ന്യുഡൽഹി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാൻ തീരുമാനം. 2025-26 സാമ്പത്തിക വർഷം വരെ തുടരാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളിൽ രണ്ടു കോടി രൂപ അനുവദിക്കും. ഒറ്റ തവണയായി മുഴുവൻ തുകയും നൽകും. 2022-23 മുതൽ 2025-26 വരെ ഓരോ വർഷവും അഞ്ചു കോടി രൂപ വീതം അനുവദിക്കും. രണ്ട് തവണകളായി ഈ തുക മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പ്രതിവർഷം 5 കോടി രൂപ വീതം എംപി ഫണ്ട് ആയി നൽകി വന്നിരുന്നത് കോവിഡ് പ്രതിന്ധിയെത്തുടർന്നാണ് കേന്ദ്രസർക്കാർ മരവിപ്പിച്ചത്. 2019ൽ പുതിയ ലോക്സഭ നിലവിൽ വന്നിട്ട് ആദ്യ വർഷമായ 2019-20ൽ ഒഴികെ ഇതുവരെ എംപി ഫണ്ട് ഇനത്തിൽ പണം നൽകിയിട്ടില്ല.