മാഹി: 'ഡൽഹിയിൽ ജോലി ചെയ്യുന്ന കാലത്ത് 12 വീടുകൾ മാറിയിട്ടുണ്ട്. അതൊന്നും ആയാസകരമായിരുന്നില്ല. എന്നാൽ, മാഹി ഭാരതിയാർ റോഡിലെ വീട്ടിൽനിന്നു മാറുമ്പോൾ പറിച്ചുകൊണ്ടു പോകാനാകാത്തതു പലതുമുണ്ട് തനിക്ക്. ഒരുപാട് നാൾ ആലോചിച്ചെടുത്ത തീരുമാനം ആണെങ്കിലും ഇപ്പോൾ അത് കഠിനമായി തോന്നുന്നു' എം മുകുന്ദൻ പറഞ്ഞു തുടങ്ങുന്നു. വീടിനോട് ചേർന്നും വീട്ടു പരിസരത്തുമായി വാഹനാപകടങ്ങൾ തൂടർക്കഥയാകുന്നതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇദ്ദേഹത്തെ എത്തിച്ചത്.ദാസനെയും വെള്ളിയാങ്കല്ലിനെയും തനിച്ചാക്കി മയ്യഴിയുടെ കഥാകാരൻ വീട് മാറുമ്പോൾ ഒറ്റയ്ക്കാകുന്നത് ചരിത്രമുറങ്ങുന്ന ഒരു വീട് കൂടിയാണ്.ഈ വീട്ടിലെ മേശമേലാണ് നൃത്തം ചെയ്യുന്ന കുടകളും' 'കുട നന്നാക്കുന്ന ചോയി'യുമൊക്കെ അക്ഷരരൂപം പ്രാപിച്ചത്.എംടിയും അടൂർ ഗോപാലകൃഷ്ണനും പുനത്തിൽ കുഞ്ഞബ്ദുള്ളയും മുതൽ പുലിറ്റ്‌സർ പുരസ്‌കാര ജേതാവായ ഫൊട്ടോഗ്രഫർ നിക് ഉട്ട് വരെ അതിഥികളായെത്തിയതും ഈ വീട്ടിലാണ്. ആത്രമേൽ ആത്മബന്ധമുണ്ട് എം മുകുന്ദന് ഈ വീടുമായി.

മയ്യഴിപ്പുഴ നന്നായൊന്ന് ഓളം വെട്ടിയാൽ ഭാരതിയാർ റോഡിലെ മണിയമ്പത്ത് വീട്ടിൽ കേൾക്കാം. ഇവിടെ തറവാടിനു സമീപം വീടു നിർമ്മിച്ചിട്ടു കാൽനൂറ്റാണ്ടായെങ്കിലും ഡൽഹി ജീവിതം കഴിഞ്ഞെത്തി 15 വർഷം മുൻപാണ് സ്ഥിരതാമസമാക്കിയത്.മലയാളസാഹിത്യത്തിൽ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എഴുത്തുകാ
രനാണ് എം.മുകുന്ദൻ. സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.1961-ലാണ് എം.മുകുന്ദന്റെ ആദ്യസാഹിത്യസൃഷ്ടിയായ ചെറുകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് നിരവധി നോവലുകളും ചെറുകഥകളും എഴുതി. ജോലിയുടെ ഭാഗമായി മുകുന്ദന്റെ ജീവിതം പിൽക്കാലത്ത് ഡൽഹിയിലേക്കു പറിച്ചുനടപ്പെട്ടു. മയ്യഴിയുടെ തീരവും കഥാപാത്രങ്ങളും മനസ്സിലുണ്ടായതുകൊണ്ടാണ് ഡൽഹിയിലിരുന്ന് 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എഴുതിയത്.മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഡൽഹി ജീവിതവും മുകുന്ദന്റെ തൂലികയിൽ സാഹിത്യസൃഷ്ടികളായി. മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

