ലണ്ടൻ: തെക്ക് കിഴക്കൻ ഇംഗ്ലണ്ടിൽ കോവിഡ് വ്യാപനം ശക്തിപ്രാപിച്ചതോടെ ഏകദേശം 10 ദശലക്ഷം ജനങ്ങളെ ടയർ 3 നിയന്ത്രണത്തിൻ കീഴിലാക്കി പ്രഖ്യാപനം വന്നു. ഇന്ന് അർദ്ധരാത്രിക്ക് ശേഷം ലണ്ടനിൽ ടയർ 3 തലത്തിലുള്ള കർശന നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പാർലമെന്റിൽ പറഞ്ഞു. നഗരത്തിലെ വാണിജ്യമേഖലയേ നാശത്തിന്റെ പടുകുഴിയിലേക്ക് എറിയുകയാണ് ഇത്തരമൊരു പ്രഖ്യാപനം കൊണ്ട് എന്ന നിശിതമായ വിമർശനം ഉയർന്ന് വന്നിട്ടുണ്ട്.

ഹേർട്ഫോർഡ്ഷയറിന്റെയും എസ്സെക്സിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ടയർ 3 നിയന്ത്രണങ്ങൾ നിലവിൽ വരും. ഇതോടെ ഇംഗ്ലണ്ടിന്റെ ജനസംഖ്യയിലെ 60 ശതമാനം ആളുകൾ ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിലായി. എന്നാലും, ഈ നിയന്ത്രണങ്ങളൊക്കെയും തന്നെ ഡിസംബർ 22 മുതൽ ക്രിസ്ത്മസ്സ് ബബിൾ പദ്ധതി പ്രകാരം പിൻവലിക്കുമെന്ന് നമ്പർ10 ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.

ഇന്നലെ 20,263 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്. 232 പേരുടെ മരണവും രേഖപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്‌ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലെ 22.8 ശതമാനത്തിന്റെ വർദ്ധനവാണ് മരണനിരക്കിൽ അനുഭവപ്പെട്ടത്. ഇത്തരമൊരു സാഹചര്യത്തിൽ ക്രിസ്ത്മസ്സിനായി നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെതിരെയും ചില കോണുകളിൽ നിന്നും വിമർശനമുയരുന്നുണ്ട്. ക്രിസ്ത്മസ്സിന് കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ കാണാൻ അനുവാദമുണ്ട് എന്നതുകൊണ്ട് അതിന് മുതിരരുത് എന്നാണ് പ്രൊഫസർ ക്രിസ് വിറ്റി നൽകുന്ന മുന്നറിയിപ്പ്.

അതിനിടയിൽ കൊറോണ വൈറസിന് വീണ്ടും മ്യുട്ടേഷൻ സംഭവിച്ച് ഒരു പുതിയ ഇനം കൂടി എത്തിയെന്ന ഞെട്ടിക്കുന്ന വിവരം ഇന്നലെ പുറത്തുവന്നു. ചില ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ഹാൻകോക്കാണ് ഈ വിവരം പുറത്തുവിട്ടത്. തെക്കൻ ഇംഗ്ലണ്ടിലെ രോഗവ്യാപനത്തിൽ പ്രധാനമായും സ്വാധീനം ചെലുത്തുന്നത് ഈ പുതിയ ഇനം കൊറോണയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ ഇനം, അതിവേഗം പടരുമെങ്കിലും താരതമ്യേന ശക്തി കുറവായതിനാൽ അപകടം കുറവാണെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത നിയന്ത്രണങ്ങളോടെയുള്ള കൃസ്ത്മസ്സ്

അതിവേഗം പടരുന്ന പുതിയ ഇനം കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കൃസ്ത്മസ്സ് കാലത്ത് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കും എന്നറിയുന്നു. ഉത്സവകാലത്ത് അഞ്ച് ദിവസം ആഘോഷങ്ങൾക്കായി മൂന്ന് കുടുംബങ്ങൾക്ക് വരെ ഒത്തുചേരാം എന്ന ഒരു ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് പുതിയ ഇനം വൈറസിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിതെളിച്ചേക്കാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

കൃസ്ത്മസ്സ് കാലത്ത് അനുവദിച്ച ഇളവുകൾ വെട്ടിച്ചുരുക്കണമോ എന്നകാര്യം വൈറ്റ്ഹാളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കൃസ്ത്മസ് കാലത്തേക്കായി പുതിയ നിയമങ്ങൾ നിലവിൽ വരുവാൻ സാധ്യതയുണ്ടെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം, ഈ പുതിയ ഇനത്തെ കുറിച്ച് പരിഭ്രാന്തി വേണ്ടെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ബിർമ്മിങ്ഹാമിലെ മൈക്രോബയോളജി പ്രൊഫസർ അലൻ മെക് നല്ലി പറയുന്നത്. ഇത് വൈറസ് വ്യാപനത്തിലെ ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പുതിയ ഇനങ്ങൾ മ്യുട്ടേഷൻ വഴി ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ പുതിയ ഇനം കൊറോണ വൈറസിനെതിരെ വാക്സിൻ ഫലപ്രദമല്ലെന്ന് തെളിയിക്കാൻ ആവശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അതേസമയം, ചില സന്ദർഭങ്ങളിൽ ഒരു വൈറസിന് മ്യുട്ടേഷൻ സംഭവിച്ച്, അതിന്റെ ജനിതകഘടനയിൽ സുപ്രധാന വ്യത്യാസങ്ങൾ വന്നാൽ, ഒരുപക്ഷെ യഥാർത്ഥ വൈറസിനെതിരെയുള്ള വാക്സിൻ പുതിയ വൈറസിന്റെ കാര്യത്തിൽ ഫലപ്രദമാകാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഇനം വൈറസ് എന്തെങ്കിലും വ്യത്യസ്തമായ ലക്ഷണങ്ങൾ കാണിക്കുന്നതായി ഇതുവരെ തെളിഞ്ഞിട്ടില്ല. മാത്രമല്ല, ഇപ്പോൾ തുടരുന്ന പരിശോധനാ രീതിയിൽ തന്നെ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിയുന്നുമുണ്ട്. അതുകൊണ്ടുതന്നെ വാക്സിൻ ഇവയ്ക്കെതിരെയും ഫലപ്രദമാകാൻ തന്നെയാണ് സാധ്യത.

അതേസമയം, ക്രിസ്ത്മസ്സിനു അനുവദിച്ച ഇളവുകൾ പിൻവലിക്കണമോ എന്ന ചർച്ച നടക്കുന്നുണ്ട്. അതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും, ഉത്സവകാലത്ത് പ്രായമായ ബന്ധുക്കളെ സന്ദർശിക്കുന്നതിനു മുൻപായി ഒരു നിശ്ചിത സമയം സെൽഫ് ഐസൊലേഷൻ നിർബന്ധമാക്കിയാൽ മതി എന്നൊരു അഭിപ്രായവും ഉയരുന്നുണ്ട്. അതേസമയം, മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്തമസ് കാലത്തും കർശന നിയന്ത്രണങ്ങളാണ് നിലവിലുണ്ടാവുക.