തിരുവനന്തപുരം: കോവിഡ് മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്നുള്ള ആത്മഹത്യകളുടെ എണ്ണം കൂടുകയാണ്. ജീവിതം വഴിമുട്ടി ആത്മഹത്യയെ പുൽകുന്നവരുടെ കൂട്ടത്തിലാണ് തിരുവനന്തപുരത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയുടെ മരണവും. മുറിഞ്ഞപാലത്ത് ആത്മഹത്യ ചെയ്ത ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ നിർമ്മൽ ചന്ദ്രൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.

കോവിഡ് കാരണം പ്രതിസന്ധിയിലായ നിർമ്മലിന് പത്ത് ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നാണ് സഹോദരൻ പറയുന്നത്. ബിരുദ വിദ്യാർത്ഥിനിയായ മകളുടെ സ്വർണം അടക്കം പണയത്തിലായിരുന്നു. കോവിഡ് കഴിഞ്ഞ് എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയിലായിരുന്നു നിർമ്മൽ. എന്നാൽസ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി നീണ്ടതോടെ ജീവിതം തന്നെ വഴിമുട്ടുകയായിരുന്നു.

കടയുടെ വാടക നൽകാൻ പോലും നിർമ്മലിന്റെ കൈയിൽ പണമില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.ലോക്ക്ഡൗണിൽ കച്ചവടം ഇല്ലാതായതോടെയാണ് നിർമ്മൽ ചന്ദ്രൻ കോഴിക്കട ബിസിനസിലേക്ക് തിരിഞ്ഞത്. വായ്പയെടുത്തായിരുന്നു ബിസിനസ് ആരംഭിച്ചത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ കച്ചവടം ലഭിച്ചില്ല.

സാമ്പത്തിക പ്രയാസത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെയാകാം ആത്മഹത്യയെന്നാണ് നിഗമനം. കല്ലമ്പലത്ത് വച്ചാണ് നിർമ്മൽ ചന്ദ്രൻ ആത്മഹത്യ ചെയ്തത്. 53 വയസായിരുന്നു.