തിരുവനന്തപുരം: ഡബിൾ ബാരൽ ഇറങ്ങിയ സമയത്ത് ഉണ്ടായ വിവാദങ്ങളെത്തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞ ഒരു വാചകമുണ്ട്.. സോറി ഗയ്‌സ്... നോ പ്ലാൻസ് ടു ചെയ്ഞ്ച്... നോ പ്ലാൻസ് ടു ഇംപ്രസ്.. ഇപ്പോൾ ചുരുളി വിവാദത്തിലും സമാന രീതിയിൽ തന്നെയാണ് സംവിധായകന്റെ നിലപാട്.ചുരുളി വിവാദം കത്തുമ്പോഴും അതിലൊന്നും ശ്രദ്ധ കൊടുക്കാതെ തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് ലിജോ.

മമ്മൂട്ടി നായകനാകുന്ന 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാദങ്ങളിൽ സംവിധായകൻ പ്രതികരണങ്ങൾ ഒന്നും നടത്തിയിരുന്നില്ല.സിനിമയുടെ ചിത്രീകരണം തമിഴ് നാട്ടിൽ പുരോഗമിക്കുകയാണ്. പൂർണമായും തമിഴ് നാട്ടിൽ ഷൂട്ട് നടക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

പുതിയ ബാനറിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടെയാണ് നൻപകൽ നേരത്ത് മയക്കം.ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പേരൻപ്, പുഴു എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.