മയ്യഴിയിലെ വീട് വിട്ടൊഴിയാൻ മുകുന്ദനെ പ്രേരിപ്പിച്ചത് തുടർച്ചയായുണ്ടായ വാഹന അപകടങ്ങളാണ്.സെമിത്തേരി റോഡിനും ഭാരതിയാർ റോഡിനും ഇടയിലെ വളവിലാണ് മുകന്ദന്റെ വീട്. മാഹി പള്ളി പെരുന്നാൾ തുടങ്ങിയാൽ മൂന്നാഴ്ചക്കാലം ഇതു വഴിയാണ് എല്ലാ വാഹനങ്ങളും കടന്നു പോകുന്നത്. എട്ട് തവണ വീടിന്റെ മതിലിൽ വലിയ വാഹനങ്ങളിടിച്ചു. ഒരു തവണ വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറ് തകർന്നു.മറ്റൊരിക്കൽ തനിക്ക് തന്നെ പരിക്കേൽക്കുകയും ചെയ്തു. ഡൽഹിയിലും ഫ്രാൻസിലും അമേരിക്കയിലുമൊക്കെയായിരുന്നപ്പോൾ അടച്ചിട്ട വീട്ടിൽ മോഷണവും പതിവായി.ഇതൊക്കെ കൊണ്ടാണ് തന്റെ പ്രിയപ്പെട്ടതൊക്കെയും ഇവിടെ ഉപേക്ഷിക്കാൻ എം മുകുന്ദൻ നിർബന്ധിതനാകുന്നത്.മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ, ആവിലായിലെ സൂര്യോദയം, ഡൽഹി, ഹരിദ്വാറിൽ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടിൽ, ആദിത്യനും രാധയും മറ്റുചിലരും, ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോൾ, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, കേശവന്റെ വിലാപങ്ങൾ, കുട നന്നാക്കുന്ന ചോയി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, നൃത്തം ചെയ്യുന്ന കുടകൾ, നൃത്തം, പ്രവാസം, ഡൽഹി ഗാഥകൾ തുടങ്ങിയവയാണ് എം.മുകുന്ദന്റെ പ്രധാന കൃതികൾ.


കണ്ട് വളർന്ന, കളിച്ചുല്ലസിച്ചു നടന്ന, സ്വപ്നങ്ങൾക്ക് നിറം പകർന്ന മയ്യഴിപ്പുഴയുടെ തീരത്തുള്ള വീട്ടിൽ നിന്നും ഈ മാസം പത്തിനാണ് എം.മുകുന്ദൻ പള്ളൂരിലേക്ക് താമസം മാറ്റുന്നത്. പഴയ വീടിനുള്ള 'മണിയമ്പത്ത്' എന്ന പേര് തന്നെയാണ് പുതിയ വീടിനും നൽകിയിട്ടുള്ളത്.നിലവിലെ വീട്ടിൽ നിന്നും 4 കിലോമീറ്റർ അപ്പുറത്താണ് പുതിയ വീട്.കോവിഡ് കാലത്തിനു മുൻപു വരെ മയ്യഴിയുടെ തീരത്തൊരു സായാഹ്ന നടപ്പും ഇരിപ്പും പതിവായിരുന്നു. മാറുമ്പോൾ അതുണ്ടാകില്ല. കുട്ടിക്കാലം മുതൽ കാണുന്ന മയ്യഴിപ്പുഴ, മാഹിപ്പള്ളി, ഭാരതിയാർ റോഡ് എന്നിവ പള്ളൂരിലേക്കുള്ള യാത്രയിൽ ഇവ മനസ്സിന്റെ തോൾസഞ്ചിയിലുണ്ടാകും.സാധനങ്ങളെല്ലാം മാറ്റി. എഴുത്തച്ഛൻ, വയലാർ പുരസ്‌കാര ശിൽപങ്ങൾ ബാക്കിയുണ്ട്, ഒപ്പമിറങ്ങാം എന്നു കരുതി മാറ്റിവച്ചതാണ്' അദ്ദേഹം പറഞ്ഞു നിർത്തുന്നു.പള്ളൂരിലേക്ക് താമസം മാറിയാലും മാഹിയിലെയും പൊതുസാംസ്‌കാരികരംഗങ്ങളിൽ സജീവമാകാൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.