പാരീസ്: ബാഴ്‌സലോണ വിട്ട അർജന്റീന സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമനിൽ ചേരുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനകൾ പൂർത്തിയാക്കാൻ പാരീസിലെത്തി. പാരീസിലെ ലെ ബൊർഗെറ്റ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേൽക്കാനായി വൻ ആരാധകസംഘമാണ് പുറത്തു തടിച്ചു കൂടിയത്.

വിമാനത്താവളത്തിൽ നിന്ന് ദിസ് ഈസ് പാരീസ് എന്ന ടീ ഷർട്ട് ധരിച്ച് ആരാധകർക്ക് നേരെ ചിരിയോടെ കൈവീശുന്ന ചിത്രവും പുറത്തുവന്നു. രണ്ടു വർഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണിൽ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വർഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്.

 

മെസിയും പിഎസ്ജിയും തമ്മിൽ കരാർ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എൽ ക്വിപ്പെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വൈദ്യ പരിശോധനകൾ പൂർത്തിയായശേഷം മെസിയുമായി കരാറിലെത്തിയ കാര്യം പി എസ് ജി അധികം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനുശേഷം മെസ്സിയെ പിഎസ്ജിയുടെ ഔദ്യോഗിക ജേഴ്‌സിയിൽ അവതരിപ്പിക്കും. മെസിയെ ഈഫൽ ഗോപുരത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് പി എസ് ജി പദ്ധതിയിടുന്നത് എന്നാണ് സൂചന.

 

ഇതോടെ, ബാർസിലോനയിൽ സഹതാരവും അടുത്ത സുഹൃത്തുമായ ബ്രസീൽ താരം നെയ്മാർ, ബാർസയുടെ ബദ്ധവൈരികളായ റയൽ മഡ്രിഡിൽ കളിച്ചിരുന്ന സ്പാനിഷ് താരം സെർജിയോ റാമോസ്, പുതു തലമുറയിലെ സൂപ്പർ താരം കിലിയൻ എംബപ്പെ, അർജന്റീന ടീമിൽ സഹതാരമായ എയ്ഞ്ചൽ ഡി മരിയ എന്നിവർക്കൊപ്പം മെസ്സി ഈ സീസണിൽ പന്തു തട്ടും.

എണ്ണപ്പണത്തിന്റെ കിലുക്കവുമായി ഖത്തർ ഉടമകളായ ക്യു.എസ്‌ഐ പി.എസ്.ജിയെ ഏറ്റെടുത്ത ശേഷം ക്ലബ്ബിലേക്ക് വരുന്ന ഏറ്റവും വലിയ താരമാകും മെസ്സി. ഇതോടെ മെസ്സി-എംബാപ്പെ-നെയ്മർ ത്രയം ലോകമെമ്പാടുമുള്ള പ്രതിരോധ നിരകൾക്ക് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.

21 വർഷമായി ബാർസിലോനയ്ക്കായി കളിക്കുന്ന ലയണൽ മെസ്സി, അപ്രതീക്ഷിതമായാണ് ടീം വിട്ടത്. മെസ്സിയുമായുള്ള കരാർ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ താരം ടീമിൽ തുടരില്ലെന്ന് ബാർസയാണ് ആദ്യം ട്വീറ്റ് ചെയ്തത്.

2000 സെപ്റ്റംബറിൽ തന്റെ പതിമൂന്നാം വയസിൽ ബാഴ്‌സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല. ബാഴ്സയ്ക്കായി 778 മത്സരങ്ങൾ കളിച്ച മെസ്സി 672 ഗോളുകൾ സ്‌കോർ ചെയ്തിട്ടുണ്ട്. 35 ട്രോഫികളാണ് താരം ബാഴ്സയ്ക്കൊപ്പം സ്വന്തമാക്കിയത്.

ഈ സീസണൊടുവിൽ ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസി ഫ്രീ ഏജന്റായിരുന്നു. തുടർന്ന് മെസിക്കായി അഞ്ച് വർഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. എന്നാൽ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാർ സാധ്യമാകാതെ വരികയായിരുന്നു.

