കോട്ടയം: ഗവേഷക വിദ്യാർത്ഥി ദീപയുടെ ആരോപണത്തിന്റെയും സമരത്തിന്റെയും പശ്ചാത്തലത്തിൽ എം.ജി സർവകലാശാല നാനോ സയൻസ് മേധാവി നന്ദകുമാർ കളരിക്കലിനെ നീക്കി. പകരം ചുമതല എം.ജി സർവകലാശാല വൈസ് ചാൻസിലർ സാബു തോമസ് ഏറ്റെടുത്തു. ഇന്ന് നടന്ന എം.ജി സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന് ശേഷമാണ് നിർണായ തീരുമാനമുണ്ടായത്. അതേസമയം പുറത്താക്കിയതായുള്ള ഉ ഉത്തരവ് ലഭിക്കും വരെ സമരം തുടരുമെന്ന് ദീപ അറിയിച്ചു.

നേരത്തെ എം.ജി സർവകലാശാലക്ക് മുന്നിൽ നിരാഹാരസമരം നടത്തുന്ന ദീപക്ക് നീതിയുറപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞിരുന്നു. എന്നാൽ, അദ്ധ്യാപകനെ പുറത്താക്കിയുള്ള ഉത്തരവ് ലഭിക്കുന്നത് വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്നായിരുന്നു ദീപയുടെ മറുപടി.

പി.എച്ച്.ഡി ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദലിത് വിദ്യാർത്ഥിനി ദീപ പി നിരാഹാരം തുടങ്ങിയത്. 2012 ലാണ് ദീപ എം.ജി സർവകലാശാലയിൽ നാനോ സയൻസിൽ എം.ഫിൽ പ്രവേശനം നേടിയത്. എന്നാൽ, ലാബ് അനുവദിക്കാതെയും ആവശ്യമായ മെറ്റീരിയലുകൾ ലഭ്യമാക്കാതെയും നിലവിലെ സിൻഡിക്കേറ്റ് അംഗവും വൈസ്ചാൻസലറും തന്നെ ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കുന്നില്ലെന്നാണ് ദീപയുടെ പരാതി.

ദീപയുടെ പരാതിയിൽ രണ്ടംഗ സിൻഡിക്കേറ്റ് നടത്തിയ അന്വേഷണത്തിൽ സിൻഡിക്കേറ്റ് അംഗം കുറ്റക്കാരനെന്നു കണ്ടെത്തുകയും എസ്.സി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. പട്ടികജാതി പട്ടികഗോത്രവർഗ കമീഷൻ വിഷയം നേരിട്ട് പരിശോധിക്കുകയും ഗവേഷണം പൂർത്തീകരിക്കാൻ എല്ലാ സഹായങ്ങളും ദീപക്ക് ലഭ്യമാക്കണമെന്ന് ഉത്തരവിട്ടു. എന്നാൽ, സർവകലാശാലയിൽനിന്ന് അനുകൂല സമീപനം ഉണ്ടായിട്ടില്ലെന്ന് ദീപ ആരോപിച്ചിരുന്നു.