തിരുവനന്തപുരം: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ ജീവിത നിലവാരവുമായി തട്ടിച്ചു നോക്കുമ്പോൾ എല്ലാക്കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് കേരളവും മലയാളികളും. ഭൂരഹിതരായവർ ഏറ്റവും കുറവുള്ള സംസ്ഥാനവും ജീവിത നിലവാരത്തിലും ചിന്താഗതിയിലും പാശ്ചാത്യരുാമയി കിടപിടിക്കുന്നവരുമാണ് കേരളീയർ. ഇങ്ങനെ എല്ലാകാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന മലയാളികളുടെ ആഡംബര ജീവിതവും പ്രസിദ്ധമാണ്. ആഡംബരത്തിന്റെ കാര്യത്തിൽ കാര്യമായി കുറവൊന്നും മലയാളികൾ വരുത്താറില്ല. കാറിന്റെയും മൊബൈലിന്റെയും ഏറ്റവും മികച്ച വിപണി കൂടിയാണ് കേരളം. ഇങ്ങനെയുള്ള കേരളത്തിലേക്ക് ആഗോള വാഹനനിർമ്മാതാക്കൾ കുറേക്കാലമായി കണ്ണുവച്ചിരിക്കയാണ്. അവരുടെ ആഡംബര കാറുകൾ വിറ്റഴിക്കാനുള്ള ഏറ്റവും മികച്ച മാർക്കറ്റായാണ് കേരളത്തെ കാണുന്നതും. ഇത് ശരിവെക്കുന്ന വിധത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഒരു വീട്ടിൽ ഒന്നിലേറെ കാറുകൾ വേണെമെന്ന പൊതു ചിന്താഗതിയിലേക്ക് മലയാളികൾ മാറിയിട്ടുണ്ട്. ഒരു ചെറിയ കാറും ഒരു ആഡംബര കാറും എന്നതാണ് പൊതുചിന്താഗതി. ഇങ്ങനെ കേരളത്തിൽ വർഷം തോറും വിറ്റുപോകുന്നത് അനേകം കാറുകളാണ്. അത്യാഢംബര കാറുകളുടെ ഇന്ത്യയിലെ ഒന്നാം നമ്പർ വിപണിയായും കേരളം മാറിയിട്ടുണ്ട്. കേരളത്തിലെ പ്രതിവർഷം വിറ്റുപോകുന്നത് ആയിരം കോടിയുടെ ആഡംബര കാറുകളാണെന്നാണ് റിപ്പോർട്ട്. റോഡുകൾ എത്ര മോശമായാലും ആഡംബര കാറുകൾ കൈവിടാൻ മലയാളികൾ തയ്യാറല്ലെന്നതിന്റെ തെളിവാണ് ഈ റിപ്പോർട്ട്.

ആഡംബരത്തിന്റെ അവസാന വാക്കായ കാറുകൾ മുതൽ 50 ലക്ഷത്തോളം വിലയുള്ള കാറുകൾ വരെ കേരളത്തിൽ വിറ്റുപോകുന്നുണ്ട്. മെഴ്‌സിഡീസ് ബെൻസും ഓഡിയും ജാഗ്വാറുമാണ് മലയാളികളുടെ ഇഷ്ട ആഡംബര കാറുകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഒരു വർഷം മാത്രം 800 ബെൻസ് കാറുകൾ കേരളത്തിൽ വിറ്റുപോകുന്നുണ്ട്. താരതമ്യേന കൈയ്ക്ക് ഒതുങ്ങുന്ന സെമി ആഡംബര വാഹനങ്ങളോടാണ് മലയാളികൾക്ക് പ്രിയം. ബിഎംഡബ്‌ള്യു, ഔഡി, വോൾവോ, പോർഷെ, ജാഗ്വാർ, ലാൻഡ്‌റോവർ തുടങ്ങിയ കാറുകൾക്കാണ് ആവശ്യക്കാർ ഏറെയും. പ്രവാസി പണത്തിന്റെ ഒഴുക്കു തന്നെയാണ് ആഡംബര കാർ വിപണിയിൽ കേരളത്തിന്റെ കുതിപ്പിന് കാരണവും.

അരക്കോടി രൂപ ശരാശരി വിലയുള്ള കാറുകൾ മാസം 150 എണ്ണമെങ്കിലും വിൽക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം പ്രതിമാസം 75 കോടിയുടെ വിറ്റുവരവാണിത്. 28 ലക്ഷം മുതൽ മൂന്നു കോടി വരെ വിലയുള്ള ആഡംബരകാറുകൾക്കും ആവശ്യക്കാർ ഏറെയാണ്. നികുതി ഇനത്തിൽ തന്നെ കോടികൾ ഇങ്ങനെ സർക്കാറിന്റെ പോക്കറ്റിലും എത്തുന്നുണ്ട്. 20നും അമ്പതിനും ഇടയ്ക്ക് വിലയുള്ള കാറുകളാണ് ഏറ്റവും അധികം വിറ്റുപോകുന്നത്. ഇത്തരം കാറുകളുടെ വിൽപ്പന മാത്രം 500 കോടി കവിയും. വാഹന നികുതിയും ഇൻഷുറൻസ് തുകയും ഇത്തരം കാറുകൾക്ക് ശരാശരി 10 ലക്ഷം രൂപ വരും. എല്ലാം കൂടി ചേർത്താൽ പ്രതിവർഷം ആയിരം കോടിയുടേതാണ് കേരളത്തിലെ ആഡംബര വിപണി.

