ആലപ്പുഴ: കെഎസ്ആർടിസി വിജിലൻസ് വിഭാഗം ബസിൽനിന്നു മദ്യം പിടിച്ചെടുത്തു. കെഎസ്ആർടിസിയുടെ കൊല്ലൂർ മൂകാംബിക-ആലപ്പുഴ സൂപ്പർ ഡീലക്‌സ് ബസിൽ നിന്നാണ് മദ്യം കണ്ടെടുത്തത്.സംഭവത്തിനു പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയോടെ ബസ് ആലപ്പുഴ ബസ്സ്റ്റാൻഡിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് മൂന്നര ലീറ്റർ വിദേശ മദ്യം പിടികൂടിയത്. ഇതേ തുടർന്ന് ബസിലെ ഡ്രൈവർ കം കണ്ടക്ടർമാരായ സി.ജെ ഡിക്‌സൺ, എ.ചന്ദ്രൻ എന്നിവർ ഓടി രക്ഷപ്പെടുകയായിരുന്നു.

തിരുവനന്തപുരത്തെ കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ വിജിലൻസാണ് മദ്യം പിടികൂടിയത്. കേസ് ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി. അന്വേഷണം തുടങ്ങിയതായി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അറിയിച്ചു.