തിരുവനന്തപുരം: ഡിസംബർ എട്ടിന് ആദ്യഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന ജില്ലകളിൽ ഞായറാഴ്ച ആറ് മണിക്ക് ശേഷം മദ്യവിതരണമോ വിൽപ്പനയോ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണർ വി ഭാസ്‌കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നിയന്ത്രണം. പരിശോധന കർശനമാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പൊലീസിനും കമ്മീഷൻ നിർദ്ദേശം നൽകി.

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. അഞ്ച് ജില്ലകളിലായി ആകെ 88,26,620 വോട്ടർമാരാണുള്ളത്. ഇതിൽ 41,58,341 പുരുഷന്മാരും 46,68,209 സ്ത്രീകളും 70 ട്രാൻസ് ജൻഡേഴ്സുമാണ്. 25,584 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

കോവിഡ് പശ്ചാത്തലത്തിൽ പ്രചാരണസമാപനത്തോടനുബന്ധിച്ചുള്ള കൊട്ടിക്കലാശം നിർബന്ധമായും ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.