തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിലാണ് ഇളവുകൾ അനുവദിക്കുക. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള ഡി വിഭാഗത്തിൽ ഇളവുകൾ ഉണ്ടായിരിക്കില്ല. 21 ന് ആണ് ബക്രീദ്.

ഈ ദിവസങ്ങളിൽ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, ജൂവലറി എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും.

രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. വെള്ളിയാഴ്ച വ്യാപാരികളുമായി നടത്തിയ ചർച്ചകളെ തുടർന്ന് ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.