ലണ്ടൻ: കടുത്ത വേനലിനിടയിലെത്തിയ ശക്തമായ മഴ ഇന്നലെ ലണ്ടൻ നഗരത്തെ മുക്കി. റോഡുകൾ പലതും വെല്ലാത്തിനടിയിലായപ്പോൾ ആശുപത്രികളുടെ പ്രവർത്തനം പോലും നിലയ്ക്കുന്ന സാഹചര്യമെത്തി. കൂടുതൽ മഴയും പേമാരിയുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. തലസ്ഥാന നഗരത്തിലും സമീപമുള്ള ചില കൗണ്ടികളിലും ആംബർ വാണിങ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ പലയിടത്തും വീടുകളും മറ്റും പേമാരിതീർക്കുന്ന വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകാനും ഇടയുണ്ട്.

നോർവിച്ച് മുതൽ പ്ലിമത്ത് വരെയുള്ള ഭാഗങ്ങളിൽ, ഗതാഗത തടസ്സവും വൈദ്യൂത വിതരണത്തിലെ തടസ്സവും ഉൾപ്പടെയുള്ള യെല്ലോ വാർണിങ് ആണ് നൽകിയിട്ടുള്ളത്. തെക്ക് കിഴക്കൻ ഇംഗ്ലണ്ടിൽ ഇന്നലെ ഉച്ചയ്ക്ക് കേവലം ഒരു മണിക്കൂറിൽ രേഖപ്പെടുത്തിയത് 50 മി. മീ മഴയാണ്. സഫോക്കിലെ വെസ്റ്റ് ഹെൻഹാം പാർക്കിൽ കനത്ത പേമാരിയേ തുടർന്ന് ഉത്സവാഘോഷങ്ങൾ തടസ്സപ്പെട്ടു. കനത്ത പേമാരിയിൽ ന്യു ക്രോസ്സ് റോഡ് ഒരു നദിയായി രൂപാന്തരം പ്രാപിച്ചപ്പോൾ പുഡിങ് ട്യുബ് സ്റ്റേഷൻ ഏതാണ് പൂർണ്ണമായി തന്നെ വെള്ളത്തിനടിയിലായി.

കിഴക്കൻ ലണ്ടനിലെ ന്യുഹാം ആശുപ്ത്രിയിലെ എമർജൻസി വിഭാഗം ഭാഗികമായി വെള്ളത്തിനടിയിലായി. അടിയന്തര ചികിത്സകൾ വേണ്ടവർ മറ്റു ആശുപത്രികളുമായി ബന്ധപ്പെടാൻ ആശുപത്രി അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. വിപ്പ് ക്രോസ്സിൽ വൈദ്യൂതി തടസ്സപ്പെടുകമാത്രമല്ല ബാക്ക് അപ് ജനറേറ്ററുകളും നിശ്ചലമായി. ഇതേതുടർന്ന് ഇവിടെയും അടിയന്തര ചികിത്സാ വിഭാഗം പ്രവർത്തനരഹിതമായി. അടിയന്തര ചികിത്സ അവശ്യമുള്ളവർ മറ്റ് ആശുപത്രികളിലേക്ക് പോകാൻ ഇവിടെയും അധികൃതർ അറിയിപ്പു നൽകിയിട്ടുണ്ട്.

മെറ്റ് ഓഫീസിന്റെ കണക്കുപ്രകാരമിന്നലെ സാൻഡ്ഹസ്റ്റിൽ 34 മി. മീ മഴയും കിഴക്കൻ സസ്സെക്സിലെ വിച്ച് ക്രോസ്സിൽ 32 മി. മീ മഴയുമാണ് ലഭിച്ചത്. ആഷ്ഫോർഡിൽ കേവലം ഒരു മണിക്കൂർ സമയത്ത് 52 മി. മീ മഴ ലഭിച്ചതായി രേഖപ്പെടുത്തി. ലണ്ടനിലെ ക്യുൻസ്ടൗൺ സ്റ്റേഷനു പുറത്തുള്ള റോഡ് ഏതാണ്ട് പൂർണ്ണമായി തന്നെ അടച്ചു. അടുത്തകാലത്തൊന്നും ഇത്തരത്തിലുള്ള ഒരു മഴ കണ്ടിട്ടില്ല എന്നാണ് ലണ്ടൻ നിവാസികളിൽ പലരും പറഞ്ഞത്. അടുത്തയിടെ ഉണ്ടാനയ ഉഷ്ണതരംഗം കാരണം ചൂടുപിടിച്ചു കിടക്കുന്ന ഭൂമിയുടെ ഉപരിതലത്തിലെ ചൂടുകാരണം വായു പ്രവാഹങ്ങൾ കേന്ദ്രീകരിക്കപ്പെട്ടതാണ് ഇപ്പോഴത്തെ ശക്തമായ കാറ്റിനു കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

അതിനിറ്റയിൽ ഹാംപ്ഷയറിലെ ആണ്ഡോവറിൽ ഒരു വീടിന് ഇടിമിന്നലേറ്റ് തീപിടിച്ചത് പ്രദേശത്ത് കനത്ത ആശങ്കയുണർത്തി. ഉടൻ തന്നെ താമസക്കാരെ ഒഴിപ്പിച്ചതിനാൽ കൂടുതൽ അപകടമുണ്ടായില്ല. വാഹനമോടിക്കുന്നവർ ശ്രദ്ധിച്ച് ഓടിക്കണമെന്ന് കിങ്സ്റ്റൺ പൊലീസ് മുന്നറിയിപ്പ് നൽകി. ഏതായാലും കനത്ത മഴ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടായിരുന്ന ഉഷ്ണതരംഗത്തിന് ഒരു വിരാമം ഇട്ടിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരിക്കും.