റിയോഡി ജനീറോ: ഫുട്‌ബോളിലെ രണ്ട് പ്രധാന ടൂർണ്ണമെന്റുകൾ ഒരുമിച്ചവസാനിച്ചതിന്റെ സങ്കടത്തിലാണ് ഫുട്‌ബോൾ പ്രേമികൾ.നിരാശയിലിരിക്കുന്ന ഫുട്‌ബോൾ ആരാധകർക്കായി ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ദക്ഷിണ അമേരിക്കൻ ഫുട്‌ബോൾ സംഘടനയായ കോൺമെബോലാ.കോപ്പ, യൂറോ ടൂർണമെന്റുകൾ സൃഷ്ടിച്ച ആവേശം പുതിയ തലത്തിലേക്ക് ഉയർത്തി ഒരു സൂപ്പർ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നതായി റിപ്പോർട്ട്. കോപ്പ അമേരിക്ക ചാംപ്യന്മാരായ ലയണൽ മെസ്സിയുെട അർജന്റീനയും യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും മുഖാമുഖമെത്തുന്ന ഒരു 'സൂപ്പർ കപ്പ് ' മത്സരം നടത്താനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാണെന്നാണ് വിവരം.

അർജന്റീനയും ഇറ്റലിയും തമ്മിലുള്ള പോരാട്ടത്തിന്റെ സാധ്യത തേടി കോൺമെബോൽ, യൂറോ കപ്പിന്റെ സംഘാടകരായ യുവേഫയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ യുവേഫ നിലപാട് വ്യക്തമാക്കിയിട്ടില്ല. ചാമ്പ്യന്മാരുടെ മത്സരം അണിയറയിൽ ഒരുങ്ങുമ്പോഴും, അത് ഉടനെയൊന്നും നടക്കില്ലെന്നാണ് വിവരം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2022ലെ ഫിഫ ലോകകപ്പിനു മുന്നോടിയായി ഈ മത്സരം സംഘടിപ്പിക്കാനാണ് ശ്രമം.

നേരത്തെ, വൻകരാ ടൂർണമെന്റുകളിലെ ജേതാക്കൾ മുഖാമുഖമെത്തുന്ന ടൂർണമെന്റ് 'ഫിഫ കോൺഫെഡറേഷൻസ് കപ്പ്' എന്ന പേരിൽ സംഘടിപ്പിച്ചിരുന്നു. ഈ ടൂർണമെന്റ് പാതിവഴിയിൽ നിന്നുപോയി. 2017ൽ റഷ്യയിലാണ് ഏറ്റവും ഒടുവിൽ കോൺഫെഡറേഷൻസ് കപ്പ് നടന്നത്. അന്ന് ജർമനിയായിരുന്നു ജേതാക്കൾ.

കോൺഫെഡറേഷൻസ് കപ്പിനു പുറമെ, യൂറോ കപ്പിലെയും കോപ്പ അമേരിക്കയിലെയും ജേതാക്കൾക്കായി അർത്തേമിയോ ഫ്രാഞ്ചി ട്രോഫി 1985ലും 1993ലും സംഘടിപ്പിച്ചിരുന്നു. ഫ്രാൻസ് ആയിരുന്നു ഈ ടൂർണമെന്റിലെ ആദ്യ ജേതാക്കൾ. യുറഗ്വായെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അന്ന് ഫ്രാൻസ് തോൽപ്പിച്ചത്. 1993ൽ ഡെന്മാർക്കിനെ തോൽപ്പിച്ച് അർജന്റീനയും ജേതാക്കളായി.