ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വികസനം രണ്ടുപേർക്ക് മാത്രമാണെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പാചക വാതകത്തിന് 50 രൂപ വർധിപ്പിച്ച സാഹചര്യത്തിലായിരുന്നു കോൺ​ഗ്രസ് നേതാവിന്റെ പ്രതികരണം. 'പൊതുജനത്തിൽനിന്ന് കൊള്ളയടിക്കുന്നു, വികസനം വെറും രണ്ടുപേർക്ക് മാത്രം', അദ്ദേഹം ട്വീറ്റ് ചെയ്തു. പാചക വാതകത്തിന് വില വർധിപ്പിച്ച വാർത്ത പങ്കുവെച്ചുകൊണ്ട് ഹിന്ദിയിലാണ് രാഹുലിന്റെ ട്വീറ്റ്. രാജ്യത്ത് പെട്രോൾ, ഡീസൽ വർധന എക്കാലത്തേയും ഉയർന്ന നിരക്കിൽ എത്തിനിൽക്കെയാണ് പാചകവാതകത്തിന്റേയും വിലവർധന.

പെട്രോൾ, ഡീസൽ വിലവർധന തുടരുന്നതിനിടെ പാചക വാതക വിലയും വർധിപ്പിച്ചിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറിന് (14.2 കിലോ) 50 രൂപ കൂടിയാണ് വർധിപ്പിച്ചത്. ഇതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കണക്കുപ്രകാരം ഡൽഹിയിൽ സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് 769 രൂപയാകും. പാചക വാചകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വർധനയാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16 നും 50 രൂപ വീതം വർധിച്ചിരുന്നു.