തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നത് കൂടുതൽ ചർച്ചകൾക്ക് ശേഷമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വി ഭാസ്‌ക്കരൻ. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടില്ലെന്നും എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്തിയ ശേഷം തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാാക്കി.

നവംബർ 11ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ 12ന് മുന്നേ തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ഭരണഘടനാ ബാധ്യത. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പ് വിശദമായ ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പാർട്ടികളാരും തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച ചെയ്യുന്നുണ്ട്. അവരുടെ നിർദേശങ്ങളും എല്ലാവരുടെ നിർദേശങ്ങളും സ്വീകരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുകയുള്ളു.

തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ നടക്കുന്നു. ഇനി നടക്കാനുള്ളത് റിട്ടേണിങ് ഓഫീസർമാരുടെ പരിശീലനമാണ്. അത് ഈ മാസം ആരംഭിക്കും. ഒക്ടോബർ ആവസാനം തിരഞ്ഞെടുപ്പ് നടത്താനുള്ള നിലയിലാണ് പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞടുപ്പ് നടത്തുന്നതിൽ ആരോഗ്യവകപ്പ് എതിർപ്പ് ഉന്നയിച്ചിട്ടില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പോസിറ്റീവായാണ് ആരോഗ്യവകുപ്പ് പ്രതികരിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുമ്പോൾ തിരഞ്ഞെടുപ്പ് ചെലവ് കൂടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.