തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള റീജിയണൽ ഔട്ട്‌റീച് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ വൈറസിനൊപ്പം ജീവിതം എന്ന വിഷയത്തിൽ ഇന്ന് ഒരു ഫേസ് ബുക്ക് ലൈവ് സംഘടിപ്പിച്ചു. അതിവേഗത്തിൽ പകരാനുള്ള കൊറോണ വൈറസിന്റെ ശേഷിയാണ് ഏറ്റവും വലിയ ആശങ്കയെന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ദേശീയ ആരോഗ്യ മിഷന്റെ വയനാട് ട്രൈബൽ ഇൻഫോർമേഷൻ സെന്ററിലെ ഡോ. ജി.ആർ. സന്തോഷ് കുമാർ പറഞ്ഞു.

മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ക്വാറന്റൈൻ മുതലായ പ്രതിരോധ പ്രവർത്തനങ്ങളെ ഓരോ വ്യക്തിയും തങ്ങളുടെ സ്വന്തം പ്രതിബദ്ധതയായി ഏറ്റെടുത്താൽ മാത്രമേ വൈറസ്സ് വ്യാപനത്തിന്റെ ഗതിവേഗം കുറയ്ക്കാനും അത് വഴി നിരവധി ജീവനുകൾ രക്ഷിക്കാനുമാകൂ. ആരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണ ക്രമവും സ്വാഭാവിക പ്രതിരോധശക്തി വർധിപ്പിക്കും. ശുദ്ധമായ വായുവിന്റെയും വെള്ളത്തിന്റെയും അഭാവവും, പ്രകൃതി വിഭവങ്ങളുടെ അസന്തുലിതമായ വിതരണവുമാണ് ലോകമെമ്പാടും രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. ആരോഗ്യപരവും, സാമൂഹികവുമായ എല്ലാ വശങ്ങളെയും ഒരുപോലെ കൈകാര്യം ചെയ്താൽ മാത്രമേ മഹാമാരികൾക്കു അറുതിയുണ്ടാവുകയുള്ളൂ. സമൂഹത്തിന്റെ സ്വാഭാവ ത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കുന്ന തരത്തിൽ ആശയവിനിമയ തന്ത്രങ്ങളും ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് ഡോ. സന്തോഷ് കുമാർ പറഞ്ഞു. റീജിയണൽ ഔട്ട്‌റീച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ബീന മോഡറേറ്ററായിരുന്നു.