്ടിച്ചേർത്തു.

നാലാം വിവാഹവും വാർധക്യത്തിലെ ഒറ്റപ്പെടലും

75ാം വയസ്സിലായിരുന്നു ജെമിനി ഗണേശന്റ അവസാനം വിവാഹം. 39കാരി ജൂലിയാന എന്ന മലേഷ്യയിൽ നിന്നുള്ള ഒരു വനിതയെയാണ് അദ്ദേഹം കല്യാണം കഴിക്കുന്നത്. വൈകാതെ ഈ ബന്ധവും തെറ്റി പിരിഞ്ഞു. ആ ഡിവോഴ്സിന് ആദ്ദേഹം കോടികൾ നഷ്ടപരിഹാരം കൊടുക്കേണ്ടിയും വന്നു. പിന്നെ അദ്ദേഹം കാലങ്ങളോളം ഒരു ജോലിക്കാരൻ പോലുമില്ലാതെ തികച്ചും ഒറ്റയ്ക്കായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഇതേക്കുറിച്ച് മകൾ നാരായണി ഗണേശൻ ഇങ്ങനെ എഴുതുന്നു- ''അദ്ദേഹത്തിന് ഒരാളുമായും യോജിച്ചു പോകാൻ പറ്റില്ലായിരുന്നു; കൂടെയുണ്ടായിരുന്ന എല്ലാവരെയും ഒഴിവാക്കി. ഒരിക്കൽ ഷോറൂമിൽ വന്നപ്പോൾ കൈപ്പത്തിയിൽ ഒരു വലിയ മുറിവ് ചുറ്റിക്കെട്ടിയിരുന്നു. എന്തുപറ്റിയതാണ് എന്ന് തിരക്കിയപ്പോൾ, ഒരു മാങ്ങാ മുറിച്ചപ്പോൾ കത്തി കൊണ്ട് കയ്യിൽ ആഴത്തിലുള്ള മുറിവുണ്ടായ കാര്യം പറഞ്ഞു. 'കൂടെ ആരുമില്ല' എന്ന സങ്കടം അദ്ദേഹത്തിന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്ന പോലെ തോന്നിയിരുന്നു. ആ മുറിവിൽ അണുബാധയുണ്ടായി പഴുപ്പ് കൂടിക്കൂടിയാണ് ഒടുവിൽ അദ്ദേഹത്തിന് മരണം വരെ സംഭവിക്കുന്നത്.''

എക്കാലവും ജെമിനി ഗണേശന് ശക്തമായ കൂട്ടായി നിന്നത് കൗമാരത്തിൽ ഭാര്യയായി വന്ന ടി ആർ അലമേലു എന്ന ബോബ്ജിയാണ്. തങ്ങളുടെ അർധ സഹോദരങ്ങളുമായി ഇണങ്ങി ജീവിക്കാൻ ബോബ്ജി തന്റെ മക്കളെ പഠിപ്പിച്ചു. മറ്റ് മൂന്ന് ഭാര്യമാരും ഉപേക്ഷിച്ചെങ്കിലും, അലമേലു ജെമിനി ഗണേശനെ ഒരിക്കലും പിരിയുന്നില്ല. മരണം വരെ അവർ അദ്ദേഹത്തിന് കൂട്ടായിരുന്നു.

മകൾ നാരായണി ഗണേശനും ഇക്കാര്യം ശരിവെക്കുന്നു. കാന്തിക ശക്തിയുള്ള വ്യക്തിത്വമാണ് ജെമിനി ഗണേശന്റേത്. ചാമിങ്, സുന്ദരൻ, സ്നേഹനിധി, തമാശക്കാരൻ, ഉത്തരവാദിത്തമുള്ളയാൾ, തുടങ്ങി എന്തൊക്കെ വാക്കുകൾ ഉപയോഗിച്ചാണ് തന്റെ പിതാവിനെ വരച്ചുകാട്ടേണ്ടത് എന്ന് തനിക്കറിയില്ലെന്ന് നാരായണി എഴുതുന്നു. 2002 മാർച്ച് 22നാണ് ജെമിനി ഗണേശൻ താൻ ഏറെ സ്നേഹിച്ച് ജീവിതം വെടിഞ്ഞത്. അതേ വർഷം കൃത്യം ഏഴുമാസം കഴിഞ്ഞപ്പോൾ താൻ ഏറെ സ്നേഹിച്ച ജെമിനിയുടെ അടുത്തേക്ക് അലമേലുവും യാത്രയായി.

ജെമിനി ഗണേശന്റെ സിനിമകളിൽ കുട്ടിയായി വേഷമിട്ടിരുന്നത് കമൽഹാസൻ ഇങ്ങനെ പറയുന്നു. ''ജെമിനി മാമ ജീവിതത്തേക്കാൾ വലിയൊരാളാണ്. സ്‌ക്രീൻ പ്രഭാവത്തെക്കാൾ ആകർഷകമായ എന്തോ ഒന്ന് അദ്ദേഹത്തിലുണ്ട്. അദ്ദേഹം ജീവിതവുമായി പ്രണയത്തിലായിരുന്നു, അതിലെ എല്ലാത്തിനെയും അതിയായി സ്നേഹിച്ചു''.


റഫറൻസ്- 'ഇറ്റേണൽ റൊമാന്റിക്, മൈ ഫാദർ ജെമിനി ഗണേശൻ' -നാരായണി ഗണേശൻ

'വാഴ്ക്കൈ പടയ' (ദി ബോട്ട് ഓഫ് ലൈഫ്).- ജെമിനി ഗണേശന്റെ അത്മകഥ -ജയശ്രീ വിശ്വനാഥൻ

'രേഖ ദ അൺടോൾഡ് സ്റ്റോറി'- യാസിൻ ഉസ്മാൻ