ന്യൂഡൽഹി: പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും പാചകവാതക സബ്‌സിഡി തുടരും. കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാചകവാതക സബ്‌സിഡി ഉപഭോക്താക്കൾക്ക് നേരിട്ടാണ് നൽകുന്നതെന്നും അല്ലാതെ കമ്പനി വഴിയല്ലെന്നും ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. സർക്കാരിന്റെ കൈവശമുള്ള ബിപിസിഎല്ലിന്റെ 53 ശതമാനം ഓഹരി വിൽക്കാനാണ് തീരുമാനം. മാനേജ്‌മെന്റിലും ഇതോടൊപ്പം മാറ്റം ഉണ്ടാകും. ബിപിസിഎല്ലിന്റെ ഭൂരിപക്ഷം ഓഹരികൾ കൈയാളുന്ന സ്ഥാപനത്തിന് രാജ്യത്തെ മൊത്തം എണ്ണവിതരണത്തിന്റെ 22 ശതമാനം വിഹിതം ലഭിക്കും.

ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാൽ പതിവുപോലെ സബ്‌സിഡി ലഭിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. കമ്പനിയുടെ ഉടമസ്ഥാവകാശം പാചകവാതക സബ്‌സിഡി ഉപഭോക്താക്കൾക്ക് കൈമാറുന്നതിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. നിലവിൽ പ്രതിവർഷം ഒരു കുടുംബത്തിന് 12 പാചകവാതക സിലിണ്ടറാണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്. സബ്‌സിഡി നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലാണ് ഇടുന്നത്. സബ്‌സിഡി മുൻകൂറായാണ് നൽകുന്നത്. ഇതുപയോഗിച്ച് പാചകവാതക സിലിണ്ടർ വാങ്ങുന്നതിനുള്ള സൗകര്യമാണ് ലഭിക്കുന്നത്. ബിപിസിഎല്ലിന് പുറമേ എച്ച്പിസിഎൽ, ഐഒസി എന്നി എണ്ണവിതരണ കമ്പനികളാണ് ഉപഭോക്താക്കൾക്ക് പാചകവാതക സിലിണ്ടർ എത്തിക്കുന്നത്.