തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. 12 എക്സ്പ്രസ് ട്രെയിനുകളും മൂന്ന് മെമു ട്രെയിൻ സർവീസുകളുമാണ് നിർത്തിവെച്ചത്.

കണ്ണൂർ ജനശതാബ്ദി, വഞ്ചിനാട്, പാലരുവി, ഏറനാട്, അന്ത്യോദയ ഉൾപ്പെടെയുള്ള സർവീസുകളാണ് മെയ് 31 വരെ നിർത്തിവെച്ചത്. ലോക്ക്ഡൗണിന്റെ ഭാഗമായിട്ടല്ല സർവീസ് നിർത്തിവെച്ചതെന്നാണ് റെയിൽവേയുടെ വിശദീകരണം. യാത്രക്കാരുടെ കുറവ് കാരണമാണ് സർവീസ് നിർത്തിവെച്ചതെന്നാണ് റെയിൽവേ പറയുന്നത്. സെമി ലോക്ക്ഡൗൺ മൂലവും കോവിഡ് നിയന്ത്രണങ്ങൾ കാരണവും യാത്രക്കാർ തീരെ കുറവാണ്. ഇതുമൂലം സർവീസുമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് നിർത്തിവെച്ചത്.

എന്നാൽ മലബാർ, ഉൾപ്പെടെ യാത്രക്കാർ കൂടുതൽ കയറുന്ന ട്രെയിൻ സർവീസുകൾ ഉപേക്ഷിച്ചിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. സമ്പൂർണ ലോക്ഡൗണുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ലഭിക്കുന്നതിന് അനുസരിച്ച് ട്രെയിൻ സർവീസുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് ദക്ഷിണ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു.