തിരുവനന്തപുരം: ലോക കേരള സഭയിലൂടെ നേട്ടമുണ്ടാക്കിയത് സ്വർണ്ണ കടത്തിലെ പ്രതികളാണ്. സർക്കാർ തലത്തിൽ ബന്ധംം ഊട്ടിയുറപ്പിക്കാൻ അവർക്കായി. നയതന്ത്ര പ്രതിനിധികളെ പരിശോധന ഇല്ലാതെ പുറത്തു കൊണ്ടു വന്ന സ്വപ്‌നാ സുരേഷിന്റെ ഇടപെടലുകളിലും സംശയമുണ്ട്. അല്ലാതെ ഇതു കൊണ്ട് പ്രവാസ സമൂഹത്തിനോ കേരളത്തിനോ ഒരു നേട്ടവും ഉണ്ടായിട്ടില്ല. വിദേശത്തിരിക്കുന്ന സൈബർ സഖാക്കൾക്ക് കേരളത്തിൽ സർക്കാർ ഗസ്റ്റായി അടിച്ചു പൊളിക്കാനുള്ള അവസരം.

ഇതിൽ പലരും കേരളാ സർക്കാരിന്റെ അടുപ്പാക്കാരെന്ന മട്ടിൽ വിദേശത്ത് തട്ടിപ്പുകളും നടത്തുന്നു. ഈ ചർച്ചയിൽ എന്തെങ്കിലും കാര്യമായ നിർദ്ദേശം ഉയർന്നു വന്നതിനും തെളിവുകളില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ഇതിനൊപ്പം കോവിഡിന്റെ പ്രതിസന്ധിയും. സർക്കാർ ജീവനക്കാർക്ക് ഓണം ബോണസും ഉത്സവബത്തയും മുൻകൂർ ശമ്പളവും നൽകാനാകാനാവില്ലെന്ന സ്ഥിതിയും ഉണ്ട്. അതുകൊണ്ട് തന്നെ ഓരോ കാശും കേരളത്തിന് വിലപ്പെട്ടതാണ്.

ലോക കേരള സഭ എന്ന പ്രവാസി കൂട്ടായ്മ ആർക്ക് വേണ്ടി തുടങ്ങിയതാണെന്ന് ചോദിച്ചാൽ ആർക്കും ഒരു വ്യക്തതയുമില്ല. പ്രവാസികൾക്ക് വേണ്ടിയാണ് ഇത്തരമൊരു കൂട്ടായ്മ എന്നാണ് അവകാശവാദം. എന്നാൽ, സാധാരണക്കാരായ പ്രവാസികൾക്ക് ഈ ലോക കേരള സഭയെ കൊണ്ട് യാതൊരു കാര്യവുമില്ലാത്ത അവസ്ഥയാണുള്ളത്. ലോക കേരള സഭയുടെ ചുവടു പിടിച്ച് പ്രവാസികൾക്കു നിക്ഷേപം നടത്താൻ എൻആർഐ ഇൻവെസ്റ്റ്മെന്റ് കമ്പനിക്കു രൂപം നൽകുമെന്നായിരുന്നു ആദ്യ കേരളാ സഭയിൽ മുഖ്യമന്ത്രിയുടെ വാഗ്ദാനം. പ്രവാസി നിക്ഷേപം സ്വീകരിച്ചു വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണു ലക്ഷ്യമെന്നും പറഞ്ഞിരുന്നു. എൻആർഐ ടൗൺഷിപ്, പശ്ചാത്തല സൗകര്യ വികസനം തുടങ്ങി ഒട്ടേറെ പദ്ധതികളിൽ കമ്പനിക്കു പങ്കാളിത്തം വഹിക്കാമെന്നു മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. എന്നാൽ ഇതെല്ലാം പ്രഖ്യാപനമായി നിൽക്കുകയാണ് ഇപ്പോഴും.

ലോക കേരളസഭക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വരെ ഉന്നയിച്ചിരുന്നു. പ്രവാസികളെ സംഘടിപ്പിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാറിന്റെ ഈ പരിപാടി ഭൂലോക തട്ടിപ്പാണെന്ന് കഴിഞ്ഞ തവണ മുരളീധരൻ വിമർശിച്ചിരുന്നു. തട്ടിപ്പിന് കൂട്ടുനിൽക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലോക കേരളസഭ ബഹിഷ്‌കരിക്കുന്നതെന്നും മുരളീധരൻ പ്രതികരിച്ചിരുന്നു. പണം ധൂർത്തടിച്ച് ഇത്തരത്തിലുള്ള മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നതിന് പകരം നിലവിലെ നിയമങ്ങൾ അനുസരിച്ച് പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന വിമർശനവും ഉയർന്നു.

ഇതിനിടെയാണ് കോവിഡ് കാലത്തെ പുതിയ എഡിഷൻ. അതും സംസ്ഥാനം കടത്തിൽ നട്ടം തിരിയുമ്പോൾ. ഇങ്ങനെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ മൂന്നാം ലോക കേരളസഭയ്ക്കായി സംസ്ഥാന സർക്കാർ അനുവദിച്ചത് ഒന്നരക്കോടി രൂപ. ലോകകേരള സഭയ്ക്ക് ഒരു കോടി രൂപയാണ്. ഇതോടനുബന്ധിച്ച സാംസ്‌കാരിക ആഘോഷത്തിന് അരക്കോടി എന്നിങ്ങനെയാണു ഭരണാനുമതി നൽകിയത്. ആകെ രണ്ടു കോടി രൂപ. നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണു മൂന്നാം ലോകകേരളസഭ നടത്തിപ്പു സംബന്ധിച്ച ശുപാർശ സർക്കാരിനു സമർപ്പിച്ചത്. ഇത് അംഗീകരിക്കുകയായിരുന്നു.

വെബ്‌സൈറ്റ്, മാനേജ്‌മെന്റ്, പബ്ലിസിറ്റി, മുൻ ശുപാർശകൾ നടപ്പാക്കൽ, അംഗങ്ങൾക്കും ജീവനക്കാർക്കും താമസം, ഭക്ഷണം, ഗതാഗതം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ആവശ്യങ്ങൾക്കാണു തുക അനുവദിച്ചത്. പ്രവാസി മലയാളികളുടെ പൊതുവേദിയായിട്ടാണു ലോക കേരള സഭയുടെ സമ്മേളനത്തെ സർക്കാർ വിഭാവനം ചെയ്യുന്നത്. പക്ഷേ എത്തുന്നത് സൈബർ സഖാക്കളും. കഴിഞ്ഞ വർഷം ജനുവരിയിൽ തിരുവനന്തപുരത്തു നടന്ന രണ്ടാം സമ്മേളനത്തിന്റെ പേരിൽ വൻ ധൂർത്ത് നടത്തിയതു വിവാദത്തിനിടയാക്കി.

പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപ ചെലവഴിച്ചെന്നായിരുന്നു പുറത്തു വന്ന കണക്കുകൾ. 3 ദിവസ സമ്മേളനത്തിനായി 60 ലക്ഷം രൂപ ഭക്ഷണത്തിനും 23 ലക്ഷം രൂപ താമസത്തിനും ചെലവഴിച്ചെന്നും ആരോപണം ഉയർന്നു. എന്നാൽ ഭക്ഷണത്തിനായി തുക ചെലവഴിച്ചില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീടു നിയമസഭയെ അറിയിച്ചത്. 2019 ൽ നടന്ന ഒന്നാം ലോക കേരള സഭയ്ക്കായി 1.21 കോടി രൂപയാണു ചെലവാക്കിയത്.

അതേസമയം, മൂന്നാം സഭയ്ക്കായി ബജറ്റിൽ നീക്കിവച്ച തുകയാണ് ഇപ്പോൾ അനുവദിച്ചതെന്നാണു നോർക്ക റൂട്‌സ് അധികൃതരുടെ വിശദീകരണം.