തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടർമാരാണ് നാളെ ബൂത്തിലെത്തുക. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ബുധനാഴ്ച ആദ്യഘട്ട വോട്ടെടുപ്പിൽ കണ്ട ആവേശം ഇന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. ആകെ വോട്ടർമാർ 98,57,208. സ്ഥാനാർത്ഥികൾ 28,142. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്നു കളമശ്ശേരി മുനിസിപ്പാലിറ്റിയിലെയും തൃശൂർ കോർപറേഷനിലെയും ഓരോ വാർഡുകളിൽ വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്. 473 പ്രശ്‌നസാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാകുകയോ ചെയ്തവർക്കു പിപിഇ കിറ്റ് ധരിച്ച് ഇന്നു വൈകിട്ട് 6ന് അകം ബൂത്തിലെത്തി വോട്ട് ചെയ്യാം.
കോവിഡിന്റെ ആശങ്കയെ മറികടന്ന് ജനങ്ങൾ കൂട്ടത്തോടെ ബൂത്തിലെത്തിയ കാഴ്ചയാണ് ഒന്നാം ദിനം പ്രകടമായത്. ഈ ആവേശം ഇന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ 2015 ൽ 80 ശതമാനത്തിൽ കവിഞ്ഞ പോളിങ്ങായിരുന്നത് പ്രതീക്ഷ വർധിപ്പിക്കുന്നു.

ആദ്യഘട്ടത്തിലെ 5 ജില്ലകളിൽ 3 ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പമായിരുന്നു. ഇന്നത്തെ അഞ്ചിൽ മൂന്നും യുഡിഎഫിന്റെ കൂടെയാണ്. എറണാകുളം, കോട്ടയം, വയനാട് എന്നിവ നിലനിർത്തുക എന്ന വെല്ലുവിളിയാണു യുഡിഎഫിനു മുന്നിൽ. തൃശൂരും പാലക്കാടും ആണ് ഇപ്പോൾ എൽഡിഎഫിനൊപ്പം. കോർപറേഷനുകൾ ഇരു മുന്നണികൾക്കും ഓരോന്നു വീതമാണ്; കൊച്ചി യുഡിഎഫിനും തൃശൂർ എൽഡിഎഫിനും. തൃശൂരും പാലക്കാടും ബിജെപിക്കുള്ള വേരോട്ടം രണ്ടാം ഘട്ടത്തെ ആവേശഭരിതമാക്കി.

കൂടുതൽ രാഷ്ട്രീയ ശ്രദ്ധ കവരുന്ന ജില്ലയാണ് കോട്ടയം. കേകരള കോൺഗ്രസിന്റെ (എം) ഇടതു കൂടുമാറ്റം ജില്ലയിലെ യുഡിഎഫ് മേൽക്കൈയ്ക്ക് ഇളക്കം ഉണ്ടാക്കുമോ എന്നതിലാണ് ആകാംക്ഷ. ജോസിന്റെ മുന്നണി മാറ്റത്തിലേക്ക് നയിച്ച കോട്ടയം ജില്ലാ പഞ്ചായത്തും മാണിയുടെ തട്ടകമായ പാലാ നഗരസഭയുമാണ് ശ്രദ്ധാ കേന്ദ്രങ്ങൾ. രണ്ടില ചിഹ്നം തിരിച്ചുകിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് വിഭാഗം. എന്നാൽ ജോസ് മുന്നണിമാറിയെങ്കിലും പാർട്ടി അണികൾ തങ്ങൾക്കൊപ്പമാണെന്നാണ് ജോസഫിന്റെ വാദം.

എറണാകുളം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് കുത്തക തകർക്കുക എളുപ്പമല്ല. എന്നാൽ കോർപറേഷനിൽ അവരെ എൽഡിഎഫ് വിയർപ്പിക്കുന്നു. എറണാകുളത്ത് നിലവിൽ തങ്ങൾക്കുള്ള മേൽക്കൈ നിലനിർത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്നാൽ എങ്ങനെയും കോർപ്പറേഷൻ ഭരണം അടക്കം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. കരുത്ത് കാട്ടാൻ ബിജെപിയും ശക്തമായി മത്സര രംഗത്തുണ്ട്. ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകൾ,13മുനിസിപ്പാലിറ്റി,14ബ്ലോക്ക് പഞ്ചായത്ത്, ഒരു കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പു നടക്കുന്നത്.

ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്ന ജില്ലകളാണ് തൃശൂരും പാലക്കാടും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ മുന്നേറ്റം തദ്ദേശ തെരഞ്ഞെടുപ്പിലും നിലനിർത്താൻ അക്ഷീണ പ്രവർത്തനത്തിലാണ് ബിജെപി. സംസ്ഥാനത്ത് ആദ്യമായി ഭരണം ലഭിച്ച പാലക്കാട് നഗരസഭയിൽ തുടർഭരണം ലഭിക്കുന്നതോടൊപ്പം, നിരവധി നഗരസഭകളും പഞ്ചായത്തുകളും പിടിച്ചെടുക്കുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജില്ലയിൽ യുഡിഎഫ് അനുകൂല സാഹചര്യമാണ് ഉള്ളത് എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അതേസമയം ആധിപത്യം തുടരുമെന്നാണ് സിപിഎം പറയുന്നത്.

ഇരുമുന്നണികളും വലരെ പ്രതീക്ഷ വെച്ച് പുലർത്തുന്ന ജില്ലയാണ് വയനാട്. ജില്ലയിൽ 23 ഗ്രാമപഞ്ചായത്തുകളുടെ 413 വാർഡുകളിലേക്കും 3 നഗരസഭകളുടെ 99 ഡിവിഷനുകളിലേക്കും 4 ബ്ലോക്ക് പഞ്ചായത്തുകളുടെ 54 ഡിവിഷനുകളിലേക്കും വയനാട് ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1857 സ്ഥാനാർത്ഥികളാണ്. മത്സര രംഗത്ത് ഉള്ളത് 869 പുരുഷന്മാരും 988 വനിതകളും. ഗ്രാമപഞ്ചായത്തിലേക്ക് 1308 പേരും നഗരസഭയിലേക്ക് 323 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് 171 പേരും ജില്ലാ പഞ്ചായത്തിലേക്ക് 55 പേരും ജനവിധി തേടുന്നു.