മലപ്പുറം: കേരള പര്യടനത്തിനിടെ മുഖ്യമന്ത്രിയുടെ പെരുമാറ്റം വേദനിപ്പിച്ചെന്ന് മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനം സെക്രട്ടറി. തന്റെ ചോ​ദ്യങ്ങൾക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്ന് ഭദ്രാസനം സെക്രട്ടറി ഫാ. തോമസ് കുര്യൻ താഴയിൽ പറഞ്ഞു. സംവരണവിഷയത്തിലും സഭാതർക്കത്തിലുമായിരുന്നു ഭദ്രാസനം സെക്രട്ടറി ഫാ. തോമസ് കുര്യൻ താഴയിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചത്. എന്നാൽ ഇതിന് വ്യക്തമായ മറുപടി മുഖ്യമന്ത്രിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായില്ല. മുഖ്യമന്ത്രി അപമാനിച്ചുവെന്ന് താൻ പറയില്ലെന്നും എന്നാൽ, മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വേദനയുണ്ടെന്നും അ​ദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരളപര്യടനപരിപാടിയിൽ നിന്ന് സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‍ലിയാർ അവസാന നിമിഷം പിന്മാറി. ലീഗ് സമ്മർദ്ദത്തെുടർന്നാണ് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. അനാരോഗ്യം കാരണമാണ് പിന്മാറ്റമെന്നാണ് മന്ത്രി കെ ടി ജലീൽ ഇതേക്കുറിച്ച് വിശദീകരിച്ചത്. രാവിലെ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത വിരുന്നിന് ക്ഷണമുണ്ടായിരുന്ന സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‍ലിയാർ അവസാനനിമിഷമാണ് എത്തില്ലെന്ന് അറിയിച്ചത്. പാതിവഴിയിൽ എത്തിയ ശേഷം അദ്ദേഹം തിരിച്ചു പോവുകയായിരുന്നു.

ആലിക്കുട്ടി മുസ്‍ലിയാരെപ്പോലെയുള്ള ഒരു മുതിർന്ന നേതാവ്, മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ വിളിച്ച് ചേർക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത് നല്ല സൂചനയല്ല നൽകൂക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. ലീഗിന്റെ സമ്മർദ്ദവും പിന്മാറ്റത്തിന് കാരണമായെന്നാണ് സൂചന. ഇന്നലെ ഉമർഫൈസി മുക്കം കോഴിക്കോട്ടെ യോഗത്തിൽ പങ്കെടുത്ത് പിന്തുണയറിയിച്ചതിൽ ലീഗിനും സമസ്തയിലെ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. ഇന്നത്തെ യോഗത്തിൽ ആലിക്കുട്ടി മുസ്ലിയാർക്ക് പകരം സംഘടനയിലെ പ്രമുഖരല്ലാത്ത ഭാരവാഹികളാണ് പിന്നീടെത്തിയത്. യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്ക് ക്ഷണമുണ്ടായിരുന്നില്ല. മലപ്പുറത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളും പദ്ധതികളും യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു.

നേരത്തേ, മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കാൻ എൻഎസ്എസ് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് എൻഎസ്എസിന്റെ കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റിനെ ക്ഷണിച്ചിരുന്നെങ്കിലും സമ്പർക്ക പരിപാടിയിൽ പങ്കെടുക്കില്ലെന്നും ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്നും എൻഎസ്എസ് അറിയിക്കുകയായിരുന്നു. സംഘടനയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല എന്ന വിശദീകരിച്ചാണ് എൻഎസ്എസ് സമ്പർക്കപരിപാടിയിൽ നിന്ന് വിട്ടുനിന്നത്. മുന്നോക്ക സംവരണം നടപ്പിലാക്കുന്നതിൽ സർക്കാർ വീഴ്‌ച്ച വരുത്തിയതായും എൻഎസ്എസ് ആരോപിക്കുന്നു. മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കാത്ത സർക്കാർ നയത്തോടും എൻഎസ്എസ് എതിർപ്പറിയിക്കുന്നുണ്ട്.