ബാഴ്സയിലെ വിടവാങ്ങൽ പത്രസമ്മേളത്തിൽ പൊട്ടിക്കരഞ്ഞു ലിയോണൽ മെസി. കണ്ണുകൾ നിറഞ്ഞാണ് മെസി വേദിയിലെത്തിയത് തന്നെ. ബാഴ്സലോണയോടുള്ള ആത്മബന്ധം വ്യക്തമാക്കി വൈകാരികമായിരുന്നു മെസിയുടെ ഓരോ വാക്കുകളും. 'കരിയറിലെ തുടക്കം മുതൽ ഞാനെല്ലാം ബാഴ്സലോണയ്ക്ക് വേണ്ടി സമർപ്പിച്ചു. ഞാനിവിടുന്ന് പോകുന്നുവെന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നില്ല. ആരാധകർ എന്നോട് കാണിക്കുന്ന സ്നേഹത്തിനെല്ലാം ഞാൻ നന്ദിയുള്ളവനായിരിക്കും. ഇവിടെ നിന്ന് ഇങ്ങനെ പടിയിറങ്ങുമെന്ന് എന്റെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു' എന്നും വാർത്താസമ്മേളനത്തിൽ മെസി പറഞ്ഞു.

മെസ്സി ടീമിലെത്തിയതിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പിഎസ്ജി പ്രത്യേക പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മെസ്സിക്കു പ്രതിഫലമായി നൽകേണ്ടി വരുന്ന വൻതുക കണ്ടെത്താൻ ടീമിലെ പത്തോളം താരങ്ങളെ വിൽക്കാൻ പിഎസ്ജി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഓരോ വർഷവും 2.5 കോടി രൂപ യൂറോ (ഏകദേശം 218 കോടി രൂപ) ആണ് പ്രതിഫലമായി മാത്രം പിഎസ്ജി മെസ്സിക്കു നൽകുക. മെസ്സിയുടെ വരവോടെ ടെലിവിഷൻ, വാണിജ്യ കരാറുകളും ജഴ്‌സി വിൽപനയും ക്ലബ്ബിന് നേട്ടമാകുമെങ്കിലും യുവേഫയുടെ സാമ്പത്തികനിയന്ത്രണങ്ങളുടെ പരിധി വിടാതിരിക്കാൻ മറ്റു വരുമാനങ്ങൾ കൂടി പിഎസ്ജി കണ്ടെത്തേണ്ടതുണ്ട്. ഇതിനാണ് താരങ്ങളെ വിൽക്കുന്നത് പരിഗണിക്കുന്നത്.

സെനഗൽ താരങ്ങളായ അബ്ദോ ദിയാലോ, ഇദ്രിസ ഗെയ്, ജർമൻ താരം തിലോ കെറർ, ബ്രസീലിയൻ താരം റാഫിഞ്ഞ എന്നിവർക്കു വേണ്ടിയുള്ള ഓഫറുകൾക്ക് പിഎസ്ജി സന്നദ്ധമാണ്. അർജന്റീന താരം മൗറോ ഇകാർദി, സ്പാനിഷ് താരം ആൻഡർ ഹെരേര എന്നിവരെയും മറ്റു ക്ലബ്ബുകൾക്ക് വിൽക്കുന്നതോ വായ്പ നൽകുന്നതോ പരിഗണനയിലുണ്ട്.

കിലിയൻ എംബപ്പെയുമായുള്ള കരാർ അടുത്ത വർഷം തീരുമെങ്കിലും ഫ്രഞ്ച് താരത്തെ ക്ലബ്ബിൽ തന്നെ നിലനിർത്തണമെന്നാണ് പിഎസ്ജിയുടെ ആഗ്രഹം. മെസ്സിക്കു പുറമേ ഈ സീസണിൽ തന്നെ സ്പാനിഷ് ഡിഫൻഡർ സെർജിയോ റാമോസ്, ഡച്ച് മിഡ്ഫീൽഡർ ജോർജിനിയോ വൈനാൾഡം, ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമ്മ, മൊറോക്കൻ ഡിഫൻഡർ അച്‌റഫ് ഹാക്കിമി എന്നിവരെ സ്വന്തമാക്കിയ സാമ്പത്തിക ബാധ്യതയും ഫ്രഞ്ച് ക്ലബ്ബിനുണ്ട്.