സോൾട്ട് ലേക്ക് സിറ്റി: ഒരു പഴയ സ്‌കൂൾ ബസ്സിലാണ് ഇപ്പോൾ ഇവരുടെ ജീവിതം. ഊണും ഉറക്കവും എല്ലാം ഇതിനകത്തുതന്നെ. കൂടെ നാടുചുറ്റിയുള്ള സഞ്ചാരവും. മോർഗൻ ടേബർ,അബി റോബർട്ട്സ് ബേക്കാ കിങ് എന്നീ യുവതികൾക്ക് ഇത് ഉല്ലാസയാത്രയല്ല. യാത്രയിലും പുതിയ ജീവിതത്തിലും അവർ അതിയായി സന്തോഷിക്കുന്നുണ്ടെങ്കിലും തകർന്നടിഞ്ഞ ഒരുകൂട്ടം സ്വപ്നങ്ങളുടെ പരിണിതഫലമാണ് ഇവർക്ക് ഈ യാത്ര..

ബോയ്സ് ഇഡാഹോ സ്വദേശിയായ മോർഗൻ ടേബർ എന്ന 21 കാരി വൈകിയാണ് അറിഞ്ഞത് അവരുടെ കാമുകന് വേറെ ആറു സ്ത്രീകളുമായി ബന്ധമുണ്ടെന്ന്. അവരിൽ ഉട്ടാവയിലെ സോൾട്ട് ലേക്ക് സിറ്റിയിലുള്ള അബി റോബർട്ട്സ് എന്ന 19 കാരിയും ബോയ്സിലെ തന്നെ ബേക്കാ കിങ് എന്ന 18 കാരിയുമായിരുന്നു മറ്റുരണ്ടുപേർ. വെന്തെരിഞ്ഞ സ്വപ്നങ്ങളുടെ കൂട്ടുകാരികൾ ഒത്തുകൂടിയപ്പോൾ ഉരുത്തിരിഞ്ഞതാണ് ഒരുമിച്ചൊരു യാത്ര എന്ന സ്വപ്നം. ഇവരുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ നൽകി ബാം ബസ് എന്ന് പേരിട്ട ബസ്സിലാണ് ഇവരുടെ യാത്ര.

കോളേജ് വിദ്യാർത്ഥിയായ 20 വയസ്സുകാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മോർഗന്റെ അന്വേഷണമാണ് ഇയാളെ കൈയോടെ പിടികൂടാൻ ഇടയാക്കിയത്. ഈ അന്വേഷണത്തിനിടയിലാണ് ഇതേ വ്യക്തിയിൽ നിന്നും സമാനമായ വഞ്ചന അനുഭവിക്കേണ്ടി വന്ന രണ്ടുപേരെ കൂടി കിട്ടിയത്. ഇതോടെ ഇവർ ഒരുമിച്ച് ഒരു തീരുമാനം എടുക്കുകയായിരുന്നു. കാമുകനെ ചവിട്ടിപ്പുറത്താക്കിയ ഇവർ ഒരു പഴയ സ്‌കൂൾ ബസ്സിൽ അത്യാവശ്യം ചില മാറ്റങ്ങൾ വരുത്തി അതിലാണ് യാത്ര ചെയ്യുന്നത്.

തന്റെ പ്രണയകാലത്ത് ഓരോ കാമുകിയോടും യുവാവ് പങ്കുവച്ചിരുന്ന സ്വപനമായിരുന്നു ഒരു വി ഡബ്ല്യൂ ബസ്സിൽ രാജ്യം മുഴുവൻ കറങ്ങുക എന്നത്. കാമുകനെ തള്ളിക്കളഞ്ഞപ്പോൾ, ആ സ്വ്പനം സ്വയം സാക്ഷാത്ക്കരിക്കാൻ ഈ മൂന്ന് യുവതികൾ ഒരുങ്ങി. അങ്ങനെയാണ് 30 വർഷം പഴക്കമുള്ള ഒരു സ്‌കൂൾ ബസ്സ് നിസ്സാര വിലയ്ക്ക് വാങ്ങുന്നത്. ഏതാനും മാസങ്ങൾ ചെലവിട്ട് അതിൽ ചില മാറ്റങ്ങൾ വരുത്തി.കിടക്കയും, റൂഫ് ഡെക്കും, ബുക്ക് ഷെൽഫും ഒക്കെയായി ഒരു സഞ്ചരിക്കുന്ന ഗൃഹമാക്കി മാറ്റി ഈ പഴയ ബസ്സിനെ.

ബോയ്സ്, ഇഡാഹോയിൽ നിന്നും ആരംഭിച്ച യാത്ര ഇപ്പോൾ നിരവധി സ്ഥലങ്ങൾ സന്ദർശിച്ച് യെല്ലോസ്റ്റോണിൽ എത്തിയിരിക്കുകയാണ്. മുൻകൂട്ടി നിശ്ചയിച്ച വഴികളിലൂടെയല്ല ഇവരുടെ യാത്ര. സാഹചര്യത്തിനനുസരിച്ച് വഴിയും ലക്ഷ്യവും മാറിക്കൊണ്ടിരിക്കും. യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്നവരുടെ അഭിപ്രായവും അടുത്ത ലക്ഷ്യം ഏതെന്ന് തീരുമാനിക്കാൻ ഇവർ പരിഗണിക്കാറുണ്ട്.