ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നടപടികളിലേക്ക് കടന്ന് കേന്ദ്ര സർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150 ഓളം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15ന് മുകളിലാണ്. ഈ സാഹചര്യത്തിൽ കേരളം ഫലത്തിൽ സമ്പൂർണ്ണ അടച്ചിടലിലേക്ക് പോകും.

അവശ്യസർവീസുകൾക്കടക്കം ഇളവ് നൽകിയാകും ലോക്ക്ഡൗൺ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തീരുമാനം എടുക്കും. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികൾക്ക് ശുപാർശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സർക്കാർ എടുക്കുക.

ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചർച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്. അതേസമയം ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അടിവരയിടുന്നുണ്ട്. സംസ്ഥാന സർക്കാരുകളുമായി കേന്ദ്രം ഇക്കാര്യത്തിൽ ചർച്ച നടത്തും.

ആഗോള തലത്തിൽ പോലും രാജ്യത്തെ കോവിഡ് വ്യാപനം വലിയ ചർച്ചയാണ്. ഇത് നാണക്കേടായി മാറുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ലോക്ഡൗണിനെ കുറിച്ചുള്ള ചർച്ച സജീവമാകുന്നത്. വ്യാപനം എല്ലാ സ്ഥലത്തേക്കും എത്തിയാൽ കാര്യങ്ങൾ കൈവിട്ടു പോകും. വൈറസ് വ്യാപനം പിടിച്ചു നിർത്താൻ ലോക്ഡൗൺ അനിവാര്യമാണെന്നാണ് വിലയിരുത്തൽ.

വ്യാപനം തടയുന്നതിന് അടുത്ത കുറച്ച് ആഴ്ചകളിൽ ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ കർശനമായ ലോക്ക്ഡൗൺ നടപടികൾ അനിവാര്യമാണെന്ന് ആരേഗ്യ വകുപ്പ് തിരിച്ചറിയുന്നു. 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയാണെങ്കിൽ കേരളത്തിലെ പല ജില്ലകളും ഇതിൽ ഉൾപ്പെടും. സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.

കേരളത്തിൽ ഇന്നലെ 32,819 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകൾ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി. ഇന്ന് 40 പുതിയ ഹോട്ട് സ്പോട്ടുകളുണ്ട്, 3 പ്രദേശങ്ങളെ ഒഴിവാക്കി. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂർ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂർ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസർഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 265 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,409 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2049 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4819, എറണാകുളം 4207, മലപ്പുറം 3097, തൃശൂർ 3072, കോട്ടയം 2761, തിരുവനന്തപുരം 2670, പാലക്കാട് 936, കണ്ണൂർ 1776, ആലപ്പുഴ 1759, കൊല്ലം 1578, പത്തനംതിട്ട 1086, വയനാട് 944, കാസർഗോഡ് 862, ഇടുക്കി 842 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 116 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.