തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതം തകർത്തുകൊണ്ട് ദ്വീപിൽ സംഘപരിവാർ രാഷ്ട്രീയം നടപ്പിലാക്കാൻ ശ്രമിച്ച അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ രാജ്യമെങ്ങും ഉയർന്ന പ്രതിഷേധത്തിലും പ്രക്ഷോഭത്തിലും ജനങ്ങൾക്ക് ആവേശം നൽകിയ ഉജ്ജ്വല ശബ്ദമായിരുന്നു യുവ ചലച്ചിത്ര സംവിധായകയും സാമൂഹിക പ്രവർത്തകയുമായ ഐഷ സുൽത്താനയുടേതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ.

തന്റെ ജന്മനാട്ടിൽ വർഗ്ഗീയ വിദ്വേഷം വളർത്താനും, ദ്വീപിനെ ബഹുരാഷ്ട്ര കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനും ശ്രമിച്ച നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അഡ്‌മിനിസ്‌ട്രേറ്ററുടെ ഭ്രാന്തൻ പരീക്ഷണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ, ദ്വീപിൽ ജനിച്ചുവളർന്ന ഐഷ സുൽത്താനയെ മുന്നണിപ്പോരാളിയായി കണ്ടപ്പോൾ, രാജ്യത്താകെയുള്ള ജനാധിപത്യ മതേതരത്വ വിശ്വാസികൾക്ക് അഭിമാനം തോന്നി.

ആ ധീരയായ യുവതിക്കെതിരെ ദ്വീപിലെ പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോളിൽ ഇളവു നൽകി ദ്വീപിൽ രോഗവ്യാപനത്തിന് കാരണക്കാരനായതിനാലാണ് അഡ്‌മിനിസ്‌ട്രേറ്റർ കൊറോണ വൈറസിനെ 'ജൈവായുധ'മായി ഉപയോഗിച്ചുവെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതെന്ന് ഐഷ സുൽത്താന വിശദീകരിച്ചിട്ടുണ്ട്.

രാജ്യത്തിനെതിരായോ, കേന്ദ്ര ഗവൺമെന്റിനെതിരായോ ഒന്നും പറഞ്ഞിട്ടില്ലെന്ന് ചാനൽ ചർച്ച കേട്ടവർക്കെല്ലാമറിയാം. അഡ്‌മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ ധീരമായി പ്രതികരിച്ചാൽ അത് എങ്ങനെ രാജ്യദ്രോഹക്കുറ്റമാകുമെന്ന് മനസ്സിലാവുന്നില്ല.

അക്രമത്തിന് പ്രേരണ നൽകാതെ, ഗവൺമെന്റിനെ എത്ര കടുത്ത ഭാഷയിൽ വിമർശിച്ചാലും അതിനെ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് പത്രപ്രവർത്തകനായ വിനോദ് ദുവയുടെ കേസിൽ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ട് അധികനാളായില്ല.

വിനോദ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടം ചാർജ്ജ് ചെയ്ത എഫ്.ഐ.ആർ. സുപ്രീം കോടതി റദ്ദാക്കിയത് ദ്വീപിലെ ഫാഷിസ്റ്റ് ഭരണാധികാരി ഓർമ്മിക്കുന്നത് നന്നായിരിക്കും.

തനിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള കേസ് കള്ളക്കേസാണെന്നും, അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐഷ സുൽത്താന പറഞ്ഞത് ഇന്ന് മാധ്യമങ്ങളിൽ വായിച്ചു. എഫ്.ഐ.ആർ.റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞിട്ടുണ്ട്.

ഈ വാർത്ത വായിച്ചപ്പോൾ ഞാൻ എന്റെ ഉത്തമ സുഹൃത്തും, ലോയേഴ്‌സ് കോൺഗ്രസ്സിന്റെ പ്രസിഡന്റും, മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും, ഹൈക്കോടതിയിലെ പ്രഗല്ഭനായ അഭിഭാഷകനുമായ അഡ്വ. ആസഫലിയുമായി ഈ കേസിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ഈ കേസിലെ എഫ്.ഐ.ആർ. വായിച്ചശേഷം എന്നോടു പറഞ്ഞത്; 'ഇത് കള്ളക്കേസാണെന്നും, നിലനിൽക്കില്ലെന്നു'മാണ്.

സംഘപരിവാറിനെതിരെയും അവരുടെ അജണ്ട നടപ്പാക്കുന്ന ലക്ഷദ്വീപിലെ ജനദ്രോഹിയായ അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെയും ഐഷ സുൽത്താന നടത്തുന്ന ധീരമായ പോരാട്ടത്തിന് എന്റെ ധാർമ്മിക പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.

നിർഭയയായ യുവ സഹോദരിയുടെ നിയമ പോരാട്ടത്തിന്, ഒരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ എന്തു നിയമ സഹായവും നൽകാൻ സന്നദ്ധനാണെന്ന് അവരെ ഇതിലൂടെ അറിയിക്കാനുമാഗ്രഹിക്കുന്നെന്നും എം എം.ഹസൻ പറഞ്ഞു.