മെട്രോ നഗരമായ കൊച്ചിയിൽ തന്നെയാണ് ഏറ്റവും അധികം ആഡംബര കാറുകൾ വിറ്റുപോയിട്ടുള്ളത്. പ്രവാസികളും ഉദ്യോഗസ്ഥരും കൂടുതലുള്ള ജില്ലകളും ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്നു. ആഡംബര കാറളുടെ കാർ വിൽപ്പനയുടെ കാര്യത്തിൽ രണ്ടാം സ്ഥാനം കോഴിക്കോടിനും മൂന്നും നാലും സ്ഥാനങ്ങൾ തിരുവനന്തപുരം, തൃശൂർ ജില്ലകൾക്കുമാണ്. കോഴിക്കോടാണ് വിൽപ്പനയെങ്കിലും മലപ്പുറത്തുകാരാണ് ആഡംബര കാറുകൾ സ്വന്തമാക്കുന്നവരിിൽ ഏറെയും. യുവാക്കൾ തന്നെയാണ് ആഡംബര കാറുകൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് മുന്നിലുള്ളത്. മെഡിക്കൽ, ഐടി രംഗങ്ങളിലെ പ്രമുഖരും ആഡംബരകാർ പ്രിയരാണ്.

സ്പോർട്സ് വിഭാഗത്തിൽപ്പെട്ട പോർഷെ ഉൾപ്പെടെ ആഡംബര കാറുകൾ വാങ്ങുന്നവരിൽ 30 ശതമാനം എങ്കിലും 40 വയസിൽ താഴെയുള്ള യുവാക്കളാണ്. എന്നാൽ, വനിതകൾ ആഡംബരകാർ വാങ്ങുന്നവരിൽ 5 ശതമാനം മാത്രമേ. ആഡംബര കാർ വിൽപ്പനയിൽ ഭൂരിപക്ഷവും ഡീസൽ മോഡലുകൾക്കാണ്. മെഴ്‌സിഡീസ് ബെൻസ് തന്നെയാണ് വിൽപ്പനയിൽ മുന്നിൽ. വർഷം 800 കാറുകൾ വിൽക്കുന്നുണ്ട്. മാസം 65 കാറുകൾ. കൊച്ചിയിൽ മാത്രം ശരാശരി 15 കാർ വിൽക്കുമെങ്കിൽ രണ്ടാം സ്ഥാനത്ത് 10-12 കാറുകളുമായി തൃശൂരാണ്. മെഴ്‌സിഡീസ് എസ്‌യുവികളുടെ വിൽപ്പനയും കൂടുകയാണ്. ശരാശരി 200 എണ്ണം എസ്‌യുവികളായിരിക്കും. വർഷം 800 കാർ വിൽക്കുമ്പോൾ ശരാശരി 50 ലക്ഷം വില കണക്കാക്കിയാൽ 400 കോടി. ഇൻഷുറൻസും വാഹനനികുതിയും ചേർത്താൽ മറ്റൊരു 80 കോടി കൂടി ഓൺ ദ് റോഡ് വിലയിൽ കയറും.

രണ്ടാം സ്ഥാനത്ത് ഔഡി കാറുകളാണ്. മാസം ശരാശരി 45 എണ്ണം. ജാഗ്വാർ കാറുകൾ കഴിഞ്ഞ വർഷം 52 എണ്ണവും ലാൻഡ് റോവറുകൾ 80 എണ്ണവും വിറ്റിട്ടുണ്ട്. ആകെ 132. ശരാശരി വില 60 ലക്ഷം കണക്കാക്കിയാൽ 80 കോടിയുടെ വിൽപ്പന. മൂന്നു കോടി വിലയുള്ള റേഞ്ച് റോവർ വോഗ് കാറുകളും കഴിഞ്ഞ വർഷം മൂന്നെണ്ണം വിറ്റിട്ടുണ്ട്. അടുത്തിടെ ബെൻസ് കമ്പനിയുടെ അധികൃതർ തന്ന കേരളമാണ് തങ്ങളുടെ മികച്ച മാർക്കറ്റുകളിൽ ഒന്നെന്ന് വ്യക്തമാക്കിയിരുന്നു. എന്തായാലും മലയാളികളുടെ കാറുകളോടുള്ള ഭ്രമം അടുത്തകാലത്തൊന്നും കുറയുന്ന ലക്ഷണമില്ല.